അതിതീവ്ര മഴ; കോഴിക്കോടും വയനാടും ഗതാഗത തടസ്സം, താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രയ്ക്കും നിയന്ത്രണം

MTV News 0
Share:

കോഴിക്കോട് ജില്ലയിലെ മലയോരമേഖലകളിൽ ഉൾപ്പെടെ അതിതീവ്ര മഴ തുടരുന്നു.കോടഞ്ചേരി പഞ്ചായത്തിലെ പ്രധാന പുഴകളായ ചാലിപ്പുഴയിലും ഇരുവഴഞ്ഞിപ്പുഴയിലും ജലനിരപ്പ് ആശങ്കയുയർത്തി ഉയരുകയാണ്. ചാലിപ്പുഴ കവിഞ്ഞൊഴുകിയതോടെ ചെമ്പുകടവിലെ പഴയ പാലത്തിനു മുകളിൽ വെള്ളം കയറി. മേഖലയിൽ മഴ ശക്തമായി തുടരുന്നതിനാൽ പുഴയോരങ്ങളിൽ താമസിക്കുന്നവരും യാത്രക്കാരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. കൂരാച്ചുണ്ട്, ചക്കിട്ടപാറ, കട്ടിപ്പാറ മേഖലകളിലും മഴ ശക്തമാണ്. കക്കയം ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിലും ആശങ്ക ഉയർത്തി മഴ തുടരുകയാണ്. നഗരമേഖലകളിലെ റോഡുകളിൽ വലിയ വെളളക്കെട്ടാണുള്ളത്.ശക്തമായ മഴയെ തുടർന്ന് കോഴിക്കോട്-വയനാട് ദേശീയപാതയിൽ ഈങ്ങാപ്പുഴ ഭാഗത്തെ ഗതാഗതം പൂർണമായും നിലച്ചു. പ്രദേശത്ത് മഴ തുടരുന്നതിനാൽ ജലനിരപ്പ് ഉയരുകയും റോഡിലൂടെ സുരക്ഷിതമായി യാത്ര ചെയ്യാനാകാത്ത സാഹചര്യവുമാണ്. അതിനാൽ ഈ ഭാഗത്തേക്കുള്ള യാത്രകൾ അതീവ ജാഗ്രതയോടേയോ പരമാവധി ഒഴിവാക്കിയോ ക്രമീകരിക്കണമെന്ന് അധികൃതർ അറിയിച്ചു.വയനാട് ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കൈതപ്പൊയിൽ-നോളജ് സിറ്റി-കോടഞ്ചേരി വഴിയാണ് നിലവിൽ തിരിച്ചുവിടുന്നത്. അതേസമയം, കോഴിക്കോട് ഭാഗത്ത് നിന്ന് വയനാട്ടിലേക്ക് പോകുന്ന വാഹനങ്ങൾ താമരശ്ശേരി-കൂടത്തായി-മൈക്കാവ്-കോടഞ്ചേരി വഴിയുള്ള ബദൽ പാത ഉപയോഗിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.പുതുപ്പാടി, ഈങ്ങാപ്പുഴ പ്രദേശങ്ങളിൽ വ്യാപക വെള്ളക്കെട്ടും ഗതാഗത തടസ്സവുമാണ് നേരിടുന്നത്. ഈങ്ങാപ്പുഴ ടൗണിലും പയോണയിലും വെള്ളം കയറി ജനജീവിതം ദുസ്സഹമായിട്ടുണ്ട്. മട്ടിക്കുന്ന് ഭാഗത്ത് ചെറിയ രീതിയിൽ മണ്ണിടിച്ചിൽ ഉണ്ടായതായും വിവരമുണ്ട്. വള്ളിയാട്-മണൽവയൽ റൂട്ടിൽ പുഴ കരകവിഞ്ഞൊഴുകുന്നതിനെ തുടർന്ന് ഈ വഴിയിലുള്ള ഗതാഗതം പൂർണമായി തടസ്സപ്പെട്ടു.ശക്തമായ മഴയെ തുടർന്ന് മുൻകരുതൽ നടപടികളുടെ ഭാഗമായി പുതുപ്പാടി ഗ്രാമപഞ്ചായത്തിൽ താൽക്കാലിക ദുരിതാശ്വാസ ക്യാമ്പുകളും പ്രവർത്തനം ആരംഭിച്ചു. ചെമ്മരംപറ്റ, മയിലള്ളംപാറ, കൈതപ്പൊയിൽ ബഡ്സ് സ്കൂൾ എന്നിവിടങ്ങളിലാണ് നിലവിൽ ക്യാമ്പുകൾ തുറന്നിരിക്കുന്നത്. ആവശ്യമെങ്കിൽ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ ഉടൻ ആരംഭിക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ടെന്ന് പുതുപ്പാടി ഗ്രാമപഞ്ചായത്ത് അറിയിച്ചു.താമരശ്ശേരി ചുരത്തിലും പരിസര പ്രദേശങ്ങളിലും ശക്തമായ മഴ പെയ്യുന്നതിനാൽ താഴ്വരയിലേക്കും റോഡിലേക്കും കല്ലുകളും മരങ്ങളും പതിക്കാൻ വലിയ സാധ്യതയുണ്ട്. അപകടസാധ്യത കണക്കിലെടുത്ത് ചുരത്തിലെ അനാവശ്യ പാർക്കിങ്ങുകൾ ഡ്രൈവർമാർ പൂർണമായും ഒഴിവാക്കണമെന്ന് അധികൃതരും സന്നദ്ധ പ്രവർത്തകരും അഭ്യർഥിച്ചു.

Share:
കോഴിക്കോട് ജില്ലയിലെ മലയോരമേഖലകളിൽ ഉൾപ്പെടെ അതിതീവ്ര മഴ തുടരുന്നു.കോടഞ്ചേരി പഞ്ചായത്തിലെ പ്രധാന പുഴകളായ ചാലിപ്പുഴയിലും ഇരുവഴഞ്ഞിപ്പുഴയിലും ജലനിരപ്പ് ആശങ്കയുയർത്തി ഉയരുകയാണ്. ചാലിപ്പുഴ കവിഞ്ഞൊഴുകിയതോടെ ചെമ്പുകടവിലെ പഴയ പാലത്തിനു മുകളിൽ വെള്ളം കയറി. മേഖലയിൽ മഴ ശക്തമായി തുടരുന്നതിനാൽ പുഴയോരങ്ങളിൽ താമസിക്കുന്നവരും യാത്രക്കാരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. കൂരാച്ചുണ്ട്, ചക്കിട്ടപാറ, കട്ടിപ്പാറ മേഖലകളിലും മഴ ശക്തമാണ്. കക്കയം ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിലും ആശങ്ക ഉയർത്തി മഴ തുടരുകയാണ്. നഗരമേഖലകളിലെ റോഡുകളിൽ വലിയ വെളളക്കെട്ടാണുള്ളത്.ശക്തമായ മഴയെ തുടർന്ന് കോഴിക്കോട്-വയനാട് ദേശീയപാതയിൽ...അതിതീവ്ര മഴ; കോഴിക്കോടും വയനാടും ഗതാഗത തടസ്സം, താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രയ്ക്കും നിയന്ത്രണം