
തീരദേശ മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് കോഴിക്കോട് സൗത്ത് ബീച്ച് തീരപ്രദേശത്ത് നടപ്പാക്കുന്ന ‘സ്നേഹസാഗരം’ പദ്ധതിയുടെ ഭാഗമായുള്ള രണ്ടാംഘട്ട സർവ്വേ നടന്നു. പള്ളിക്കണ്ടി ജി.എൽ.പി. സ്കൂളിൽ നടന്ന ചടങ്ങിൽ അഡ്വ. വി കെ ഫൈസൽ ബാബു എം.എൽ.എ. ഉദ്ഘാടനം നിർവഹിച്ചു.ഫിഷറീസ് വകുപ്പിന് കീഴിലുള്ള ‘സാഫ്’ (സൊസൈറ്റി ഫോർ അസിസ്റ്റന്റ്സ് ടു ഫിഷർ വുമൺ), ‘അക്ഷരസമുദ്രം’ പദ്ധതി എന്നിവയുടെ സഹകരണത്തോടെയാണ് സൗത്ത് ബീച്ച് തീരപ്രദേശത്ത് സർവ്വേ സംഘടിപ്പിച്ചത്. ഒക്ടോബർ രണ്ടിനു ഗാന്ധിജയന്തി ദിനത്തിൽ വിജയകരമായി പൂർത്തിയാക്കിയ ഒന്നാം ഘട്ട സർവ്വേയുടെ തുടർച്ചയായാണ് രണ്ടാംഘട്ടം. വിവിധ കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് സർവ്വേയിൽ വോളണ്ടിയർമാരായി പ്രവർത്തിക്കുന്നത്.തീരദേശവാസികളുടെ ജനജീവിതവുമായി ബന്ധപ്പെട്ട സമസ്ത മേഖലകളെയും ഉൾപ്പെടുത്തി 22 ചോദ്യങ്ങൾ അടങ്ങിയതാണ് സർവ്വേ. വ്യക്തിഗത ആനുകൂല്യങ്ങൾക്ക് മുൻഗണന നൽകിയാണ് ഈ ഘട്ടത്തിൽ വിവരശേഖരണം നടത്തുന്നതെന്ന് എം.എൽ.എ പറഞ്ഞു. സർവ്വേ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മുതിർന്ന പൗരർക്കും സംരംഭകർക്കും പ്രയോജനപ്പെടുന്ന നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. 60 വയസ്സിന് മുകളിലുള്ളവർക്ക് ഒരു മാസത്തിനകം അത്യാധുനിക വാക്കിംഗ് സ്റ്റിക്കുകൾ ലഭ്യമാക്കും. ഫാഷൻ ഡിസൈനിംഗ്, ഭക്ഷ്യവസ്തു നിർമ്മാണം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന സംരംഭകർക്കായി അഞ്ച് വ്യത്യസ്ത സ്രോതസ്സുകളിൽ നിന്ന് ധനസഹായം കണ്ടെത്തി പ്രത്യേക സഹായ പദ്ധതികളും നടപ്പിലാക്കും.സർവ്വേ വിവരങ്ങൾ പൂർണ്ണമായി വിശകലനം ചെയ്ത് കൗൺസിലിന് സമർപ്പിക്കുകയും, അതിലെ സമഗ്രമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർപ്രവർത്തനങ്ങൾ നടപ്പിലാക്കുകയും ചെയ്യും.ഉദ്ഘാടന ചടങ്ങിൽ കൗൺസിലർമാരായ എസ്.കെ. അബൂബക്കർ, ഫാഷ്ന ഷംസുദ്ധീൻ, കൺവീനർ കൊയാട്ടി തുടങ്ങിയവർ പങ്കെടുത്തു.
© Copyright - MTV News Kerala 2021





View Comments (0)