
സ്റ്റീൽ ബോംബ് കണ്ടതായി ഫോൺസന്ദേശം, സ്ഥലം വളഞ്ഞ് പോലീസ്, പരിശോധനയിൽ കണ്ടത് കടപ്പുറത്തെ പൂഴി
മുഖ്യമന്ത്രിയും മുഴുവൻ മന്ത്രിമാരും കോഴിക്കോട്ട് എത്തുന്നതിന്റെ തലേദിവസം നടക്കാവിലെ കൊട്ടാരംറോഡിൽ റോഡരികിൽ സ്റ്റീൽബോംബുകൾ കണ്ടെത്തിയെന്ന ഫോൺവിളി വന്നപ്പോൾ സിറ്റിപോലീസ് ഒന്നുഞെട്ടി. ഫോൺ വിളിക്ക് പിന്നാലെ പോലീസ് വാഹനങ്ങളിട്ട് ബോംബ് കണ്ടെത്തിയ ഭാഗം വളഞ്ഞു.പ്രദേശത്താകെ വിവരം പരന്നതോടെ ആളുകളും ഭയപ്പാടിലായി. പിന്നാലെ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പോലീസ് ഉദ്യോഗസ്ഥരുമെല്ലാം അവിടേക്കെത്തി. വർഷങ്ങൾക്ക് മുൻപ് കോഴിക്കോട്ടെ രണ്ട് ബസ് സ്റ്റാൻഡുകളിലും ഇരട്ട ബോംബ് സ്‌ഫോടനമുണ്ടായ സംഭവം കൂടെ ആശങ്കകൂട്ടി.ഇപ്പോൾ പൊട്ടുമെന്ന ജാഗ്രതയോടെ ബോംബ് കസ്റ്റഡിയിലെടുത്തു. ഒടുവിൽ പൂവാട്ട് പറമ്പിലെ ഒരു കരിങ്കൽ ക്വാറിയിൽ കൊണ്ടുപോയി ബോംബ് തന്നെയാണോ എന്നറിയാൻ എറിഞ്ഞുനോക്കിയപ്പോൾ സ്റ്റീൽ ബോംബിൽനിന്ന് ചിതറിത്തെറിച്ചത് കടപ്പുറത്തെ പൂഴി. ഇതോടെയാണ് പോലീസിന്റെ നെഞ്ചിടിപ്പ് കൂട്ടിയ ബോംബ് വെറും വ്യാജനാണെന്ന് മനസിലായത്.വ്യാഴാഴ്ച രാവിലെ 11.30 ഓടെയാണ് കൊട്ടാരം റോഡിലെ മാലിന്യത്തിനിടയിൽ പ്ലാസ്റ്റിക്ക് കവറിൽ സ്റ്റീൽ ബോംബുണ്ടെന്ന് പോലീസ് ഹെൽപ് ലൈൻ നമ്പറായ 112 -ലേക്ക് ഫോൺവിളി വന്നത്. പോലീസ് എത്തിപരിശോധിച്ചപ്പോൾ സ്റ്റീൽ ബോംബിന്റെ മാതൃക തന്നെയായിരുന്നു. നാല് ‘ബോംബു’കളാണ് കവറിനകത്ത് കണ്ടെത്തിയത്. ബോംബ് തന്നൊയാണെന്ന് ഉറപ്പിക്കാവുന്ന എല്ലാ സാധ്യതകളുമുണ്ടായിരുന്നു.സംശയകരമായ നിലയിൽ നാലുകാറുകൾ സ്ഥലത്തുണ്ടായിരുന്നെന്നും ഒരു കാർ പോലീസ് എത്തുമ്പോൾ ‘ബോംബ് കണ്ടെത്തിയ’ സ്ഥലത്ത്‌നിന്ന് പെട്ടെന്ന് ഓടിച്ച് പോയെന്നു സമീപത്തെ കച്ചവടക്കാർ പറഞ്ഞു. സമീപത്തെ സി.സി.ടി.വി. ക്യാമറകളിൽ കാറുകളുടെ ദൃശ്യം ലഭിച്ചെങ്കിലും അതും സ്റ്റീൽ ബോംബുമായി ബന്ധമുണ്ടെന്ന് പറയാവുന്ന സൂചനകളൊന്നും പോലീസിന് കിട്ടിയില്ല. എങ്കിലും ഒറിജിനലാണോ വ്യാജനാണോ എന്ന ഭയമായിരുന്നു. അത് ഉച്ചയോടെയാണ് മാറിയത്.ആശങ്ക ഒഴിഞ്ഞെങ്കിലും പോലീസ് ഇത് ഗൗരവത്തോടെ തന്നെ അന്വേഷിക്കുന്നുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും നഗരത്തിലെത്തുന്നതിന്റെ തലേദിവസം ഇങ്ങനെയൊരു കുഴപ്പമുണ്ടാക്കിയതിന് പിന്നിൽ ആരാണെന്നാണ് പോലീസ് അന്വേഷിക്കുന്നത്. സി.സി.ടി.വി. ദൃശ്യങ്ങളിൽ വാഹനങ്ങൾ കാണുന്നുണ്ടെങ്കിലും കവറിൽ ആരാണ് വ്യാജ ബോംബ് കൊണ്ടുവെച്ചതെന്ന് കാണാൻ കഴിഞ്ഞില്ല. തൊട്ടടുത്ത കടയുടെ സി.സി.ടി.വി. ക്യാമറ പ്രവർത്തിക്കാത്തതാണ് തിരിച്ചടിയായത്.
© Copyright - MTV News Kerala 2021





View Comments (0)