
വിദ്യാർഥിനിയെ ഇടിച്ചിട്ട് കെഎസ്ആർടിസി, മുൻചക്രം കാൽപാദത്തിലൂടെ കയറിയിറങ്ങി; ബസ്സിന് ഫിറ്റ്നസും ഇല്ല
തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് വിദ്യാർഥിനിക്ക് ഗുരുതര പരുക്ക്. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്നു ലഭിക്കുന്ന സൂചന. അപകടത്തിൽപ്പെട്ട ബസിന് ഫിറ്റ്നസും ഇൻഷുറൻസും ഇല്ലെന്നും കണ്ടെത്തി.വ്യാഴാഴ്ച രാവിലെ എട്ടരയോടെ സ്റ്റാൻഡിലേക്ക് നടന്നു വരികയായിരുന്ന കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി മുഫീദയെ (16) ആണ് കെഎസ്ആർടിസി ബസ് ഇടിച്ചിട്ടത്. ഇടതുവശം ശ്രദ്ധിക്കാതെ സ്റ്റാൻഡിലെ ട്രാക്കിലേക്ക് ഡ്രൈവർ ബസ് കയറ്റാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമായത്. ബസിന്റെ മുൻചക്രം കുട്ടിയുടെ കാൽപാദത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.2026 ഏപ്രിൽ 15 ന് ബസിന്റെ ഫിറ്റ്നസ് കാലാവധി അവസാനിച്ചു. ആറുവർഷത്തോളമായി ബസിന് ഇൻഷുറൻസും ഇല്ല. പരുക്കേറ്റ വിദ്യാർഥിനിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
© Copyright - MTV News Kerala 2021





View Comments (0)