
കോഴിക്കോട് പാളയം മാർക്കറ്റ് പൊളിക്കാൻ തീരുമാനം; വ്യാപാരികൾക്ക് നോട്ടീസ് നൽകി കോർപ്പറേഷൻ
കോഴിക്കോട് പാളയം മാര്‍ക്കറ്റിലെ കെട്ടിടം പൊളിക്കാന്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചതിന് പിന്നാലെ വ്യാപാരികള്‍ക്ക് നോട്ടിസ്. മാര്‍ക്കറ്റ് ഒഴിയണമെന്നും കല്ലുത്താന്‍കടവിലെ പുതിയ കടമുറികള്‍ എത്രയും വേഗം ഏറ്റെടുക്കണമെന്നുമാണ് ആവശ്യം. പുതിയ കെട്ടിടത്തിലേക്ക് മാറാന്‍ ഇപ്പോഴും ഒരു വിഭാഗം വ്യാപാരികള്‍ തയാറല്ല. കോര്‍പറേഷന്‍ നടപടി കടുപ്പിക്കുമ്പോഴും ഇതാണ് ഒരു വിഭാഗം വ്യാപാരികളുടെ നിലപാട്. കാലപ്പഴക്കം ചെന്ന കെട്ടിടം പൊളിച്ച് മാറ്റണമെന്ന് എന്‍.െഎ.ടി റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് കഴിഞ്ഞദിവസം ചേര്‍ന്ന കൗണ്‍സില്‍ യോഗം പൊളിക്കാന്‍ തീരുമാനമെടുത്തത്. യുഡിഎഫ് എതിര്‍ത്തെങ്കിലും സി.പി.എമ്മും ബി.ജെ.പിയും ഒന്നിച്ചതോടെ തീരുമാനം പാസായി. കല്ലുത്താന്‍ കടവിലെ പുതിയ മാര്‍ക്കറ്റ് കെട്ടിടത്തില്‍ 380 കടമുറികളുണ്ടെങ്കിലും ലൈസന്‍സുള്ള 153 വ്യാപാരികള്‍ ഇപ്പോഴും പാളയത്ത് തന്നെ തുടരുകയാണ്.പുതിയ കടകള്‍ ഏറ്റെടുക്കാന്‍ തയാറായവര്‍ക്ക് കഴിഞ്ഞവര്‍ഷം നറുക്കെടുപ്പിലൂടെയാണ് പുതിയ കടമുറികള്‍ അനുവദിച്ചത്. എന്നാല്‍, അസൗകര്യങ്ങള്‍ നിറഞ്ഞ കല്ലുത്താന്‍കടവിലെ പോകില്ലെന്ന തീരുമാനത്തില്‍ ചിലര്‍ ഉറച്ചുനില്‍ക്കുകയാണ്. നോട്ടീസ് ലഭിച്ച് പത്തുദിവസത്തിനുള്ളില്‍ മറുപടി നല്‍കാനാണ് കോര്‍പ്പറേഷന്‍റെ നിര്‍ദേശം. വ്യാപാരികള്‍ കടകള്‍ ഏറ്റെടുക്കുന്നില്ലെങ്കില്‍ മറ്റ് ആവശ്യങ്ങള്‍ക്ക് കൈമാറുമെന്നും അറിയിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഒക്ടബോര്‍ 21നാണ് കല്ലുത്താന്‍കടവില്‍ അന്നത്തെ മുഖ്യമന്ത്രി പുതിയ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തത്.
© Copyright - MTV News Kerala 2021




View Comments (0)