കണക്കിലും കളിയിലും ഒപ്പത്തിനൊപ്പം, ലോകകപ്പിൽ 60 വർഷത്തിന് ശേഷം ആദ്യ അങ്കം; അര്‍ജന്‍റീന-സ്പെയിൻ ഫൈനലില്‍ പ്രവചനം അസാധ്യം

MTV News 0
Share:

ലോക ഫുട്ബോളിന്‍റെ കനകകിരീടത്തിലേക്ക് ഇനി ഒരേയൊരു മത്സരത്തിന്‍റെ ദൂരം മാത്രം. ന്യൂയോർക്കിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ അർജന്‍റീനയും സ്പെയിനും നേർക്കുനേർ വരുമ്പോൾ ഫുട്ബോൾ ലോകം തങ്ങളുടെ പഴയ കണക്കുപുസ്തകങ്ങൾ തുറക്കുകയാണ്. ചരിത്രത്തിലെ നാലാം ലോകകിരീടമാണ് ലയണൽ മെസിയും സംഘവും ലക്ഷ്യമിടുന്നത്. മറുഭാഗത്ത് ചരിത്രത്തിലെ തങ്ങളുടെ രണ്ടാം കിരീടമുത്തത്തിനാണ് സ്പാനിഷ് പടയൊരുങ്ങുന്നത്. കണക്കിലെ കളികൾ പരിശോധിച്ചാൽ ആർക്കും വ്യക്തമായ മേധാവിത്വം അവകാശപ്പെടാനില്ലാത്ത തുല്യശക്തികളുടെ പോരാട്ടമാണിത്. ജയവും പരാജയവും മാറിമറിഞ്ഞ ചരിത്രമാണ് ഇരുവർക്കുമുള്ളത്.ചരിത്രത്തിൽ ഇതുവരെ 14 തവണയാണ് അർജന്‍റീനയും സ്പെയിനും അന്താരാഷ്ട്ര തലത്തിൽ ഏറ്റുമുട്ടിയിട്ടുള്ളത്. ഇതിൽ ഇരുടീമുകളും പുലർത്തുന്ന തുല്യത ഫുട്ബോൾ ആരാധകരെപ്പോലും അത്ഭുതപ്പെടുത്തുന്നതാണ്. അർജന്‍റീനയും സ്പെയിനും 6 മത്സരങ്ങള്‍ വീതം ജയിച്ചപ്പോള്‍ രണ്ട് മത്സരങ്ങള്‍ സമനിലയായി. അവസാനമായി പരസ്പരം ഏറ്റുമുട്ടിയ അഞ്ച് സൗഹൃദ മത്സരങ്ങളുടെ കണക്കെടുത്താൽ സ്പെയിനാണ് നേരിയ മുൻതൂക്കം. മൂന്ന് മത്സരങ്ങളിൽ സ്പെയിൻ ജയിച്ചപ്പോൾ രണ്ടെണ്ണത്തിൽ അർജന്‍റീനയ്ക്കായിരുന്നു വിജയം. ഇരുടീമുകളും അവസാനമായി നേർക്കുനേർ വന്നത് 2018 മാര്‍ച്ചിൽ മാഡ്രിഡില്‍ നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിലായിരുന്നു. അന്ന് ഒന്നിനെതിരെ ആറ് ഗോളുകൾക്ക് (6-1) അർജന്‍റീനയെ സ്പെയിൻ തകർത്തുവിട്ടു. അന്നത്തെ ആ നാണംകെട്ട തോൽവിക്ക് ലോകവേദിയിലെ ഏറ്റവും വലിയ വേദിയിൽ വെച്ച് പ്രതികാരം ചെയ്യാനാകും ഇന്ന് അർജന്‍റീനയുടെ ശ്രമം.ഫുട്ബോൾ ലോകത്തെ രണ്ട് വമ്പന്മാരാണെങ്കിലും ലോകകപ്പിന്‍റെ വലിയ വേദിയിൽ ഇരുവരും പരസ്പരം ഏറ്റുമുട്ടുന്നത് ചരിത്രത്തിൽ ഇത് രണ്ടാം തവണ മാത്രമാണ്. നീണ്ട 60 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ലോകവേദിയിൽ ഇവരുടെ ഒരു മുഖാമുഖം സാധ്യമാകുന്നത്. 1966-ലെ ഇംഗ്ലണ്ട് ലോകകപ്പിലാണ് ഇരുവരും ആദ്യമായും അവസാനമായും ഒരു ലോകകപ്പിൽ ഏറ്റുമുട്ടിയത്. അന്ന് ഗ്രൂപ്പ് മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് (2-1) അർജന്‍റീന സ്പെയിനെ പരാജയപ്പെടുത്തി.അന്ന് സ്പെയിൻ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായപ്പോൾ, അർജന്‍റീന ക്വാർട്ടർ ഫൈനൽ വരെ മുന്നേറിയ ശേഷമാണ് അന്ന് മടങ്ങിയത്. വർഷങ്ങൾക്ക് ശേഷം ലോകവേദിയിൽ വീണ്ടും നേർക്കുനേർ വരുമ്പോൾ മത്സരം ഒരു ഫൈനൽ പോരാട്ടമായി മാറി എന്നത് ആവേശം ഇരട്ടിയാക്കുന്നു. പഴയ കണക്കുകൂട്ടലുകൾ എല്ലാം കാറ്റിൽപ്പറത്തി ന്യൂയോർക്കിലെ പുൽമൈതാനത്ത് ഇന്ന് രാത്രി ആര് പുതിയ ചരിത്രം കുറിക്കുമെന്ന് കാത്തിരുന്ന് കാണാം.

Share:
ലോക ഫുട്ബോളിന്‍റെ കനകകിരീടത്തിലേക്ക് ഇനി ഒരേയൊരു മത്സരത്തിന്‍റെ ദൂരം മാത്രം. ന്യൂയോർക്കിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ അർജന്‍റീനയും സ്പെയിനും നേർക്കുനേർ വരുമ്പോൾ ഫുട്ബോൾ ലോകം തങ്ങളുടെ പഴയ കണക്കുപുസ്തകങ്ങൾ തുറക്കുകയാണ്. ചരിത്രത്തിലെ നാലാം ലോകകിരീടമാണ് ലയണൽ മെസിയും സംഘവും ലക്ഷ്യമിടുന്നത്. മറുഭാഗത്ത് ചരിത്രത്തിലെ തങ്ങളുടെ രണ്ടാം കിരീടമുത്തത്തിനാണ് സ്പാനിഷ് പടയൊരുങ്ങുന്നത്. കണക്കിലെ കളികൾ പരിശോധിച്ചാൽ ആർക്കും വ്യക്തമായ മേധാവിത്വം അവകാശപ്പെടാനില്ലാത്ത തുല്യശക്തികളുടെ പോരാട്ടമാണിത്. ജയവും പരാജയവും മാറിമറിഞ്ഞ ചരിത്രമാണ് ഇരുവർക്കുമുള്ളത്.ചരിത്രത്തിൽ ഇതുവരെ 14 തവണയാണ് അർജന്‍റീനയും സ്പെയിനും അന്താരാഷ്ട്ര...കണക്കിലും കളിയിലും ഒപ്പത്തിനൊപ്പം, ലോകകപ്പിൽ 60 വർഷത്തിന് ശേഷം ആദ്യ അങ്കം; അര്‍ജന്‍റീന-സ്പെയിൻ ഫൈനലില്‍ പ്രവചനം അസാധ്യം