
വിദ്യാർഥിനികളെ ലഹരി നൽകി ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കും; സ്വയം ‘റോളക്സായി’ ചമഞ്ഞ സാഗേഷ് പിടിയിൽ
കോഴിക്കോട് ജില്ല കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന അന്തർ സംസ്ഥാന ലഹരി ശൃംഖലയിലെ പ്രധാന കണ്ണിയും 17 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയുമായ എരഞ്ഞിക്കൽ തടങ്ങാട്ടുവയൽ സാഗേഷ് കുമ്പാളിയെ (31) സാഹസിക നീക്കത്തിലൂടെ എലത്തൂർ പൊലീസ് പിടികൂടി. ഒന്നര മാസത്തോളമായി പൊലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞ പ്രതിയെ വയനാട് ബത്തേരിയിൽ വനമേഖലയ്ക്കു സമീപമുള്ള റിസോർട്ട് വളഞ്ഞാണ് ശനിയാഴ്ച പുലർച്ചെ രണ്ടു മണിയോടെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. എലത്തൂർ പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ആളും കാപ്പ നിയമപ്രകാരം ശിക്ഷ അനുഭവിച്ച ആളുമാണ് സാഗേഷ്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.അന്തർ സംസ്ഥാന ലഹരി ശൃംഖലയിലെ ‘റോളക്സ്’ എന്ന് അറിയപ്പെടുന്ന ഇയാൾ സോഷ്യൽ മീഡിയയിലൂടെ സ്കൂൾ വിദ്യാർഥിനികളുമായി സൗഹൃദം സ്ഥാപിക്കുകയും പിന്നീട് പ്രണയം നടിച്ച് വിവിധ ലോഡ്ജുകളിലും മറ്റും എത്തിച്ച് ലഹരി നൽകി ലൈംഗികമായി പീഡിപ്പിക്കുകയും നഗ്നദൃശ്യങ്ങൾ പകർത്തുകയും ചെയ്തതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.പതിനഞ്ചോളം കേസുകളിൽ പ്രതിയായ സാഗേഷ് കുമ്പാളി പത്തു വർഷം മുൻപ് കഞ്ചാവ് കൈവശം വച്ച കേസിൽ ജയിൽശിക്ഷ അനുഭവിച്ചിരുന്നു. ലഹരി കൈവശം വയ്ക്കൽ, ലഹരി ഉപയോഗം, വധശ്രമം തുടങ്ങിയ വിവിധ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടയാളാണ്. സോഷ്യൽ മീഡിയയിലൂടെ വിദ്യാർഥിനികളുമായി ബന്ധം സ്ഥാപിച്ച് അവരെ ലഹരിക്ക് അടിമകളാക്കിയ ശേഷം അവരെ ലഹരി ഇടപാടുകൾക്കായി ഉപയോഗിച്ചതായും മറ്റുള്ളവർക്ക് കൈമാറിയതായും അന്വേഷണത്തിൽ സൂചന ലഭിച്ചു.
© Copyright - MTV News Kerala 2021





View Comments (0)