കിഡ് ഗ്ലൗ’ പദ്ധതി 15 സ്കൂളുകളിലേക്ക് കൂടി വ്യാപിപ്പിക്കും;സമ്മിറ്റിൽ പങ്കെടുത്ത വിദ്യാർത്ഥികളെ ആദരിച്ചു

MTV News 0
Share:

 

 

കുട്ടികളിലെ ഡിജിറ്റൽ അഡിക്ഷൻ കുറയ്ക്കുന്നതിനും സൈബർ ഇടങ്ങളിൽ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുമായി കേരള പോലീസ് നടപ്പാക്കുന്ന ‘കിഡ് ഗ്ലൗ’ (Kid Glove) പദ്ധതി ഈ വർഷം 15 സ്കൂളുകളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫ് പറഞ്ഞു. കേരള പോലീസിന്റെ ‘കിഡ് ഗ്ലൗ – 2026’ സമ്മിറ്റിൽ എറണാകുളത്ത് പങ്കെടുത്ത കോഴിക്കോട് റൂറൽ മേഖലയിലെ വിദ്യാർത്ഥികളെ ആദരിക്കുന്നതിനും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതിനും പദ്ധതിയുടെ തുടർപരിപാടികൾക്ക് തുടക്കം കുറിക്കുന്നതിനുമായി ജില്ലാ പോലീസ് ട്രെയിനിംഗ് സെന്ററിൽ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.സൈബർ കുറ്റകൃത്യങ്ങൾക്കും ഓൺലൈൻ തട്ടിപ്പുകൾക്കുമെതിരെ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് ജില്ലാ പോലീസ് മേധാവി അഭ്യർത്ഥിച്ചു. സർക്കാരിന്റെ ‘ക്ലിക്ക്’ (CLICK – Community Led Initiative for Cyber Resilient Keralam) പദ്ധതിയിൽ എല്ലാവരും പങ്കാളികളാകണമെന്നും അവർ പറഞ്ഞു. സമ്മിറ്റിൽ പങ്കെടുത്ത വിദ്യാർത്ഥികൾ ചടങ്ങിൽ അനുഭവങ്ങൾ പങ്കുവെച്ചു. സൈബർ ക്രൈം ഇൻസ്‌പെക്ടർ കെ. ഉമേഷ്, സബ് ഇൻസ്‌പെക്ടർ ടി.ബി. ഷൈജു, സൈബർ സെൽ സബ് ഇൻസ്‌പെക്ടർ കെ. ശ്രീജിത്ത്, എസ്.സി.പി.ഒ. എം.കെ. ശരേഷ് എന്നിവർ പരിപാടിയിൽ സംസാരിച്ചു.