സഹസ്ര’യ്ക്ക് പിന്നാലെ ‘സഹസ്രിക’; അമ്മത്തൊട്ടിലിൽ ആയിരത്തി ഒന്നാമത്തെ കുരുന്ന്

MTV News 0
Share:

കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തെ അമ്മത്തൊട്ടിലിൽ ഒരു കുഞ്ഞു കൂടി എത്തി. ഇതോടെ സംസ്ഥാനത്ത് ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിൽ പ്രവർത്തിക്കുന്ന അമ്മത്തൊട്ടിലുകളിൽ എത്തിയ കുഞ്ഞുങ്ങളുടെ എണ്ണം 1001 ആയി.2002 ൽ തിരുവനന്തപുരത്ത് തുടങ്ങിയ അമ്മത്തൊട്ടിലിൽ ചൊവ്വാഴ്ച പുലർച്ചെ ആയിരം കുട്ടികളുടെ എണ്ണം തികച്ച് ‘സഹസ്ര’ എന്ന കുഞ്ഞ് എത്തിയതിനു പിന്നാലെയാണ് കോഴിക്കോട്ട് ഈ ആഴ്ച തന്നെ പുതിയ അതിഥിയെത്തിയത്. കഴിഞ്ഞ ഓഗസ്റ്റിൽ പ്രവർത്തനം തുടങ്ങിയ കോഴിക്കോട്ടെ അമ്മത്തൊട്ടിലിൽ എത്തുന്ന പതിനൊന്നാമത്തെ കുഞ്ഞാണിത്. ശനിയാഴ്ച ഉച്ചയ്ക്ക് 1.30 ന് രണ്ട് മാസം പ്രായവും 4.200 കി.ഗ്രാം ഭാരവുമുള്ള കുരുന്നിനെ അമ്മത്തൊട്ടിലിൽ കണ്ടെത്തുകയായിരുന്നു.ആയിരം തികച്ച കുഞ്ഞായ ‘സഹസ്ര’ യുടെ പിൻഗാമിക്ക് ‘സഹസ്രിക’ എന്നു പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപി അറിയിച്ചു. ഈ വർഷം അമ്മത്തൊട്ടിലുകളിൽ എത്തുന്ന പതിമൂന്നാമത്തെ കുഞ്ഞും ആറാമത്തെ പെൺകുഞ്ഞുമാണ് ‘സഹസ്രിക’. കഴിഞ്ഞ ജൂൺ നാലിന് ‘ഹരിതാംശ്’ എന്നു പിന്നീട് പേരിട്ട ആൺകുഞ്ഞിനെ ഇവിടെ ലഭിച്ചിരുന്നു.കുഞ്ഞ് അമ്മത്തൊട്ടിലിലെത്തിയ ഉടൻ തൊട്ടിലിനോട് ചേർന്നുള്ള ബീച്ച് ആശുപത്രി നഴ്സിങ് സ്റ്റേഷനിൽ അലാം മുഴങ്ങി. നിമിഷങ്ങൾക്കുള്ളിൽ നഴ്സിങ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കുഞ്ഞിനെ ഏറ്റെടുത്ത് ഇന്റൻസീവ് കെയർ യൂണിറ്റിലേക്ക് മാറ്റി. ഡോക്ടർമാരുടെ പ്രാഥമിക പരിശോധനയിൽ പൂർണ ആരോഗ്യവതിയാണ് കുഞ്ഞെന്ന് കണ്ടെത്തി. കുഞ്ഞിനെ സന്ദർശിക്കാൻ ശിശുക്ഷേമ സമിതി ജോയിന്റ് സെക്രട്ടറി മീര ദർശക്, കോഴിക്കോട് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ശ്രീദേവ് പറമ്പിൽ എന്നിവർ ബീച്ച് ആശുപത്രിയിലെത്തി ആരോഗ്യസ്ഥിതി വിലയിരുത്തി. തൊട്ടുമുൻപ് തിരുവനന്തപുരത്തെ അമ്മത്തൊട്ടിലിൽ ലഭിച്ച ‘സഹസ്രിക’യുടെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കുന്നതിനാൽ അവകാശികൾ ആരെങ്കിലും ഉണ്ടെങ്കിൽ ഉടൻ തന്നെ സംസ്ഥാന ശിശുക്ഷേമ സമിതി അധികൃതരുമായി ബന്ധപ്പെടണമെന്ന് ജി.എൽ. അരുൺ ഗോപി അറിയിച്ചു.