
ഇതും ഒരു റോഡാണ്; കുമാരനല്ലൂർ-പാലിയിൽ-അഗസ്ത്യൻമുഴി റോഡ് ഇനി തകരാൻ ബാക്കിയില്ല
കുമാരനല്ലൂർ-പാലിയിൽ-അഗസ്ത്യൻമുഴി റോഡ് ഇനി തകർന്നു തരിപ്പണമാകാൻ ഒട്ടുംതന്നെ ബാക്കിയില്ല. കാരശ്ശേരി പഞ്ചായത്തിെനയും തിരുവമ്പാടി പഞ്ചായത്തിെനയുംബന്ധിപ്പിക്കുന്ന 2.5 കിലോമീറ്ററോളം ദൂരംവരുന്ന റോഡാണ് ഇങ്ങനെ അവഗണിക്കപ്പെട്ടുകിടക്കുന്നത്.പലഭാഗത്തും ഉരുൾപൊട്ടി ഒഴുകിയ ചാലുപോലെ വലിയഗർത്തങ്ങളും ഉരുളൻ കല്ലുകളും കുഴികളും നിറഞ്ഞ പാതയിലൂടെ വാഹനങ്ങൾ ഓടിക്കാൻ പോയിട്ട് കാൽനട യാത്രപോലും അസാധ്യമായ അവസ്ഥയാണ്.വളവുകളും വലിയ കയറ്റവും ഇറക്കവും നിറഞ്ഞ പാതയിൽ, കയറ്റങ്ങളിൽ റോഡു തകർന്ന് ബാക്കി ഭാഗങ്ങൾ വരമ്പുകൾപോലെ ഉയർന്നുനിൽക്കുന്നത് അപകടസാധ്യത വർധിപ്പിക്കുന്നു. റോഡിനു കുറുേക വെള്ളംഒഴുകുന്നതിന് ഉണ്ടാക്കിയിരുന്ന ചപ്പാത്തുകൾ (ഡിപ്) തകർന്നു കിടങ്ങുപോലെ ആയിട്ടുണ്ട്. ഒറ്റത്തവണ ഓടിയാൽ പോലും വാഹനം വർക്ക് ഷോപ്പിൽ കയറ്റേണ്ട അവസ്ഥയായതിനാൽ ഓട്ടോറിക്ഷ ഓടാൻ മടിക്കുന്നു. യാത്രക്കാർക്കും നടുവിന് ചികിത്സചെയ്യേണ്ട അവസ്ഥയാണ്. ഇരുചക്രവാഹനയാത്രക്കാർക്കാണ് വലിയഭീഷണി.മുക്കം ടൗണിലെ തിരക്കിലും ഗതാഗതക്കുരുക്കിലും പെടാതെ മുക്കംകടവ്–തിരുവമ്പാടി, കാരമൂല റോഡിൽനിന്നും തിരുവമ്പാടി, താമരശ്ശേരി ഭാഗങ്ങളിലേക്കും തിരിച്ചും എളുപ്പത്തിൽ കടന്നുപോകാൻ കഴിയുന്ന ബൈപ്പാസാണിത്. ജനവാസമേറിയ ഈ പ്രദേശത്തെ ഒട്ടേറെ കുടുംബങ്ങൾക്ക് നിത്യവും മുക്കം അങ്ങാടിയുമായും മറ്റുസ്ഥലങ്ങളുമായും ബന്ധപ്പെടുന്നതിനുമുള്ള ഏക റോഡാണിത്.ഇരുവഴഞ്ഞിപ്പുഴ മധ്യത്തിൽ സ്ഥിതിചെയ്യുന്ന പ്രശസ്തമായ തൃക്കുടമണ്ണ ശിവക്ഷേത്രത്തിലേക്ക് ഭക്തജനങ്ങൾ എത്തിയിരുന്ന തൂക്കുപാലം തകർന്നു വീണിട്ട് ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല.ഇതോടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ഭക്തജനങ്ങൾക്ക് ക്ഷേത്രത്തിലേക്ക് എത്താനുള്ള ഏക മാർഗമാണ് ഈ റോഡ്. മലയോര മേഖലയിൽ ഏഴുദിവസത്തോളം നീണ്ടുനിൽക്കുന്ന പ്രസിദ്ധമായ ശിവരാത്രി ആഘോഷം അടുത്തുവരവേ, ആയിരക്കണക്കിന് ഭക്തജനങ്ങൾ ഈ വഴിയാണ് ക്ഷേത്രത്തിലേക്ക് എത്തേണ്ടത്.ശിവരാത്രി ആഘോഷത്തിന് മുൻപായി റോഡ് അടിയന്തരമായി നവീകരിച്ച് സഞ്ചാരയോഗ്യമാക്കിയില്ലെങ്കിൽ ഭക്തജനങ്ങളും കച്ചവടക്കാരും കലാപരിപാടിക്കാരും തുടങ്ങിയ എല്ലാവരും വലിയ ദുരിതത്തിലാകും.
© Copyright - MTV News Kerala 2021





View Comments (0)