അൻവർ പ്രഗത്ഭനായ സ്ഥാനാർത്ഥിയെന്ന് എം കെ രാഘവൻ; ചതിച്ചു എന്ന് ബോധ്യപ്പെട്ടെന്ന് അൻവർ: ഒഴിയാതെ ബേപ്പൂർ വിവാദം

MTV News 0
Share:

ബേപ്പൂരിലെ പി വി അൻവറിൻ്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് കോൺ​ഗ്രസിൽ വാദപ്രതിവാദങ്ങൾ കടുക്കുന്നു. ബേപ്പൂരിൽ സ്ഥാനാർത്ഥി നിർണ്ണയം പാളിയെന്ന ഡിസിസി പ്രസിഡൻ്റ് കെ പ്രവീൺ കുമാറിന്റെയും മുൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ്റെയും നിലപാട് തള്ളി കോഴിക്കാട് എം പി എം കെ രാഘവൻ രം​ഗത്തെത്തി. പി വി അൻവർ പ്ര​ഗത്ഭനായ സ്ഥാനാർത്ഥി ആണെന്നായിരുന്നു എം കെ രാഘവൻ്റെ പ്രതികരണം. ബേപ്പൂരിൽ സ്ഥാനാർത്ഥി നിർണ്ണയം പാളിയിട്ടില്ലെന്നും എം കെ രാഘവൻ വ്യക്തമാക്കി.ബേപ്പൂരിലെ പരാജയം പഠിക്കാൻ അന്വേഷണ കമ്മീഷനെ നിയോ​ഗിക്കണമെന്നും എം കെ രാഘവൻ എം പി ആവശ്യപ്പെട്ടു. ബൂത്ത് അടിസ്ഥാനത്തിൽ പഠിച്ചാൽ മാത്രമേ തോൽവിയുടെ കാരണം പറയാൻ സാധിക്കൂ എന്ന് അഭിപ്രായപ്പെട്ട എം കെ രാഘവൻ ബേപ്പൂരിലെ പരാജയ കാരണം അടിയന്തിരമായി പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.ബേപ്പൂരിലേയ്ക്ക് തന്നെ സ്ഥാനാർത്ഥിയായി ക്ഷണിച്ചത് ഡിസിസി പ്രസിഡൻ്റ് കെ പ്രവീൺ കുമാറും കെപിസിസി ജനറൽ സെക്രട്ടറി ജയന്തും ആയിരുന്നുവെന്ന്  പി അൻവർ വെളിപ്പെടുത്തിയിരുന്നു. വി ഡി സതീശൻ മന്ത്രിസ്ഥാനം വാ​ഗ്ദാനം ചെയ്തതോടെയാണ് ചതിവ് പറ്റിയതെന്നും പി വി അൻവർ പറഞ്ഞു. യുഡിഎഫ് കേന്ദ്രങ്ങളിൽ വോട്ട് ചേർന്നെന്നും അത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നടപടികളെന്നും സ്വീകരിച്ചില്ലെന്നും പി വി അൻവർ പറഞ്ഞു. എവിടെയാണ് വോട്ട് ചോർന്നതെന്ന് കൃത്യമായി പരിശോധിക്കാൻ സാധിക്കുമല്ലോ ആ ഒരു പരിശോധനയിലേയ്ക്കൊന്നും ആരും പോയിട്ടില്ലെന്നും അൻവർ കുറ്റപ്പെടുത്തി. ചതിച്ചു എന്ന് ബോധ്യപ്പെട്ടത് കൊണ്ട് തന്നെയാണ് വെയിറ്റ് ആൻഡ് സീ എന്ന നിലയിൽ മൗനത്തിൽ നിൽക്കുന്നതെന്നും അൻവർ വ്യക്തമാക്കി.നേരത്തെ ബേപ്പൂർ മണ്ഡലവുമായി ബന്ധപ്പെട്ട് ഡിസിസി പ്രസിഡൻ്റ് കൊളുത്തിയ വിവാദം എം കെ രാഘവൻ കൂടി കക്ഷിചേർന്നതോടെ പുതിയ തർക്കത്തിലേയ്ക്ക് വഴിമാറുകയാണ്. യുഡിഎഫ് ജയിക്കുന്ന മുൻസിപ്പാലിറ്റികളാണ് രാമനാട്ടുകരയും ഫറോക്കും. എന്നാൽ കേലവം 140ഓളം വോട്ടിൻ്റെ ഭൂരിപക്ഷം മാത്രമാണ് രാമനാട്ടുകരയിൽ യുഡിഎഫിന് ലഭിച്ചത്. ഇടതുകോട്ടകളിൽ പോലും അൻവർ നേട്ടമുണ്ടാക്കിയപ്പോഴാണ് യുഡിഎഫ് ശക്തികേന്ദ്രങ്ങളിൽ ഈ നിലയിൽ തിരിച്ചടി സംബന്ധിച്ചു എന്നതാണ് അന്വേഷണം വേണമെന്ന എം കെ രാഘവൻ്റെയും പി വി അൻവറിൻ്റെയും ആവശ്യത്തിൻ്റെ അടിസ്ഥാനം.പേരാമ്പ്രയിൽ യുഡിഎഫ് എംഎൽഎമാർക്ക് ഒരുക്കിയ സ്വീകരണത്തിലായിരുന്നു കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാർ എംഎൽഎ ബേപ്പൂരിലെ സ്ഥാനാർഥിത്വം പിഴച്ചെന്ന് പറഞ്ഞത്. കോണി ചിഹ്നത്തിലോ കൈപ്പത്തി ചിഹ്നത്തിലോ സ്ഥാനാർഥി ഉണ്ടായിരുന്നുവെങ്കിൽ ജില്ലയിലെ മുഴുവൻ സീറ്റിലും ജയിക്കാമായിരുന്നു എന്നും പ്രവീൺ കുമാർ പറഞ്ഞിരുന്നു.സ്ഥാനാർഥി നിർണയം പിഴച്ചില്ലായിരുന്നുവെങ്കിൽ 13-ൽ 13-ഉം നമ്മൾ ജയിച്ചേനെ എന്നുള്ള സത്യം ഇപ്പോൾ തിരിച്ചറിയുന്നുണ്ട്. യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച പി വി അൻവർ 7,487 വോട്ടുകൾക്കാണ് മുൻ മന്ത്രിയും എൽഡിഎഫ് സ്ഥാനാർഥിയുമായ പി.എ മുഹമ്മദ് റിയാസിനോട് പരാജയപ്പെട്ടതെന്നും ഡിസിസി പ്രസി‍ഡൻ്റ് പറഞ്ഞിരുന്നു.ഇതിന് പിന്നാലെ പ്രവീൺ കുമാറിനെതിരെ വിമർശനവുമായി പി വി അൻവറും രം​ഗത്ത് വന്നിരുന്നു. ചേർത്ത് നിർത്തിയവർ തന്നെ പിന്നിൽ നിന്ന് കുത്തിയെന്നും ചതിച്ചെന്നുമായിരുന്നു ഫേസ്ബുക്ക് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിൽ പി വി അൻവറിൻ്റെ വിമർശനം. കോഴിക്കോട് ഡിസിസി അധ്യക്ഷൻ കെ പ്രവീൺ കുമാർ എംഎൽഎ ബേപ്പൂരിലെ തോൽവിയെ കുറിച്ച് പറഞ്ഞ വീഡിയോ കൂടി പങ്കുവെച്ചായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ‘ചതിച്ചതാര് ? ചന്തു തന്നെ. മഷിയിട്ടു നോക്കേണ്ട കാര്യമില്ല’ എന്ന് തുടങ്ങുന്ന പോസ്റ്റിൽ കോഴിക്കോട്ടെ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.പിണറായിസത്തിനെതിരെ താൻ തടത്തിയ ഒറ്റയാൾ പോരാട്ടമാണ് 102 സീറ്റിന്റെ ഉയരത്തിലേക്ക് ചവിട്ടിക്കയറാൻ യുഡിഎഫിനെ പ്രാപ്തമാക്കിയത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഒരു വാർഡിലേക്ക് മത്സരിച്ചാൽ പോലും കെട്ടിവെച്ച കാശ് തിരികെ ലഭിക്കാൻ സാധ്യതയില്ലാത്ത ബഹുഭൂരിപക്ഷം പേരും വിജയിച്ചത് ജീവൻ പണയം വെച്ച് താൻ നടത്തിയ പോരാട്ടത്തിന്റെ ഭാഗമാണ്. മലർന്നു കിടന്നു തുപ്പുന്നവർ ഈ മുന്നണിയുമായി സഹകരിക്കാൻ ഭാവിയിലും തയ്യാറായേക്കാവുന്ന സംഘടനകൾക്കും വ്യക്തികൾക്കും രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും നൽകുന്ന സന്ദേശം എന്താണ് എന്നുകൂടി വ്യക്തമാക്കേണ്ടതുണ്ട് എന്നും അൻവർ കോൺഗ്രസിനെതിരെ ഫേസ്ബുക്ക് കുറിപ്പിലൂടെ വിമർശനം ഉന്നയിച്ചത്.അൻവറിൻ്റെ വിമർശനത്തിന് പിന്നാലെ താൻ വ്യക്തിപരമായി ആരെയും ഉദ്ദേശിച്ച് പറഞ്ഞതല്ല എന്നായിരുന്നു പ്രവീൺ കുമാറിൻ്റെ വിശദീകരണം. പ്രവർത്തകരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തകരുടെ യോഗത്തിൽ പറഞ്ഞതാണ്. ഏണിയോ , കൈപ്പത്തിയോ ചിഹ്നത്തിൽ മത്സരിച്ചാൽ ആരായാലും ജയിക്കുമായിരുന്നു എന്നാണ് താൻ ഉദ്ദേശിച്ചത് എന്നും പ്രവീൺ കുമാർ വിശദീകരിച്ചിരുന്നു.