
പന്നിയങ്കരയിൽ വിൽപനയ്ക്കായി കൊണ്ടുവന്ന 168 ഗ്രാം എംഡിഎംഎ പിടിച്ചെടുത്ത കേസിലെ മുഖ്യപ്രതികളെ ബംഗളൂരുവിൽനിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ ആട്ടൂർ സ്വദേശി മുഹമ്മദ് ഫൈസൽ (35), കൊല്ലം മഞ്ഞപ്പാറ സ്വദേശി സാഹില (29) എന്നിവരാണ് പിടിയിലായത്.ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണർ എം. പ്രേംജിത്തിന്റെ ക്രൈം സ്ക്വാഡും നാർകോട്ടിക് സെല്ലും പന്നിയങ്കര പൊലീസും സൈബർ സെല്ലും ചേർന്നാണ് പ്രതികളെ പിടികൂടിയത്.കാറിൽ എംഡിഎംഎ കടത്തുന്നതിനിടെ ഒളവണ്ണ സ്വദേശി കെ.സി. നവാസിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽനിന്നാണ് ഫൈസലും സാഹിലയും ചേർന്നാണ് ലഹരിമരുന്ന് എത്തിക്കുന്നതെന്ന് കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും ബംഗളൂരുവിലുണ്ടെന്ന് കണ്ടെത്തിയത്.ഡൽഹി, ഗോവ എന്നിവിടങ്ങളിൽനിന്നാണ് ലഹരിമരുന്ന് എത്തിച്ചിരുന്നതെന്നും ലഭിക്കുന്ന പണം ലഹരി ഉപയോഗത്തിനും ആഡംബര ജീവിതത്തിനുമായി ചെലവഴിച്ചിരുന്നതായും ചോദ്യം ചെയ്യലിൽ വ്യക്തമായെന്ന് പൊലീസ് അറിയിച്ചു.പ്രതികളുടെ ഫോണുകളും ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ചുവരികയാണ്. ലഹരിമരുന്ന് വാങ്ങുന്നവരെയും നിരീക്ഷിക്കുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. പ്രതികളെ കോടതിയിൽ ഹാജരാക്കി.മാറാട് സർക്കിൾ ഇൻസ്പെക്ടർ സജു എബ്രഹാം, നാർകോട്ടിക് എസ്.ഐ. എ. നിതിൻ, പന്നിയങ്കര എസ്.എച്ച്.ഒ. എം.കെ. ബവിത തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
© Copyright - MTV News Kerala 2021




View Comments (0)