
ആത്മഹത്യ ചെയ്യാൻ തുനിഞ്ഞ് യുവാവ്, മാതാപിതാക്കൾക്ക് വിഡിയോ കോൾ; ജീവിതത്തിലേക്ക് കൈപിടിച്ച് കൊണ്ടുവന്ന് പോലീസുകാർ
ആത്മഹത്യ ചെയ്യാൻ തുനിഞ്ഞ നല്ലളം സ്വദേശിയായ 35 കാരനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് നല്ലളം പൊലീസ്. തിങ്കളാഴ്ച രാവിലെ 11.20 നാണ് നല്ലളം സ്വദേശിയായ യുവാവ് താമസിക്കുന്ന വീടിന്റെ മുകൾ നിലയിലെ മുറിയുടെ വാതിൽ അടച്ച് കുറ്റിയിട്ട്, കഴുത്തിൽ കയർ കെട്ടി അച്ഛനെയും, അമ്മയെയും വിഡിയോ കോൾ ചെയ്ത് ആത്മഹത്യാ ഭീഷണി മുഴക്കിയത്. യുവാവിന്റെ അച്ഛൻ നല്ലളം പൊലീസ് സ്റ്റേഷനിലെത്തി ജി.ഡി ചാർജിലുള്ള അസിസ്റ്റന്റെ് എസ്ഐ സതീഷ് കുമാറിനെ വിവരമറിയിക്കുകയായിരുന്നു.സംഭവസ്ഥലത്തെത്തിയ നല്ലളം പൊലീസ്, മുറിയുടെ പുറത്ത് നിന്ന് യുവാവിനോട് സംസാരിക്കുകയായിരുന്നു. കുറേയേറെ സംസാരിച്ച ശേഷം യുവാവ് മുറിയുടെ വാതിൽ തുറന്നു. പിന്നീട് പ്രാഥമിക ശുശ്രൂഷ നൽകിയശേഷം പൊലീസ് കാര്യങ്ങൾ ചോദിച്ച് മനസിലാക്കുകയും, ഭാര്യയും മകളും പിണങ്ങിപ്പോയതാണ് ആത്മഹത്യക്ക് ശ്രമിക്കാൻ കാരണമെന്ന് ഇയാൾ പൊലീസിനോട് പറയുകയുമായിരുന്നു. തുടർന്ന് ബന്ധുക്കളെയെല്ലാം വിളിച്ചുവരുത്തി തുടർനടപടികൾ സ്വീകരിച്ചശേഷമാണ് നല്ലളം എസ്ഐ രാഹുൽ രഘുനാഥും സംഘവും മടങ്ങിയത്. സീനിയർ സിവിൽ പൊലീസ് ഓഫിസർ ശ്രീശാന്ത്, സിവിൽ പൊലീസ് ഓഫിസർമാരായ അരവിന്ദാക്ഷൻ, അനീഷ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.
© Copyright - MTV News Kerala 2021





View Comments (0)