
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൗജന്യമായിരുന്ന 14 ലാബ് പരിശോധനകൾക്ക് ഇനി ഫീസ് ഈടാക്കും. പാത്തോളജി, ഹിസ്റ്റോപാത്തോളജി, സൈറ്റോളജി, ഹെമറ്റോളജി വിഭാഗങ്ങളിലെ പരിശോധനകൾക്കാണ് 30 രൂപ മുതൽ 800 രൂപ വരെ നിരക്ക് നിശ്ചയിച്ചത്.കാൻസർ കണ്ടെത്തുന്നതിനുള്ള ബയോപ്സി പരിശോധന ഉൾപ്പെടെ പാത്തോളജി ലാബിലെ 14 പരിശോധനകൾക്കാണ് നേരത്തെ ഫീസ് ഉണ്ടായിരുന്നില്ല. ഇനി ബയോപ്സി പരിശോധനയ്ക്ക് 150 രൂപ നൽകണം. ഫൈബ്രിനോജൻ പരിശോധനയ്ക്ക് 500 രൂപയും രക്തം കട്ടപിടിക്കുന്നതുമായി ബന്ധപ്പെട്ട ലൂപ്പസ് ആന്റികോഅഗുലന്റ് പരിശോധനയ്ക്ക് 800 രൂപയുമാണ് ഫീസ്.സൗജന്യമായിരുന്ന ഹിസ്റ്റോപാത്തോളജി, സൈറ്റോളജി, ഹെമറ്റോളജി വിഭാഗങ്ങളിലെ പതിവ് പരിശോധനകൾക്കും ഇനി നിരക്ക് ഈടാക്കും.പരിശോധനകൾക്ക് ഉപയോഗിക്കുന്ന റീജന്റുകളുടെ വില ഉൾപ്പെടെയുള്ള ചെലവ് വർധിച്ചതാണ് ഫീസ് ഏർപ്പെടുത്താൻ കാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. പരിശോധനാ റിപ്പോർട്ടുകൾ രോഗികൾ കൈപ്പറ്റാതെ പോകുന്നതിനാൽ പാഴ്ചെലവ് വർധിക്കുന്നതും അധികൃതർ ചൂണ്ടിക്കാട്ടുന്നു.കലക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് പരിശോധനകൾക്ക് ഫീസ് ഈടാക്കാൻ തീരുമാനിച്ചതെന്നാണ് വിവരം.
© Copyright - MTV News Kerala 2021





View Comments (0)