
കോഴിക്കോട്ടെ ഭക്ഷ്യശാലകളിൽ നിരന്തര പരിശോധന നടത്തണം: മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ്
ബീച്ച് ഫുഡ് സ്ട്രീറ്റിലെയും കോഴിക്കോട് നഗരത്തിലെ മറ്റ് പ്രധാന ഭക്ഷ്യ വിൽപന കേന്ദ്രങ്ങളിലെയും ഭക്ഷണം തയാറാക്കുകയും സൂക്ഷിക്കുകയും വിൽക്കുകയും ചെയ്യുന്ന സ്ഥലങ്ങളിൽ നിരന്തര പരിശോധന നടത്തണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. കോർപറേഷൻ ആരോഗ്യ വിഭാഗത്തിനും ഭക്ഷ്യ സുരക്ഷാ വകുപ്പിനുമാണ് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് നിർദേശം നൽകിയത്.ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നതായി ഉദ്യോഗസ്ഥർ ഉറപ്പാക്കണം. ഭക്ഷണം തയാറാക്കുന്ന സ്ഥലങ്ങൾ, പാചകത്തിനും സംഭരണത്തിനും ഉപയോഗിക്കുന്ന ഉപകരണങ്ങൾ, പാത്രങ്ങൾ, ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്ന രീതി, ശുദ്ധജല ലഭ്യത, മാലിന്യ സംസ്കരണം, ഭക്ഷണം കൈകാര്യം ചെയ്യുന്നവരുടെ വ്യക്തിശുചിത്വം എന്നിവ പ്രത്യേകമായി പരിശോധിക്കണമെന്ന് കമ്മിഷൻ നിർദേശിച്ചു.തുറസ്സായതും വൃത്തിഹീനമായതുമായ സാഹചര്യത്തിൽ ഭക്ഷണം തയാറാക്കുകയോ സൂക്ഷിക്കുകയോ വിൽക്കുകയോ ചെയ്യുന്നത് തടയണം. ഭക്ഷണം മലിനീകരണത്തിന് വിധേയമാകാത്ത തരത്തിൽ സുരക്ഷിതമായി സൂക്ഷിക്കണം. ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള ലൈസൻസ്, റജിസ്ട്രേഷൻ മറ്റ് നിർബന്ധിത വ്യവസ്ഥകൾ എന്നിവ പാലിക്കണം. ഭക്ഷ്യ സുരക്ഷയ്ക്കും പൊതുജനാരോഗ്യത്തിനും ഭീഷണിയാവുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമാനുസൃത പരിശോധനയും തുടർനടപടിയും സ്വീകരിക്കണമെന്നും കോഴിക്കോട് മുനിസിപ്പൽ കോർപറേഷൻ സെക്രട്ടറിക്കും ഭക്ഷ്യസുരക്ഷാ ഓഫിസർമാർക്കും ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് നിർദേശം നൽകി.ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ കോർപറേഷൻ സെക്രട്ടറിയും കോഴിക്കോട് നോർത്ത് – സൗത്ത് ഭക്ഷ്യ സുരക്ഷ ഓഫിസർമാരും കമ്മിഷനിൽ സമർപ്പിക്കണം. ഡിസംബർ 18ന് കോഴിക്കോട് ഗവ. ഗെസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മിഷൻ സ്വമേധയാ റജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
© Copyright - MTV News Kerala 2021





View Comments (0)