ചെറൂപ്പ ആരോഗ്യ കേന്ദ്രത്തെ അത്യാധുനിക സാമൂഹികാരോഗ്യ കേന്ദ്രമായി വികസിപ്പിക്കാൻ തുടർനടപടികളുമായി സർക്കാർ

MTV News 0
Share:

കോഴിക്കോട് മെഡിക്കൽ കോളേജിന്റെ റൂറൽ ഹെൽത്ത് ട്രെയിനിങ് സെന്ററായ ചെറൂപ്പ ആരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ ഊർജിതമാക്കാനും 24 മണിക്കൂർ പ്രവർത്തനം പൂർണ്ണതോതിൽ പുന:സ്ഥാപിച്ച് കേന്ദ്രത്തെ അത്യാധുനിക സാമൂഹികാരോഗ്യ കേന്ദ്രമായി വികസിപ്പിക്കാനും സർക്കാർ തുടർനടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരൻ. നിയമസഭയിൽ എം.എ. റസാഖ് മാസ്റ്റർ എം എൽ എയുടെ സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി.പതിനഞ്ചാം കേന്ദ്ര ധനകാര്യ കമ്മീഷൻ ഹെൽത്ത് ഗ്രാന്റ് പ്രകാരം അനുവദിച്ച തുക ഉപയോഗിച്ച് ചെറൂപ്പയിൽ ബ്ലോക്ക് പൊതുജനാരോഗ്യ യൂണിറ്റ് സ്ഥാപിക്കുന്നതിന് ഇതിനകം അനുമതി നൽകിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി. എം.എ.ൽ.എ ഉന്നയിച്ച മറ്റു വികസന ആവശ്യങ്ങളും ഭരണപരമായ നടപടികളും അനുഭാവപൂർവ്വം പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.ചെറൂപ്പ ആരോഗ്യ കേന്ദ്രത്തെ മികച്ച രീതിയിലുള്ള 24×7 സാമൂഹികാരോഗ്യ കേന്ദ്രമായി ഉയർത്തുന്നതിന് പുരുഷന്മാർക്കും സ്ത്രീകൾക്കുമായി കുറഞ്ഞത് 30 കിടക്കകളുള്ള പ്രത്യേക വാർഡുകൾ സജ്ജീകരിക്കേണ്ടതുണ്ട്. വർധിച്ചുവരുന്ന രോഗികളുടെ എണ്ണത്തിന് അനുസൃതമായി കൺസൾട്ടേഷൻ റൂമുകൾ, ട്രീറ്റ്‌മെന്റ് മുറികൾ, ഇമ്മ്യൂണൈസേഷൻ റൂം, രോഗികൾക്കായി വിശാലമായ കാത്തിരിപ്പ് കേന്ദ്രം എന്നിവയടങ്ങുന്ന പുതിയ ഒ.പി ബ്ലോക്കിന്റെ നിർമ്മാണം അനിവാര്യമാണെന്ന് എം.എൽ.എ സബ്മിഷനിലൂടെ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി. കൂടാതെ അടിയന്തിര ഘട്ടങ്ങളിൽ രോഗികളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിനും പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾക്കുമായി ഔദ്യോഗിക വാഹനം അനുവദിക്കുകയും നിലവിലുള്ള ഡ്രൈവർ തസ്തികയിലേക്ക് അടിയന്തരമായി നിയമനം നടത്തുകയും വേണമെന്നും എം എൽ എ ആവശ്യപ്പെട്ടു