
ഗർഭിണിയുടെ മരണം: ആദ്യവിവാഹത്തിലെ മകളുടെ മുന്നിലിട്ടും കൊല്ലാൻ ശ്രമിച്ചു, ഗുരുതര ആരോപണങ്ങളുമായി കുടുംബം
ഏഴു മാസം ഗർഭിണിയായിരിക്കെ കൊയിലാണ്ടി അരിക്കുളത്തെ വാടക വീട്ടിൽ അബോധാവസ്ഥയിലായതിനെ തുടർന്ന് കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ മരിച്ച പയ്യോളി സ്വദേശിനി താരയിൽ വിരുന്നുകണ്ടി ഷമീമയുടെ (28) മരണത്തിൽ ദുരൂഹതയെന്ന് കുടുംബം. ഒന്നര മാസം മുൻപാണ് ഷമീമയെ മാതാവ് അസ്മ അബോധാവസ്ഥയിൽ കണ്ടത്. മകളെ ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് നേരിട്ട് അന്വേഷിച്ച് ചെന്നപ്പോഴായിരുന്നു സംഭവം.തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെന്റിലേറ്ററിൽ ഒന്നര മാസത്തോളം ചികിത്സയിൽ കഴിഞ്ഞ ശേഷം കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയാണു മരിച്ചത്. വയറ്റിലെന്തോ കറുത്ത വസ്തു കണ്ടതായും വിഷം ഉള്ളില്‍ച്ചെന്നോയെന്ന് സംശയമുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. പിന്നാലെ തലച്ചോറിനുള്‍പ്പെടെ ക്ഷതം സംഭവിച്ചെന്നും അറിഞ്ഞു. ഭർത്താവ് അരിക്കുളം സ്വദേശി നവാസ് ഭാര്യ ഷമീമയെ നിരന്തരം ശാരീരിക – മാനസിക പീഡനങ്ങൾ ഏൽപിച്ചതായി യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു.ഒരു വര്‍ഷം മുന്‍പ് ആദ്യവിവാഹത്തിലെ മകളുടെ മുന്‍പിലിട്ട് കൊലപ്പെടുത്താനും നവാസ് ശ്രമിച്ചിരുന്നു. ഓട്ടോയുമായി വന്ന് ഇയാള്‍ ഷമീമയെ ഇടിച്ചുവീഴ്ത്തി. അന്ന് കൈകള്‍ക്കും കാലിനും സാരമായി പരുക്കേറ്റിരുന്നു. അന്ന് കുടുംബാംഗങ്ങള്‍ ചേര്‍ന്ന് സംസാരിച്ച് പ്രശ്നം പരിഹരിച്ച് വിട്ടെങ്കിലും നവാസിന്റെ പെരുമാറ്റത്തില്‍ മാറ്റമുണ്ടായില്ല. ഷമീമ ആശുപത്രിയില്‍ കിടക്കുമ്പോള്‍ മൂന്നു ദിവസം വന്നെങ്കിലും പിന്നെ ആ വഴി കണ്ടില്ലെന്ന് കുടുംബം പറയുന്നു. മരിക്കുന്നതിന് ഏതാനും ദിവസം മുൻപ് ഷമീമയുടെ ഫോൺ കൈവശം വച്ച സഹോദരൻ ഷാമിലിനെ ഭർത്താവും സുഹൃത്തുക്കളും ചേർന്ന് കൊയിലാണ്ടി കുറുവങ്ങാട് വച്ച് മർദിച്ചിരുന്നു. സംഭവത്തിൽ ഷാമിലിന്റെ കൈയ്ക്കു 4 തുന്നലുകൾ വേണ്ടിവന്നു. ഷമീമയുടെ മരണത്തെ തുടർന്ന് പരാതി നൽകിയ ബന്ധുവിനെതിരെ ഭർത്താവ് നവാസ് വധഭീഷണി മുഴക്കിയതായും പറയുന്നു. നവാസിന്റേതും ഷമീമയുടേതും പ്രണയവിവാഹമായിരുന്നു. മരണത്തിൽ സംശയമുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഷമീമയുടെ കുടുംബം കൊയിലാണ്ടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
© Copyright - MTV News Kerala 2021





View Comments (0)