4 മണി കഴിഞ്ഞാൽ പോസ്റ്റ്‌മോർട്ടമില്ല; കോഴിക്കോട് മെഡിക്കൽ കോളജിൽ ഉറ്റവരുടെ മൃതദേഹവുമായി കാത്തിരിപ്പ്: രാത്രി പോസ്റ്റ്‌മോർട്ടം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

MTV News 0
Share:

മലബാറിലെ പ്രധാന റഫറൽ ആതുരാലയമായ കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രിയപ്പെട്ടവരുടെ വിയോഗത്തിന് പിന്നാലെ ഉറ്റവർ നേരിടുന്നത് മണിക്കൂറുകൾ നീണ്ട ദുരിത കാത്തിരിപ്പ്. വടകര, കൊയിലാണ്ടി, താമരശ്ശേരി തുടങ്ങിയ വിദൂര താലൂക്കുകളിൽ നിന്നുൾപ്പെടെ പ്രതിദിനം 18 മുതൽ 22 വരെ മൃതദേഹങ്ങളാണ് പോസ്റ്റ്‌മോർട്ടത്തിനായി ഇവിടെ എത്തുന്നത്. എന്നാൽ, രാവിലെ 10 മുതൽ വൈകിട്ട് 4 മണി വരെ മാത്രമായി പോസ്റ്റ്‌മോർട്ടം സമയം ചുരുക്കിയിരിക്കുന്നതിനാൽ മൃതദേഹം വിട്ടുകിട്ടാൻ ബന്ധുക്കൾ അടുത്ത ദിവസം വരെ കാത്തിരിക്കേണ്ടി വരുന്നു. ജീവനക്കാരുടെ ക്ഷാമവും നടപടിക്രമങ്ങളിലെ കാലതാമസവുമാണ് ഈ വലിയ പ്രതിസന്ധിക്ക് പ്രധാന കാരണം. പലപ്പോഴും പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാകുന്നത് ഉച്ചയ്ക്ക് ശേഷമാണ്. ഔദ്യോഗിക രേഖകൾ മോർച്ചറി അധികൃതരുടെ കൈകളിൽ എത്തുമ്പോഴേക്കും വൈകിട്ട് നാല് മണി കഴിയും. അതോടെ പോസ്റ്റ്‌മോർട്ടം സ്വാഭാവികമായും അടുത്ത ദിവസത്തെ ഉച്ചയ്ക്ക് ശേഷത്തേക്ക് മാറ്റിവെക്കപ്പെടുകയാണ്.പോസ്റ്റ്‌മോർട്ടം വൈകുന്നതോടെ വിദൂര ദേശങ്ങളിൽ നിന്നെത്തുന്ന പാവപ്പെട്ട കുടുംബങ്ങൾ അന്ത്യകർമ്മങ്ങൾ പോലും യഥാസമയം നടത്താനാകാതെ മണിക്കൂറുകളോളം ആശുപത്രിക്കു മുന്നിൽ കണ്ണീരോടെ കാത്തിരിക്കേണ്ടി വരുന്നു. മൃതദേഹങ്ങൾ രാത്രി മുഴുവൻ സൂക്ഷിക്കേണ്ടി വരുന്നത് മോർച്ചറികളിൽ സ്ഥലപരിമിതിക്കും തുടർന്നുള്ള ദിവസങ്ങളിൽ തിരക്കിനും ഇടയാക്കുന്നുണ്ട്. ഈ വിഷയത്തിൽ ശാശ്വത പരിഹാരം ആവശ്യപ്പെട്ട് പ്രമുഖ പൊതുപ്രവർത്തകൻ ഷൗക്കത്ത് മൂഴിക്കൽ ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി ഫയൽ ചെയ്തു. രാത്രികാല പോസ്റ്റ്‌മോർട്ടം നടപ്പാക്കാൻ മുൻപ് തീരുമാനമുണ്ടായിട്ടും ഉദ്യോഗസ്ഥതല അനാസ്ഥയാണ് പദ്ധതി മുടക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.“2014-ൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് കോഴിക്കോട്, തിരുവനന്തപുരം, കോട്ടയം മെഡിക്കൽ കോളേജുകളിൽ രാത്രികാല പോസ്റ്റ്‌മോർട്ടം നടപ്പാക്കാൻ നിയമസഭയിൽ പ്രമേയം പാസാക്കിയതാണ്. ഇതിന്റെ രേഖകൾ നിലവിലുണ്ട്. എന്നാൽ കാസർകോട് ജനറൽ ആശുപത്രിയിലും മഞ്ചേരി മെഡിക്കൽ കോളേജിലും മാത്രമാണ് നിലവിൽ ഈ സൗകര്യം പരിമിതമായ തോതിലെങ്കിലും പ്രവർത്തിക്കുന്നത്,” ഷൗക്കത്ത് മൂഴിക്കൽ പറഞ്ഞു. പോസ്റ്റ്‌മോർട്ടം നടത്തുന്നതിന് സ്വാഭാവിക പകൽ വെളിച്ചം വേണമെന്ന പതിറ്റാണ്ടുകൾ പഴക്കമുള്ള സാങ്കേതിക തടസ്സങ്ങൾക്ക് ആധുനിക ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറും അത്യാധുനിക സർജിക്കൽ ലൈറ്റിംഗ് സംവിധാനങ്ങളും ഉള്ള ഈ കാലഘട്ടത്തിൽ പ്രസക്തിയില്ല. എന്നിട്ടും ഭരണപരമായ മെല്ലെപ്പോക്കും മോർച്ചറി അറ്റൻഡർമാരുടെ കുറവുമാണ് ഈ പരിഷ്കാരം നടപ്പാക്കുന്നതിന് തടസ്സമായി നിൽക്കുന്നത്.“അടുത്തിടെ നഗരത്തിലെ ആശുപത്രിയിൽ രാവിലെ 10 മണിക്ക് മരിച്ച ഒരു രോഗിയുടെ ഇൻക്വസ്റ്റ് പൂർത്തിയായത് ഉച്ചകഴിഞ്ഞ് 3.30-നാണ്. റിപ്പോർട്ട് 3.50-ന് മുൻപ് കൈമാറിയിട്ടും സമയം കഴിഞ്ഞു എന്ന കാരണത്താൽ പോസ്റ്റ്‌മോർട്ടം അടുത്ത ദിവസത്തേക്ക് മാറ്റി. മരിച്ച ഒരു വ്യക്തിക്ക് അടിസ്ഥാനപരമായ അന്തസ്സ് ലഭിക്കേണ്ടതുണ്ട്. എന്നാൽ ഇവിടെ ആ പരിഗണന പൂർണ്ണമായും അവഗണിക്കപ്പെടുകയാണ്,” അദ്ദേഹം ചൂണ്ടിക്കാട്ടി. ആദ്യഘട്ടത്തിൽ പോസ്റ്റ്‌മോർട്ടം സമയം രാത്രി എട്ട് മണിവരെയെങ്കിലും ദീർഘിപ്പിക്കണമെന്നും, തുടർന്ന് ഇത് 24 മണിക്കൂറും പ്രവർത്തിക്കുന്ന പൂർണ്ണതോതിലുള്ള സംവിധാനമാക്കി മാറ്റണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.