റെയിൽവേ ടിക്കറ്റ് പരിശോധന കർശനമാക്കുന്നു; ഒക്ടോബർ 1 മുതൽ കർശന നിയമം നിലവിൽവരും

MTV News 0
Share:

ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ ശ്രദ്ധിക്കേണ്ട പ്രധാന അറിയിപ്പാണ് റെയില്‍വേയില്‍ നിന്ന് വരുന്നത്. ടിക്കറ്റ് പരിശോധന കൂടുതല്‍ കര്‍ശനമാക്കാനുള്ള നടപടികളാണ് റെയില്‍വേ സ്വീകരിക്കുന്നത്. യാത്രയ്ക്കിടെ ടിക്കറ്റിനൊപ്പം സാധുവായ ഒറിജിനല്‍ ഫോട്ടോ ഐഡിയും കൈവശം ഉണ്ടായിരിക്കണം. ഐഡി ഹാജരാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് നടപടികള്‍ നേരിടേണ്ടി വന്നേക്കാം. 2026 ഒക്ടോബര്‍ 1 മുതല്‍ 31 വരെയാണ് പ്രത്യേക ടിക്കറ്റ് പരിശോധനാ ക്യാമ്പയിന്‍ നടത്തുന്നത്. ഉത്സവ സീസണില്‍ ട്രെയിനുകളിലെ തിരക്ക് വര്‍ധിക്കാനിടയുള്ളതിനാല്‍ ടിക്കറ്റ് പരിശോധന ശക്തമാക്കുകയാണ് ലക്ഷ്യം.പ്രത്യേക ക്വാട്ടകള്‍ക്ക് കീഴില്‍ ബുക്ക് ചെയ്യുന്ന റിസര്‍വേഷന്‍ ടിക്കറ്റുകളിലും പരിശോധന ശക്തമാക്കും. ചില ക്വാട്ടകളില്‍ യാത്ര ചെയ്യാന്‍ പ്രത്യേക യോഗ്യത ആവശ്യമാണ്. എന്നാല്‍ യോഗ്യതയില്ലാത്തവര്‍ ഇത്തരം ക്വാട്ടകളില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന സാഹചര്യങ്ങള്‍ ഉണ്ടാകാറുണ്ട്. ഇത്തരം ടിക്കറ്റുകളിലാണ് പരിശോധന കൂടുതല്‍ കര്‍ശനമാക്കുന്നത്. അതിനാല്‍ ക്വാട്ട അടിസ്ഥാനത്തില്‍ ടിക്കറ്റ് എടുത്തവര്‍ യാത്രയ്ക്ക് മുമ്പ് തങ്ങള്‍ ആ ക്വാട്ടയ്ക്ക് യോഗ്യരാണോ എന്ന് ഉറപ്പാക്കുന്നത് നല്ലതാണ്.ഒരു കുടുംബമോ സംഘമോ ഒരുമിച്ച് ഇ-ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്യുമ്പോഴും ഐഡി പരിശോധന പ്രധാനമാണ്. ഒരേ ബുക്കിംഗില്‍ യാത്ര ചെയ്യുന്നവരില്‍ ടിക്കറ്റ് പരിശോധന സമയത്ത് സാധുവായ ഒറിജിനല്‍ ഫോട്ടോ ഐഡി ഹാജരാക്കാന്‍ കഴിയാത്തവര്‍ ഉണ്ടെങ്കില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം.അതുകൊണ്ട് ഒരുമിച്ച് യാത്ര ചെയ്യുന്ന ഓരോ യാത്രക്കാരനും ആവശ്യമായ തിരിച്ചറിയല്‍ രേഖ കൈവശം കരുതുന്നതാണ് സുരക്ഷിതം.ഇ-ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യുന്നവരും ടിക്കറ്റ് പരിശോധന സമയത്ത് ആവശ്യപ്പെട്ടാല്‍ തിരിച്ചറിയല്‍ രേഖ ഹാജരാക്കണം. നിലവിലെ റെയില്‍വേ ചട്ടങ്ങള്‍ പ്രകാരം ഇ-ടിക്കറ്റ് യാത്രക്കാരുടെ തിരിച്ചറിയല്‍ ഉറപ്പാക്കുന്നതിനായി സാധുവായ ഫോട്ടോ ഐഡി പരിശോധിക്കാം. അതിനാല്‍ ഫോണില്‍ ടിക്കറ്റിന്റെ കോപ്പി മാത്രം സൂക്ഷിക്കുന്നതിന് പകരം സാധുവായ ഒറിജിനല്‍ ഫോട്ടോ ഐഡിയും കൈയില്‍ കരുതുന്നത് പ്രധാനമാണ്.