
തിരുവമ്പാടിയിൽ ഞായർ, നബിദിന അവധികൾ റദ്ദാക്കിയതിൽ റേഷൻ വ്യാപാരികൾ പ്രതിഷേധത്തിൽ. സിവിൽ സപ്ലൈസ് വകുപ്പ് അവധി റദ്ദാക്കി ഉത്തരവിറക്കിയതിനാൽ ഇന്നലെ റേഷൻ കടകൾ പ്രവർത്തിച്ചിരുന്നു. ചൊവ്വാഴ്ച നബിദിന അവധിയും റേഷൻ കടകൾക്കില്ല. ഓണത്തോടനുബന്ധിച്ച ഓണക്കിറ്റ് വിതരണം, ഓണം പ്രമാണിച്ച അധിക ഭക്ഷ്യ ധാന്യം വിതരണം, സ്പെഷൽ അരി വിതരണം എന്നിവ വേഗത്തിലാക്കാനാണ് രണ്ടു അവധി ദിനങ്ങൾ പ്രവൃത്തി ദിവസമാക്കാൻ റേഷൻ വ്യാപാരികൾക്ക് നിർദേശം നൽകിയത്. അതേ സമയം, രണ്ടു ദിവസത്തെ പ്രവൃത്തി ദിനങ്ങൾക്ക് പകരമായി ആഗസ്ത് 27ന് വ്യാഴാഴ്ചയും സെപ്റ്റംബർ രണ്ടിന് ബുധനാഴ്ചയും അവധി അനുവദിച്ചിട്ടുണ്ട്. റേഷൻ വ്യാപാരികൾക്ക് നബി ദിനത്തിന് പൊതു അവധി ആയിരുന്നു. എന്നാൽ, പുതിയ ഉത്തരവിൽ നിയന്ത്രിത അവധിയായി മാറ്റിയിരിക്കയാണ്. സർക്കാർ നേരത്തെ അനുവദിച്ചിരുന്ന പൊതു അവധികൾ റദ്ദാക്കിയത് ന്യായീകരിക്കാനാകില്ലെന്ന് റേഷൻ വ്യാപാരികൾ പറഞ്ഞു.
© Copyright - MTV News Kerala 2021





View Comments (0)