സമ്പൂർണ്ണ നൈപുണി വികസനം; കരുത്തായി ജില്ലാ പഞ്ചായത്ത് സ്കിൽ ഡെവലപ്‌മെന്റ് സെന്റർ

MTV News 0
Share:

 

പ്രായഭേദമന്യേ ഡിജിറ്റൽ സാക്ഷരതയും തൊഴിൽ നൈപുണിയും പകർന്നുനൽകുകയാണ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്കിൽ ഡെവലപ്‌മെന്റ് സെന്റർ. സാക്ഷരതാ പ്രവർത്തനങ്ങളുടെ തുടർച്ചയായി ‘ടു റീച്ച് ദി അൺറീച്ച്ഡ്’ എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സ്ഥാപനത്തിലൂടെ ഇതിനോടകം പതിനായിരത്തിലധികം പേരാണ് പരിശീലനം പൂർത്തിയാക്കിയിട്ടുള്ളത്. സാങ്കേതികവിദ്യയുടെ ലോകത്ത് മറ്റൊരാളുടെ സഹായമില്ലാതെ ഇടപെടാൻ മുതിർന്ന പൗരരെ പ്രാപ്തരാക്കുന്ന പ്രത്യേക പരിശീലനവും സ്ഥാപനം നൽകി വരുന്നു. 60 മുതൽ 85 വയസ്സുവരെയുള്ളവർക്കായി രൂപകൽപ്പന ചെയ്ത ക്ലാസുകളിലൂടെ സ്മാർട്ട്ഫോൺ ഉപയോഗം, ഗൂഗിൾ പേ ഉൾപ്പെടെയുള്ള ഓൺലൈൻ പണമിടപാടുകൾ, വാട്‌സ്ആപ്പ് സന്ദേശങ്ങളും വീഡിയോ കോളുകളും അയക്കൽ തുടങ്ങിയ ദൈനംദിന ഡിജിറ്റൽ സേവനങ്ങൾ ലളിതമായി കൈകാര്യം ചെയാനാണ് പരിശീലനം നൽകുന്നത്.സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങളെ ചേർത്തുപിടിക്കുന്ന നിരവധി ക്ഷേമപദ്ധതികളും സെന്ററിന്റെ ഭാഗമായി നടപ്പിലാക്കുന്നുണ്ട്. വനിതകൾ, ഭിന്നശേഷിക്കാർ, ട്രാൻസ്‌ജെൻഡർ വിഭാഗക്കാർ, പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗക്കാർ, ബി.പി.എൽ കുടുംബങ്ങൾ, തീരദേശവാസികൾ, പഠനം പാതിവഴിയിൽ ഉപേക്ഷിച്ചവർ എന്നിവർക്ക് ഫീസ് ആനുകൂല്യങ്ങളും പരിശീലനവും സ്വയംതൊഴിൽ ഉപകരണങ്ങളും പദ്ധതി വഴി ലഭ്യമാക്കുന്നുണ്ട്.കെ.എസ്.ഇ.ബി വയർമാൻ ലൈസൻസിംഗ് ബോർഡ്, സി-ഡിറ്റ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്‌കൂളിംഗ്, കെ.ജി.സി.ഇ സർട്ടിഫിക്കറ്റ് കോഴ്‌സുകൾക്ക് പുറമെ ജില്ലാ പഞ്ചായത്ത് അക്കാദമിക് കമ്മിറ്റിയുടെ അംഗീകാരമുള്ള ഹ്രസ്വകാല പരിശീലനങ്ങളും നൽകുന്നുണ്ട്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്‌കൂളിംഗിന്റെ രണ്ട് ദേശീയ പുരസ്കാരങ്ങൾ നേടിയ സ്ഥാപനത്തിലേക്കുള്ള പ്രവേശനവും കൂടുതൽ വിവരങ്ങളും കോഴിക്കോട് സിവിൽ സ്റ്റേഷൻ പരിസരത്തുള്ള പ്രധാന കേന്ദ്രത്തിലും കുന്നുമ്മൽ, നന്മണ്ട പഞ്ചായത്തുകളിലെ സബ് സെന്ററുകളിൽ നിന്നും ലഭിക്കും.