ഗൾഫിൽ സംഘർഷഭീതിക്ക് അയവില്ല; വ്യോമഗതാഗതം തടസ്സപ്പെട്ടു, സർവീസുകൾ പുനഃക്രമീകരിച്ച് കുവൈത്ത് എയർവേസ്, ബഹ്റൈനിലും അപായ സൈറണുകൾ

MTV News 0
Share:

പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്നതിനെ തുടർന്ന് ഗൾഫ് മേഖലയിൽ അതീവ ജാഗ്രത. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചതിനെ തുടർന്ന് കുവൈത്ത് എയർവേസ് തങ്ങളുടെ ഭൂരിഭാഗം സർവീസുകളും പുനഃക്രമീകരിച്ചു. ഈ സാഹചര്യത്തിൽ യാത്രക്കാർ തങ്ങളുടെ ബുക്കിംഗിനൊപ്പം രജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺ നമ്പറുകളിലേക്ക് വരുന്ന അറിയിപ്പുകളും സന്ദേശങ്ങളും ശ്രദ്ധിക്കണമെന്നും കൃത്യമായ അപ്ഡേറ്റുകൾ മനസ്സിലാക്കണമെന്നും വിമാനക്കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. മേഖലയിൽ തുടരുന്ന മിസൈൽ-ഡ്രോൺ ആക്രമണ ഭീഷണികൾക്കിടയിലാണ് ഈ അടിയന്തര നടപടി.കുവൈത്തിന് നേരെ തുടർച്ചയായുണ്ടാകുന്ന മിസൈൽ, ഡ്രോൺ ഭീഷണികളുടെ പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി വീണ്ടും അപായ സൈറണുകൾ മുഴങ്ങി. നാലാം തവണയാണ് കുവൈത്തിൽ ഇത്തരത്തിൽ സൈറൺ മുഴങ്ങുന്നതെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ കുവൈത്ത് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഇടവിട്ടിടവിട്ട് ഉണ്ടാകുന്ന ഭീഷണികളെ പ്രതിരോധിക്കാൻ രാജ്യം സജ്ജമാണെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം ഏതാനും ദിവസങ്ങൾക്ക് മുമ്പ് കുവൈത്ത് നാവികസേനയുടെ ഒരു കപ്പൽ ആക്രമണത്തിന് ഇരയായതിനെ തുടർന്ന് സായുധസേനയിലെ നാല് സൈനികർക്ക് പരിക്കേറ്റിരുന്നു. ഇവർക്ക് ആവശ്യമായ ചികിത്സ നൽകിയിട്ടുണ്ടെന്നും എല്ലാവരുടെയും ആരോഗ്യനില തൃപ്തികരവും സ്ഥിരതയുള്ളതുമാണെന്നും അധികൃതർ അറിയിച്ചു.