വണ്ടി കിട്ടാതെ ആരോഗ്യവകുപ്പ്; വാഹനങ്ങൾ ഇല്ലാത്തതിനാൽ പ്രവർത്തനങ്ങൾ താളം തെറ്റുന്നു

MTV News 0
Share:

വാഹനങ്ങൾ ഇല്ലാത്തതിനാൽ കൃത്യസമയങ്ങളിൽ ഓടിയെത്താനാകാതെ ആരോഗ്യ വകുപ്പ്. വാഹനങ്ങളുടെ കുറവ് കോഴിക്കോട് ജില്ലയിൽ പൊതുജന ആരോഗ്യവുമായി ബന്ധപ്പെട്ടുള്ള വിവിധ പദ്ധതികളും ബോധവൽക്കരണ പ്രവർത്തനങ്ങളും നടപ്പാക്കുന്നതിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ജില്ലയിൽ 16 വാഹനങ്ങളാണ് ആരോഗ്യ വകുപ്പിന് ഉണ്ടായിരുന്നത്. ഇപ്പോൾ 5 വാഹനങ്ങൾ മാത്രമാണ് ഓടുന്നത്. 15 വർഷ കാലാവധി കഴിഞ്ഞതോടെ ഇതിൽ ചിലത് ലേലം വിളിച്ച് വിറ്റു. ബാക്കിയുള്ളവ കട്ടപ്പുറത്തായി. ഭൂരിഭാഗം സിഎച്ച്സികൾക്കും സ്വന്തം വാഹനം ഇല്ല. ഏതാനും വർഷങ്ങളായി ഇതാണ് അവസ്ഥയെന്ന് ഉദ്യോഗസ്ഥർ പറയുന്നു.വാഹനങ്ങൾ ഇല്ലാത്ത സിഎച്ച്സികൾ ഉൾപ്പെടെയുള്ള ആശുപത്രികളിൽ എച്ച്എംസി തീരുമാന പ്രകാരം വാഹനങ്ങൾ കരാർ എടുക്കുകയാണ് ചെയ്യുന്നത്. എംഎൽഎ, എംപി ഫണ്ടുകൾ വിനിയോഗിച്ച് ഒട്ടേറെ ആശുപത്രികളിൽ ആംബുലൻസുകൾ ലഭ്യമാക്കിയിട്ടുണ്ട്. അതുപോലെ വാഹനങ്ങൾ അനുവദിച്ചാൽ പ്രതിസന്ധി പരിഹരിക്കാനാകുമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. പുതിയ വാഹനങ്ങൾക്കായി സർക്കാരിനു കത്തയച്ചിട്ടുണ്ട്.