ക്രിസ്മസ്–ന്യൂ ഇയർ ബമ്പർ ഒന്നാം സമ്മാനം 25 കോടി; ടിക്കറ്റ് വില 450 രൂപ

MTV News 0
Share:

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ്–ന്യൂ ഇയർ ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനത്തുക 20 കോടിയിൽ നിന്ന് 25 കോടിയായി ഉയർത്തി. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 24 പേർക്ക് ലഭിക്കും. ഒരു ടിക്കറ്റിന് 450 രൂപയാണ് വില.CA, CB, CC, CD, CE, CF, CG, CH, CJ, CK, CL, CM എന്നീ 12 സീരീസുകളിലായി ഒരു കോടി എട്ട് ലക്ഷം ടിക്കറ്റുകൾ ഏജന്റുമാർക്ക് വിതരണം ചെയ്യാനാണ് തീരുമാനം. വിപണിയിലെ ആവശ്യകത അനുസരിച്ചായിരിക്കും ടിക്കറ്റുകൾ അച്ചടിക്കുകയെന്ന് സർക്കാർ അറിയിച്ചു.മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 24 പേർക്കും നാലാം സമ്മാനമായി അഞ്ച് ലക്ഷം രൂപ വീതം 24 പേർക്കും ലഭിക്കും. അഞ്ചാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം 108 പേർക്കാണ് ലഭിക്കുക.ഇതിന് പുറമെ 5,000 രൂപ വീതം 32,400 പേർക്കും 2,000 രൂപ വീതം 60,480 പേർക്കും 1,000 രൂപ വീതം 1,10,160 പേർക്കും 600 രൂപ വീതം 2,72,160 പേർക്കും 500 രൂപ വീതം 2,91,600 പേർക്കും സമ്മാനം ലഭിക്കും. 11 പേർക്ക് ഒരു ലക്ഷം രൂപ വീതം സമാശ്വാസ സമ്മാനവും നൽകും. ആകെ 124,01,16,000 രൂപയാണ് സമ്മാനത്തുകയായി വിതരണം ചെയ്യുക.2027 ഫെബ്രുവരി ഒന്നിന് തിരുവനന്തപുരത്താണ് നറുക്കെടുപ്പ്. ഭാഗ്യക്കുറി ടിക്കറ്റുകളുടെ ഓൺലൈൻ വിൽപ്പന നിയമവിരുദ്ധമാണെന്ന് ഭാഗ്യക്കുറി ഡയറക്ടർ കെ. ഇമ്പശേഖർ അറിയിച്ചു. ലൈസൻസുള്ള ഏജന്റുമാരിൽ നിന്ന് അച്ചടിച്ച യഥാർഥ ടിക്കറ്റുകൾ മാത്രം വാങ്ങണം. സോഷ്യൽ മീഡിയ വഴിയോ ഡിജിറ്റൽ പേയ്മെന്റ് ലിങ്കുകൾ വഴിയോ ടിക്കറ്റുകൾ വാങ്ങരുതെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.