തിരുവമ്പാടി മണ്ഡലത്തിലെ പോളിടെക്നിക് കോളേജ്:പ്രത്യേക യോഗം ചേർന്നു,ചേന്ദമംഗല്ലൂരിന് പ്രഥമ പരിഗണനയെന്ന് സി.കെ. കാസിം എം.എൽ.എ.

MTV News 0
Share:

 

 

 

തിരുവമ്പാടി മണ്ഡലത്തിന് 2015-ൽ അനുവദിച്ച സർക്കാർ പോളിടെക്നിക് കോളേജ് എത്രയും വേഗം യാഥാർഥ്യമാക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക യോഗം ചേർന്നു. ചേന്ദമംഗല്ലൂർ ഉദയം ഓഡിറ്റോറിയത്തിൽ നഗരസഭാ ചെയർപേഴ്‌സൺ അഡ്വ. കെ.പി. ചാന്ദ്‌നിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സി.കെ. കാസിം എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സ്പെഷ്യൽ ഓഫീസർ ഡോ. ജൗഹർ അലി പദ്ധതി വിശദീകരിച്ചു.നേരത്തെ എം.എൽ.എ.യുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തെ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിൽ പദ്ധതി നടപടികൾ വേഗത്തിലാക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളുടെ യോഗം വിളിക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചേന്ദമംഗല്ലൂരിൽ യോഗം ചേർന്നത്.

 

താൽക്കാലിക കെട്ടിടത്തിൽ കോളേജ് ആരംഭിക്കാൻ ധാരണയായിട്ടുണ്ടെങ്കിലും സ്ഥിരം കെട്ടിടം നിർമിക്കുന്നതിനുള്ള ഭൂമി കണ്ടെത്തി ഉറപ്പാക്കേണ്ടതുണ്ട്. ഇതിനായി അഞ്ച് ഏക്കർ ഭൂമിയാണ് ആവശ്യമായിട്ടുള്ളത്. ചേന്ദമംഗല്ലൂരിലെ മംഗലശ്ശേരി തോട്ടം ഭൂമിയുമായി ബന്ധപ്പെട്ട വിഷയം നിയമസഭാ സമ്മേളനത്തിനുശേഷം വനം, റവന്യൂ വകുപ്പ് മന്ത്രിമാരുമായി ചർച്ച ചെയ്യുമെന്ന് എം.എൽ.എ. അറിയിച്ചു. 11 വർഷമായി പ്രദേശവാസികളുടെ പ്രധാന ആവശ്യങ്ങളിലൊന്നായ പദ്ധതിക്ക് ചേന്ദമംഗല്ലൂരിനാണ് പ്രഥമ പരിഗണന നൽകുകയെന്നും ഇതിനായി എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.മംഗലശ്ശേരി തോട്ടത്തിന് പുറമെ ചേന്ദമംഗല്ലൂർ മേഖലയിലെ മറ്റു സ്ഥലങ്ങളും പരിഗണനയിൽ വന്ന സാഹചര്യത്തിൽ ഇവ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സ്പെഷ്യൽ ഓഫീസറെ ചുമതലപ്പെടുത്തി.2015-ൽ അന്നത്തെ എം.എൽ.എ. മോയിൻകുട്ടിയുടെ കാലത്ത് തിരുവമ്പാടി മണ്ഡലത്തിന് അനുവദിച്ച സ്ഥാപനത്തിന്റെ പ്രവർത്തനം ഇനിയും വൈകാൻ അനുവദിക്കാനാവില്ലെന്ന് യോഗം അഭിപ്രായപ്പെട്ടു. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനം യാഥാർഥ്യമാക്കുന്നതിന് സർക്കാരിന്റെ പ്രത്യേക ധനസഹായം ലഭ്യമാക്കുന്നതിനും വയനാട് ലോക്‌സഭാംഗം പ്രിയങ്ക ഗാന്ധിയുടെ സഹായത്തോടെ സാമൂഹിക ഉത്തരവാദിത്വ പദ്ധതികളിലൂടെ ധനസഹായം കണ്ടെത്തുന്നതിനും മുൻകൈയെടുക്കുമെന്ന് എം.എൽ.എ. പറഞ്ഞു.നഗരസഭാ കൗൺസിലർമാരായ ഷഫീഖ് മാടായി, എ.പി. നസീം, ബനൂജ വടക്കുവീട്ടിൽ, ഷരീഫ് വെണ്ണക്കോട്, ജസീല അസീസ് തുടങ്ങിയവർ സംസാരിച്ചു.

Share:
      തിരുവമ്പാടി മണ്ഡലത്തിന് 2015-ൽ അനുവദിച്ച സർക്കാർ പോളിടെക്നിക് കോളേജ് എത്രയും വേഗം യാഥാർഥ്യമാക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക യോഗം ചേർന്നു. ചേന്ദമംഗല്ലൂർ ഉദയം ഓഡിറ്റോറിയത്തിൽ നഗരസഭാ ചെയർപേഴ്‌സൺ അഡ്വ. കെ.പി. ചാന്ദ്‌നിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സി.കെ. കാസിം എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സ്പെഷ്യൽ ഓഫീസർ ഡോ. ജൗഹർ അലി പദ്ധതി വിശദീകരിച്ചു.നേരത്തെ എം.എൽ.എ.യുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തെ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിൽ പദ്ധതി നടപടികൾ വേഗത്തിലാക്കുന്നതിനായി തദ്ദേശ സ്വയംഭരണ...തിരുവമ്പാടി മണ്ഡലത്തിലെ പോളിടെക്നിക് കോളേജ്:പ്രത്യേക യോഗം ചേർന്നു,ചേന്ദമംഗല്ലൂരിന് പ്രഥമ പരിഗണനയെന്ന് സി.കെ. കാസിം എം.എൽ.എ.