
ബ്രിട്ടാനിയയ്ക്ക് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ഒരു ലക്ഷം രൂപ പിഴ ചുമത്തി
‘100% ഹോൾ വീറ്റ് ബ്രെഡ്’ എന്ന പേരിൽ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയതിന് പ്രമുഖ ഭക്ഷ്യോത്പന്ന കമ്പനിയായ ബ്രിട്ടാനിയ ഇൻഡസ്ട്രീസിന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (CCPA) ഒരു ലക്ഷം രൂപ പിഴ ചുമത്തി.ബ്രെഡിൽ 100 ശതമാനം ഗോതമ്പ് മാവാണെന്ന് പരസ്യപ്പെടുത്തിയെങ്കിലും ഉൽപന്നത്തിൽ ഗോതമ്പ് മാവ് 62 ശതമാനം മാത്രമാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. ബാക്കി 38 ശതമാനത്തിൽ റൈസ് ബ്രാൻ ഉൾപ്പെടെയുള്ള മറ്റ് ചേരുവകളാണുള്ളത്.‘0% മൈദ’ എന്ന അവകാശവാദത്തിനൊപ്പം ‘100% ഹോൾ വീറ്റ്’ എന്ന് രേഖപ്പെടുത്തിയത് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അതോറിറ്റി വ്യക്തമാക്കി. ഭക്ഷ്യസുരക്ഷാ അതോറിറ്റിയായ എഫ്.എസ്.എസ്.എ.ഐയുടെ ചട്ടങ്ങളിൽ ‘ഹോൾ വീറ്റ്’ എന്നതിന് മുന്നിൽ ‘100%’ ചേർക്കാൻ വ്യവസ്ഥയില്ലെന്നും ചൂണ്ടിക്കാട്ടി.2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം അനുചിത വ്യാപാരരീതിയായാണ് ഈ നടപടിയെ വിലയിരുത്തിയത്. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ ഉടൻ നിർത്തലാക്കാനും 15 ദിവസത്തിനകം നടപടി റിപ്പോർട്ട് സമർപ്പിക്കാനും ബ്രിട്ടാനിയയോട് സിസിപിഎ നിർദേശിച്ചു.
© Copyright - MTV News Kerala 2021





View Comments (0)