
സംസ്ഥാനത്തെ ഒക്ടോബർ മാസത്തെ സാമൂഹ്യസുരക്ഷാ പെൻഷൻ, ക്ഷേമനിധി ബോർഡ് പെൻഷൻ വിതരണം ഇന്ന് (തിങ്കളാഴ്ച) ആരംഭിക്കും. ഒക്ടോബർ 26 മുതൽ നവംബർ അഞ്ചിനകം വിതരണം പൂർത്തിയാക്കും. ഇതിനായി 1,081 കോടി രൂപ അനുവദിച്ചതായി സംസ്ഥാന സർക്കാർ അറിയിച്ചു.സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണത്തിനായി 961.64 കോടി രൂപയും സർക്കാർ ധനസഹായത്തോടെ പെൻഷൻ നൽകുന്ന 16 ക്ഷേമനിധി ബോർഡുകൾക്കായി 119.47 കോടി രൂപയുമാണ് അനുവദിച്ചത്. ധനകാര്യ (എസ്.എഫ്.സി-ബി) വകുപ്പ് പുറത്തിറക്കിയ രണ്ട് പ്രത്യേക ഉത്തരവുകളിലൂടെയാണ് തുക അനുവദിച്ചത്.സാമൂഹ്യസുരക്ഷാ പെൻഷൻ 52,09,617 ഗുണഭോക്താക്കൾക്കാണ് ലഭിക്കുക. ഇതിൽ 29,67,142 പേരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് തുക എത്തും. ഇതിനായി 541.38 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 22,42,475 പേർക്ക് പ്രാഥമിക സഹകരണ സംഘങ്ങൾ വഴി വീടുകളിൽ പണമായി പെൻഷൻ എത്തിച്ചുനൽകും.ക്ഷേമനിധി ബോർഡ് പെൻഷൻ പദ്ധതികളിലെ 6,05,415 ഗുണഭോക്താക്കൾക്കായി 119.46 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.ഇതിനു പുറമേ, ദേശീയ സാമൂഹ്യസഹായ പദ്ധതിയുടെ ഭാഗമായി ഇന്ദിരാഗാന്ധി ദേശീയ വാർധക്യകാല, ഭിന്നശേഷി, വിധവാ പെൻഷൻ വിഭാഗങ്ങളിലെ 8,46,456 ഗുണഭോക്താക്കൾക്കുള്ള ഒക്ടോബർ മാസത്തെ വിഹിതമായ 24.76 കോടി രൂപയും ഉൾപ്പെടുത്തിയിട്ടുണ്ട്.വിതരണം ചെയ്യാതെ ശേഷിക്കുന്ന തുക നവംബർ 16നകം കേരള സ്റ്റേറ്റ് സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിന്റെ അക്കൗണ്ടിലേക്ക് തിരിച്ചടയ്ക്കണമെന്ന് അധികൃതർ അറിയിച്ചു.
© Copyright - MTV News Kerala 2021





View Comments (0)