കോഴിക്കോട് ബീച്ചിലെ തട്ടുകട ലൈസൻസിന്റെ മറവിൽ കടകൾ വാടകയ്ക്കു മറിച്ചുനൽകിയതായി കണ്ടെത്തൽ

MTV News 0
Share:

ബീച്ചിലെ ഫുഡ് സ്ട്രീറ്റിൽ പ്രവർത്തിക്കുന്ന തട്ടുകടകളിൽ ഭൂരിഭാഗവും ലൈസൻസ് നൽകിയ വ്യക്തികളല്ല കച്ചവടം നടത്തുന്നതെന്നു കണ്ടെത്തൽ. ഫുഡ് സ്ട്രീറ്റിലുള്ള തട്ടുകടകളിൽ കോഴിക്കോട് കോർപറേഷൻ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് പലരും കടകൾ വാടകയ്ക്കു മറിച്ചു നൽകിയതായി കണ്ടെത്തിയത്.2 ദിവസമായി ആരോഗ്യവകുപ്പ് നടത്തുന്ന പരിശോധന ഇന്നലെയും തുടർന്നു. പാവപ്പെട്ട തട്ടുകടക്കാർക്ക് ഉപജീവനം നടത്താനായി നൽകിയ ലൈസൻസിന്റെ മറവിൽ വലിയ സന്നാഹങ്ങളൊരുക്കി ഹോട്ടൽ പോലെ കച്ചവടം നടത്തുന്നതായും കണ്ടെത്തിയിരുന്നു. ഇന്നലെ ആരോഗ്യവകുപ്പ് പരിശോധനയ്ക്ക് എത്തിയപ്പോൾ മിക്ക കടകളിലും ലൈസൻസി ഉണ്ടായിരുന്നില്ല.ലൈസൻസി ‘പുറത്തു പോയി, കടയിൽ പോയി, ആശുപത്രിയി‍ൽ പോയി’… എന്നിങ്ങനെയായിരുന്നു കടയിൽ ഉണ്ടായിരുന്നവരുടെ വിശദീകരണം. ലൈസൻസിക്കു മാത്രമേ കച്ചവടം നടത്താൻ പാടുള്ളൂ. ഒഴിച്ചു കൂടാനാകാത്ത സാഹചര്യമുണ്ടെങ്കിൽ ഭാര്യയ്ക്കോ മക്കൾക്കോ കച്ചവടം നടത്താം. എന്നാൽ മിക്ക കടകളിലും അതിഥിത്തൊഴിലാളികളും മറ്റുമാണ് ജോലിക്കുണ്ടായിരുന്നത്. മൂന്നും നാലും തൊഴിലാളികൾ ജോലി ചെയ്യുന്ന തട്ടുകടകളുമുണ്ട്. ഈ തൊഴിലാളികളുടെയെല്ലാം പേരു വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. ലൈസൻസ് നൽകിയ കച്ചവടത്തിനു പകരം മറ്റു കച്ചവടങ്ങൾ നടത്തുന്നതും കണ്ടെത്തി.അതേസമയം ശുചിത്വം ഉറപ്പാക്കാൻ കഴിഞ്ഞദിവസം കോർപറേഷൻ നടത്തിയ പരിശോധനയ്ക്കു ശേഷവും പല കടകളിലും നിയമലംഘനങ്ങൾ ഇന്നലെയുമുണ്ടായിരുന്നു. തട്ടുകടകളിൽ പാചകം പാടില്ല എന്നു നിർദേശം നൽകിയെങ്കിലും ഗ്യാസ് സിലിണ്ടറുകൾ ഉപയോഗിച്ച് പാചകം നടത്തുന്നതും മതിയായ ശുചീകരണമില്ലാതെ പാചകം നടത്തുന്നതും അടക്കമുള്ള കാര്യങ്ങൾ ഇന്നലെയും തട്ടുകടകളിൽ ഉണ്ടായിരുന്നു. നിയമലംഘനങ്ങൾ തുടരുന്നവരുടെ ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികളാണ് കോർപറേഷൻ പരിഗണിക്കുന്നത്.