ഈടില്ലാ വായ്പയില്‍ ബാങ്കുകള്‍ക്ക് ആശങ്ക; സര്‍ക്കാര്‍ ഇടപെടല്‍ തേടി ബാങ്കുകള്‍

MTV News 0
Share:

ചെറുകിട ബിസിനസുകള്‍ക്ക് 20 ലക്ഷം വരെ ഈടില്ലാതെ വായ്പ നല്‍കുന്നത് ബാങ്കുകള്‍ക്ക് പ്രതിസന്ധിയാവുന്നു. ഈ വിഷയത്തില്‍ ബാങ്കുകള്‍ കേന്ദ്ര സര്‍ക്കാരിനെയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയെയും സമീപിക്കാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ചില അക്കൗണ്ടുകള്‍ക്ക് സര്‍ക്കാര്‍ പിന്തുണയുള്ള ക്രെഡിറ്റ് ഗ്യാരണ്ടി ഫണ്ട് ട്രസ്റ്റ് ഫോര്‍ മൈക്രോ ആന്‍ഡ് സ്‌മോള്‍ എന്റര്‍പ്രൈസസ് (CGTM-SE) പദ്ധതിയുടെ പരിരക്ഷ ലഭിക്കുന്നില്ല. കൂടാതെ, ഈ പദ്ധതിക്കായി നല്‍കേണ്ട അധിക ഗ്യാരണ്ടി ഫീസ് അടയ്ക്കാന്‍ പല വായ്പയെടുക്കുന്നവര്‍ക്കും താല്‍പര്യമില്ലെന്നതാണ് പ്രതിസന്ധിയാവുന്നത്.സര്‍ക്കാര്‍ പിന്തുണയുള്ള ക്രെഡിറ്റ് ഗ്യാരണ്ടി പദ്ധതിയുടെ പരിധിയില്‍ വരുന്ന അക്കൗണ്ടുകള്‍ക്ക് ഭാഗിക റിസ്‌ക് പരിരക്ഷ ലഭിക്കുന്നതിനാല്‍ കൂടുതല്‍ സുരക്ഷിതത്വത്തോടെ വായ്പ നല്‍കാന്‍ കഴിയും. എന്നാല്‍, ഈ പദ്ധതി ഇതുവരെ ഉപയോഗിക്കാത്ത പല ഉപഭോക്താക്കളും അധിക ഫീസ് മൂലം ഇതില്‍ ചേരാനും തയ്യാറാവുന്നില്ലെന്ന് ബാങ്കുകള്‍ അറിയിച്ചു. ഇതിനകം തന്നെ ബാങ്കുകളുടെ ലാഭവിഹിതം കുറഞ്ഞ സാഹചര്യത്തില്‍ ഇത് അധിക സാമ്പത്തിക ബാധ്യതയാകുന്നുവെന്ന് ഒരു ബാങ്ക് ഉദ്യോഗസ്ഥന്‍ പറഞ്ഞു.ആര്‍ബിഐയുടെ നിലവിലെ ചട്ടങ്ങള്‍ പ്രകാരം, 2026 ഏപ്രില്‍ 1 മുതല്‍ പുതിയതോ പുതുക്കുന്നതോ ആയ ചെറുകിട സംരംഭങ്ങള്‍ക്ക് 20 ലക്ഷം വരെയുള്ള വായ്പകള്‍ ഈടില്ലാതെ നല്‍കണം.ഫെബ്രുവരിയിലെ ധനനയ അവലോകനത്തില്‍ ആര്‍ബിഐ വ്യക്തമാക്കിയതുപോലെ, ഈ തീരുമാനം വായ്പാ സൗകര്യങ്ങള്‍ കൂടുതല്‍ ലഭ്യമാക്കുകയും, സംരംഭകത്വം പ്രോത്സാഹിപ്പിക്കുകയും ചെയ്യും. മതിയായ ഈടില്ലാതെ മൈക്രോ, ചെറുകിട സംരംഭങ്ങള്‍ക്ക് വായ്പ ലഭ്യത മെച്ചപ്പെടുത്തുന്നത് രാജ്യത്തെ ചെറുകിട ബിസിനസുകള്‍ക്ക് കരുത്തേകും. എന്നാല്‍ വായ്പയെടുക്കുന്നവര്‍ ഈടായി സ്വത്ത് നല്‍കുന്ന സാഹചര്യത്തില്‍ പലിശനിരക്ക് സാധാരണയായി കുറവായിരിക്കും. എന്നാല്‍, ഇപ്പോള്‍ ആര്‍ബിഐയുടെ നിര്‍ദേശങ്ങള്‍ ലംഘിച്ചെന്ന നടപടിയെ ഭയന്ന് ബാങ്കുകള്‍ ഈടായി സ്വത്ത് സ്വീകരിക്കാന്‍ മടിക്കുന്നുണ്ട്.