
ഒരു കോടിയുടെ സ്വർണം തട്ടാൻ വിമാനത്താവളത്തിൽ ക്വട്ടേഷൻ ആക്രമണം; കരിപ്പൂരിൽ നാലുപേർ പിടിയിൽ
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്തുകയായിരുന്ന ഒരു കോടിയിലേറെ രൂപ വിലമതിക്കുന്ന സ്വർണം തട്ടിയെടുക്കാനുള്ള ക്വട്ടേഷൻ ശ്രമം പോലീസ് തകർത്തു. സംഭവത്തിൽ സ്വർണം കടത്തിയ യുവതിയെയും സ്വർണം ഏറ്റുവാങ്ങാനെത്തിയ സഹായിയെയും കവർച്ചയ്ക്കെത്തിയ സംഘത്തിലെ രണ്ടുപേരെയും പോലീസ് പിടികൂടി. ഇവരിൽനിന്ന് 817 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. വിപണിയിൽ 1.1 കോടിയിലേറെ രൂപ വിലവരും.തിങ്കളാഴ്ച പുലർച്ചെ മൂന്നോടെ വിമാനത്താവളത്തിലെ ആഗമന ടെർമിനൽ പരിസരത്താണ് സംഭവം. വിദേശത്തുനിന്ന് സ്വർണവുമായി എത്തിയ ഇടുക്കി വണ്ടൻമേട് സ്വദേശിനി അഭിരാമി (27)യെ ഒരു സംഘം ആളുകൾ പിന്തുടരുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. വിമാനത്താവളത്തിന് പുറത്ത് യുവതിയെ സ്വീകരിക്കാനെത്തിയ എറണാകുളം സ്വദേശി ഹർഷലിനൊപ്പം പാർക്കിങ് ഏരിയയിലേക്ക് പോകുന്നതിനിടെ അക്രമിസംഘം ഇവരെ തടഞ്ഞുനിർത്തി.യുവതിയുടെ ട്രോളി ബാഗ് ബലമായി പിടിച്ചെടുക്കാൻ ശ്രമിച്ചതോടെ ഹർഷലും സംഘവും തമ്മിൽ സംഘർഷമുണ്ടായി. സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥർക്കുനേരെയും അക്രമികൾ ആക്രമണം നടത്തി. മുരളീകൃഷ്ണൻ എന്ന ഹോം ഗാർഡിന്റെ കൈയിൽ ഒരാൾ കടിച്ച് പരിക്കേൽപ്പിച്ചു.ഇതിനിടെ മറ്റൊരു ക്വട്ടേഷൻ സംഘം ഇന്നോവ കാറിൽ രക്ഷപ്പെടാൻ ശ്രമിച്ചു. ഇവരെ തടയാൻ ശ്രമിച്ച പോലീസ് സ്പെഷ്യൽ സ്ക്വാഡ് ഉദ്യോഗസ്ഥന്റെ നേരെ വാഹനം ഓടിച്ചുകയറ്റി അപായപ്പെടുത്താനും ശ്രമിച്ചു. ഉദ്യോഗസ്ഥൻ റോഡരികിലേക്ക് ചാടിമാറിയാണ് രക്ഷപ്പെട്ടത്.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നാദാപുരം കല്ലാച്ചി സ്വദേശികളായ സയന്ത് (28), ബബിലേഷ് (40) എന്നിവർ പിടിയിലായത്. ഇന്നോവ, സ്വിഫ്റ്റ് കാറുകളിലായി എത്തിയ പത്തോളം പേരടങ്ങുന്ന സംഘത്തിന്റെ ലക്ഷ്യം യുവതിയെ തട്ടിക്കൊണ്ടുപോയി സ്വർണം കൈക്കലാക്കുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. പ്രതികൾക്ക് മുൻപും നിരവധി ക്രിമിനൽ കേസുകളിൽ പങ്കുള്ളതായും ഒരു പ്രതിക്ക് ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ കൈപ്പത്തി നഷ്ടപ്പെട്ടതായും പോലീസ് അറിയിച്ചു.അഭിരാമിയുടെ ലഗേജ് പരിശോധിച്ചപ്പോഴാണ് എമർജൻസി ലാമ്പിനുള്ളിൽ വിദഗ്ധമായി ഒളിപ്പിച്ച 14 സ്വർണപ്പാളികൾ കണ്ടെത്തിയത്. താമരശ്ശേരി സ്വദേശി സ്വാലിഹാണ് തനിക്ക് സ്വർണം കൈമാറിയതെന്നാണ് അഭിരാമിയുടെ പ്രാഥമിക മൊഴി.സ്വർണം ഏറ്റുവാങ്ങാനെത്തിയ ഹർഷലിൽനിന്ന് അഭിരാമിക്ക് പ്രതിഫലമായി നൽകാനായി കൊണ്ടുവന്ന 67,000 രൂപയും ഇയാൾ സഞ്ചരിച്ചിരുന്ന മാരുതി ആൾട്ടോ കാറും പോലീസ് പിടിച്ചെടുത്തു.
© Copyright - MTV News Kerala 2021





View Comments (0)