
പ്രതികളെ വലയിലാക്കാൻ എക്സൈസ് സഞ്ചരിച്ചത് 15,000 കി.മീ; അന്വേഷണം രാജ്യാന്തര ശൃംഖലയിലേക്ക്; ഏഴുപേർ കൂടി പിടിയിൽ
ഏപ്രിൽ 23 ന് കോഴിക്കോട് ഒളവണ്ണ ടോൾ പ്ലാസയ്ക്കു സമീപം കാറിൽ കടത്താൻ ശ്രമിച്ച കോടികൾ വിലമതിക്കുന്ന 3.312 കിലോ എംഡിഎംഎ, 56 ഗ്രാം എംഡിഎംഎ എക്സ്റ്റസി ഗുളികകൾ എന്നിവയുമായി മലപ്പുറം കൊണ്ടോട്ടി കച്ചേരിക്കൽ പി.കെ. ഷഫീഖും(33), സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും താമരശ്ശേരി പുതുപ്പാടി കല്ലടിക്കുന്നുമ്മൽ ഫാത്തിമ നസ്‌റിനും(20) പിടിയിലായതിന്റെ ചുവടുപിടിച്ച് സംസ്ഥാന എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണം വഴിതുറന്നത് രാജസ്ഥാൻ, മഹാരാഷ്ട്ര, തമിഴ്നാട്, ബംഗാൾ എന്നീ സംസ്ഥാനങ്ങളിലും നേപ്പാൾ അതിർത്തിയിലും കണ്ണികളുള്ള രാജ്യാന്തര ലഹരിമരുന്നു ശൃംഖലയിലെ കണ്ണികളിലേക്ക്.സംസ്ഥാനത്ത് ഇതുവരെ കണ്ടെത്തിയ ഏറ്റവും വലിയ ലഹരിമരുന്നു കേസുകളിൽ ഒന്നായ പന്തീരാങ്കാവ് എംഡിഎംഎ കേസിന്റെ ഗൗരവം പരിഗണിച്ച് എക്സൈസ് കമ്മിഷണറുടെ നിർദേശപ്രകാരം കോഴിക്കോട്, വയനാട് അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർമാരെ തലവന്മാരാക്കി കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ 11 ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി രൂപീകരിച്ച പ്രത്യേക സംഘത്തിന്റെ(എസ്ഐടി) അന്വേഷണത്തിലാണ് നൈജീരിയൻ സ്വദേശി ഉൾപ്പെടെ 7 പേർ കൂടി അറസ്റ്റിലായത്. കേസിൽ നേരിട്ട് ബന്ധമുള്ള ഇമ്മാനുവൽ അഫാം(46) എന്ന നൈജീരിയൻ പൗരനെ കൂടി ഉടൻ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് എക്സൈസ് സംഘം. ഇയാൾ രാജ്യം വിടാതിരിക്കാൻ ഫോറിൻ റീജനൽ റജിസ്ട്രേഷൻ ഓഫിസ്(എഫ്ആർആർഒ) വഴി ഇയാളുടെ യാത്രാ വിവരങ്ങൾ ശേഖരിച്ചതായും ഇയാളെ എട്ടാം പ്രതിയായി ചേർത്ത് വടകര എൻഡിപിഎസ് കോടതിയിൽ നിന്ന് അറസ്റ്റ് വാറന്റ് വാങ്ങി ബ്യൂറോ ഓഫ് ഇമിഗ്രേഷൻ വഴി ലുക്ക്ഔട്ട് സർക്കുലർ പുറത്തിറക്കിയതായും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.രാജ്യാന്തര ലഹരി മാഫിയ ശൃംഖലയിലെ ഒരു പ്രധാന ഇടപാടിന്റെ ഭാഗമായിരുന്നു കോഴിക്കോട് ഒളവണ്ണ ടോൾ പ്ലാസ വഴിയുളള ലഹരിമരുന്നു കടത്തെന്നാണ് എക്സൈസ് കണ്ടെത്തിയത്. പ്രത്യേക അന്വേഷണ സംഘം എക്സൈസിലെ വിവിധ സംഘങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണമാണ് നൈജീരിയൻ കണ്ണികളിലേക്ക് എത്തിയത്.നൈജീരിയൻ പൗരന്റെ നേതൃത്വത്തിൽ ഉത്തരേന്ത്യ കേന്ദ്രീകരിച്ച് എംഡിഎംഎ കിച്ചൻ പ്രവർത്തിപ്പിക്കുന്നവരാണ് കേരളത്തിലേക്ക് വലിയ തോതിൽ എംഡിഎംഎ ഒഴുക്കുന്നതെന്ന നിർണായക കണ്ടെത്തലും ഇതിന്റെ ഭാഗമായി ലഭിച്ചു. നൈജീരിയൻ പൗരനെ കൂടി പിടികൂടുന്നതോടെ കേരളം, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലേക്ക് രാസലഹരിമരുന്ന് എത്തിക്കുന്ന പ്രധാന ശൃംഖലകൾ കൂടി തകർക്കാനാകുമെന്ന പ്രതീക്ഷയാണ് എക്സൈസ് സംഘം പങ്കുവയ്ക്കുന്നത്.പന്തീരാങ്കാവിൽ പിടികൂടിയ പി.കെ.ഷഫീക്ക്, ഫാത്തിമ നസ്റിൻ എന്നിവരെ കൂടാതെ മലപ്പുറം ഏറനാട് കുഴിമണ്ണ പന്നിവെട്ടിച്ചാലിൽ ചീരച്ചംപുറത്ത് വീട്ടിൽ സി.പി.ഉമ്മർ ഫറൂക്ക്(37), മലപ്പുറം തിരൂർ ചെറിയമുണ്ടം ഇരിങ്ങാവൂർ കുറുപ്പിൻപടി ഭാഗത്ത് പാലയ്ക്കൽ വീട്ടിൽ മുഹമ്മദ് മുസ്തഫ(ബിലാൽ – 28), കായംകുളം കാർത്തികപ്പള്ളി ചേരാവള്ളി കുറ്റിയിൽ കാർത്തിക വീട്ടിൽ കെ.കെ.ഹിരൺ(31), പത്തനംതിട്ട അടൂർ വയല ഉണ്ണി നിവാസിൽ ഒ.ആരോമൽ(ഗഗൻ – 22), തമിഴ്നാട് തെങ്കാശി കടയനെല്ലൂർ കൃഷ്ണപുരത്ത് മലംപട്ടയ് സ്ട്രീറ്റിൽ എം.റംസിയ(26), കോഴിക്കോട് പന്നിക്കോട് കയ്യോന്നമ്മേൽ കൊടിയത്തൂർ കണ്ണംപറമ്പിൽ വീട്ടിൽ നൗഷാദ്(49), മഹാരാഷ്ട്ര കങ്കാവാലി സ്വദേശി സന്ദേശ് മോഹൻ വാൾക്കെ(27) എന്നിവരാണ് കേസിൽ ഇതിനകം അറസ്റ്റിലായത്.നൈജീരിയ ലാഗോസ് സിറ്റി ലത്തേഫ് റുത്തായ് സ്ട്രീറ്റിൽ ഇമ്മാനുവൽ അഫാമിനെ(46) കൂടി കേസിൽ പിടികൂടാനുണ്ടെന്നാണ് എക്സൈസ് പ്രത്യേക അന്വേഷണ സംഘം പറയുന്നത്. ഒളവണ്ണയിൽ ലഹരികടത്തിൽ ഏർപ്പെട്ട രണ്ടംഗ സംഘത്തെ പിടികൂടിയതിനു പിന്നാലെ അഞ്ചു സംസ്ഥാനങ്ങളിൽ എക്സൈസിന്റെ പ്രത്യേക സംഘം നടത്തിയ ചടുല നീക്കങ്ങളിലാണ് മറ്റു പ്രതികളെ പിടികൂടാനായത്.
© Copyright - MTV News Kerala 2021





View Comments (0)