ഡീസല്‍, എടിഎഫ് കയറ്റുമതിക്ക് വിന്‍ഡ്ഫാള്‍ നികുതി വര്‍ധിപ്പിച്ചു; പെട്രോളിന് കുറവ്

MTV News 0
Share:

ഡീസല്‍, ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവല്‍ (ATF) കയറ്റുമതിക്കുള്ള വിന്‍ഡ്ഫാള്‍ നികുതി വര്‍ധിപ്പിക്കുകയും പെട്രോള്‍ കയറ്റുമതിക്കുള്ള നികുതി കുറയ്ക്കുകയും ചെയ്ത് കേന്ദ്രസര്‍ക്കാര്‍. പുതിയ നിരക്കുകള്‍ ജൂലൈ 16 മുതല്‍ പ്രാബല്യത്തില്‍ വന്നു.ധനമന്ത്രാലയത്തിന്റെ വിജ്ഞാപനമനുസരിച്ച്, പെട്രോള്‍ കയറ്റുമതിക്കുള്ള നികുതി ലിറ്ററിന് 4രൂപയില്‍ നിന്ന് 2.50 രൂപ ആയി കുറച്ചു. അതേസമയം, ഡീസല്‍ കയറ്റുമതിക്കുള്ള നികുതി ലിറ്ററിന് 8.50 രൂപയില്‍ നിന്ന് 15.50 രൂപ ആയും, എടിഎഫ് കയറ്റുമതിക്കുള്ള നികുതി 7.50 രൂപയില്‍ നിന്ന് 14.50 രൂപയായും ഉയര്‍ത്തി. ആഗോള എണ്ണവിപണിയിലെ അനിശ്ചിതത്വം വര്‍ധിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം. കേന്ദ്ര സര്‍ക്കാര്‍ പതിനഞ്ച് ദിവസത്തിലൊരിക്കല്‍ നടക്കുന്ന അവലോകനത്തില്‍ നികുതിയില്‍ മാറ്റം വരുത്താറുണ്ട്.അമേരിക്ക ഇറാനെതിരായ നാവിക ഉപരോധം വീണ്ടും നടപ്പാക്കിയതോടെ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണവിതരണത്തെക്കുറിച്ചുള്ള ആശങ്ക ഉയര്‍ന്നു. ഇതിനെ തുടര്‍ന്ന് ബ്രെന്റ് ക്രൂഡ് വില ബാരലിന് 84.73 ഡോളര്‍ വരെ ഉയര്‍ന്നു. ആഗോള എണ്ണഗതാഗതത്തിന്റെ ഏകദേശം 20 ശതമാനവും ഈ കടലിടുക്കിലൂടെയാണ് നടക്കുന്നത്.റഷ്യയില്‍ നിന്നുള്ള ഡീസല്‍ കയറ്റുമതി കുറഞ്ഞതും മറ്റ് വിതരണ തടസ്സങ്ങളും കാരണം ഡീസലിന്റെ റിഫൈനിംഗ് മാര്‍ജിന്‍ ഉയര്‍ന്നതും ഇന്ധനവിപണിയില്‍ സമ്മര്‍ദ്ദം വര്‍ധിപ്പിച്ചു.