
പെട്രോളിൽ നിശ്ചിത അളവിൽ കൂടുതൽ എഥനോൾ കലർത്തുന്നുണ്ടോയെന്ന് കണ്ടെത്താൻ കേരളത്തിലും പരിശോധന തുടങ്ങുന്നു. നാളെ മുതൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ഇന്ധന സാമ്പിളുകൾ ശേഖരിക്കും. പെട്രോൾ പമ്പുകളിൽ നിന്നും ഇന്ധനം വിതരണം ചെയ്യുന്ന ടാങ്കർ ലോറികളിൽ നിന്നുമാണ് സാമ്പിളുകൾ എടുക്കുക.ജില്ലാ സപ്ലൈ ഓഫീസർമാരുടെ നേതൃത്വത്തിലായിരിക്കും പരിശോധന. നാല് ജില്ലകളിലായി അഞ്ച് പെട്രോൾ പമ്പുകളിൽ നിന്നും ഇന്ധനം എത്തിക്കുന്ന ലോറികളിൽ നിന്നും സാമ്പിളുകൾ ശേഖരിക്കാനാണ് തീരുമാനം. ഓരോ കേന്ദ്രത്തിൽ നിന്നും ആറ് സാമ്പിളുകൾ വീതം ശേഖരിക്കും. ഇതിൽ രണ്ടെണ്ണം പരിശോധനയ്ക്കായി ലബോറട്ടറിയിലേക്ക് അയക്കും. രണ്ടെണ്ണം സിവിൽ സപ്ലൈസ് ഗോഡൗണിൽ സൂക്ഷിക്കും. ശേഷിക്കുന്ന രണ്ടെണ്ണം അതത് പെട്രോൾ പമ്പുകളിൽ തന്നെ സീൽ ചെയ്ത് സൂക്ഷിക്കും.പരിശോധനയിൽ അപാകതകൾ കണ്ടെത്തുകയോ ഫലങ്ങളിൽ സംശയമുണ്ടാകുകയോ ചെയ്താൽ വീണ്ടും പരിശോധിക്കാനുള്ള സാഹചര്യം ഉറപ്പാക്കാനാണ് ആറ് സാമ്പിളുകൾ ശേഖരിക്കുന്നത്. പരിശോധനയുമായി ബന്ധപ്പെട്ട ആദ്യഘട്ട പരിശീലനം ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്.നേരത്തെ കർണാടകയിൽ നടത്തിയ സമാന പരിശോധനയ്ക്കെതിരെ പെട്രോളിയം കമ്പനികൾ രംഗത്തെത്തിയിരുന്നു. പരിശോധന കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചല്ല നടത്തിയതെന്നായിരുന്നു കമ്പനികളുടെ വാദം. ഈ സാഹചര്യത്തിൽ ആവശ്യമായ എല്ലാ മാനദണ്ഡങ്ങളും പാലിച്ചായിരിക്കുമോ കേരളത്തിലെ പരിശോധനയെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഇന്ധനത്തിൽ ക്രമക്കേട് കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് വ്യക്തമാക്കിയിട്ടുണ്ട്. E20 പെട്രോളിലെ എഥനോൾ അളവ് സംബന്ധിച്ച ചർച്ചകൾക്കിടെയാണ് കേരളത്തിലും പരിശോധന ആരംഭിക്കുന്നത്.
© Copyright - MTV News Kerala 2021





View Comments (0)