
‘ഇടിച്ചുകയറ്റിയത് മനഃപൂർവം’; കോഴിക്കോട് ഹ്യൂണ്ടായ് ഷോറൂമിലേക്ക് കാർ ഇടിച്ചുകയറ്റിയ സംഘത്തിലെ യുവാവ്
കോഴിക്കോട് പുതിയറയിലെ ആപ്കോ ഹ്യൂണ്ടായ് ഷോറൂമിലേക്ക് നാലംഗ സംഘം കാർ ഇടിച്ചുകയറ്റി. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവങ്ങൾ. അപകടത്തിന് പിന്നാലെ കാറിലുണ്ടായിരുന്ന മൂന്നുപേർ ഓടി രക്ഷപ്പെട്ടെങ്കിലും, സംഘത്തിലെ ആദർശ് (30) എന്നയാളെ ഷോറൂം ജീവനക്കാർ ചേർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഷോറൂമിലേക്ക് വാഹനം മനഃപൂർവം ഇടിച്ചുകയറ്റിയതാണെന്ന് ആദർശ് മാധ്യമങ്ങളോട് പ്രതികരിച്ചു.കാർ വാങ്ങാനെത്തിയ ഉപഭോക്താക്കളും ഷോറൂം ജീവനക്കാരും അകത്തുണ്ടായിരുന്ന സമയത്താണ് അമിതവേഗതയിലെത്തിയ കാർ ഗ്ലാസ് തകർത്ത് ഉള്ളിലേക്ക് ഇരച്ചുകയറിയത്. വാഹനം പാഞ്ഞടുക്കുന്നത് കണ്ട് ഉള്ളിലുണ്ടായിരുന്നവർ പെട്ടെന്ന് ഓടിമാറിയതിനാൽ വൻ ദുരന്തം ഒഴിവായി.കാർ ഇടിച്ചുകയറ്റിയതിന് പിന്നാലെ വാഹനത്തിലുണ്ടായിരുന്നവർ ഷോറൂം ജീവനക്കാർക്ക് നേരെ ആക്രമണം നടത്തുകയും ചെയ്തു. സംഘർഷത്തിൽ രണ്ട് ജീവനക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഷോറൂമിലേക്ക് കാർ ഇടിച്ചുകയറ്റിയതിന്റെ യഥാർത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഓടി രക്ഷപ്പെട്ട മറ്റ് മൂന്ന് പ്രതികൾക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
© Copyright - MTV News Kerala 2021





View Comments (0)