
‘ഒരു തെറ്റും ചെയ്തിട്ടില്ല; പെട്ടുപോയതാണ്, എല്ലാം പിന്നെപ്പറയാം’; എംഡിഎംഎ കേസ് പ്രതി കാവ്യ
വടകരയില്‍ എംഡിഎംഎ കേസില്‍ പ്രതികളായ അധ്യാപികമാരെ കസ്റ്റഡിയില്‍ വിട്ടു. നാളെ നാലുമണി വരെയാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. ഒരു തെറ്റും ചെയ്തിട്ടില്ലെന്നും കേസില്‍ പെട്ടുപോയതാണെന്നും അധ്യാപികയായ കാവ്യ പറഞ്ഞു. എല്ലാം പിന്നെ പറയാമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് പ്രതികരണം അധ്യാപികമാര്‍ ഉള്‍പെട്ട ലഹരിക്കടത്ത് കേസില്‍ അറസ്റ്റിലായ കായിക അധ്യാപിക കീര്‍ത്തനയാണ് മുഖ്യകണ്ണിയെന്നു പൊലീസ് പറയുന്നു. മറ്റ് അധ്യാപകരെ ലഹരിമാഫിയയിലേക്ക് അടുപ്പിച്ചതു ഇവരാണെന്നും കുട്ടികളെ ലഹരി ഇടപാടുകള്‍ക്ക് ഉപയോഗിച്ചെന്ന് സംശയിക്കുന്നതായും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയില്‍ പറയുന്നു. പേരാമ്പ്ര ബി.ആര്‍.സിയിലെ കായിക അധ്യാപികയായ കീര്‍ത്തന വെറുമൊരു അധ്യാപികയല്ലെന്നാണ് എസ്.ഐ.ടി. ആവര്‍ത്തിക്കുന്നത്. ലഹരി ഇടപാടുകളുടെ മുഖ്യ കണ്ണിയാണ്. കേസില്‍ ജയിലില്‍ കഴിയുന്ന അധ്യാപികമാരായ കാവ്യ, ലീഷ്മ എന്നിവരെ ലഹരി ഇടപാടുകളിലേക്കു കൊണ്ടുവന്നത് കീര്‍ത്തനയാണ്. കീര്‍ത്തനയുടെ അക്കൗണ്ടില്‍ നിന്ന് അധ്യാപകരുെടയും കേസിലെ ഒന്നാം പ്രതിയായ സഫ്്വാന്‍ അടക്കമുള്ള പ്രതികളുടെ അക്കൗണ്ടുകളിലേക്കു പണമിടപാട് നടന്നിട്ടുണ്ട്. കൂടാതെ ലഹരി ഇടപാടുകളിലെ മുഖ്യപ്രതികളുമായി നടത്തിയ ചാറ്റുകളും ഫോട്ടോകളും കീര്‍ത്തനയുടെ ഫോണില്‍ നിന്നു കണ്ടെത്തിയെന്നും അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയില്‍ വിശദീകരിക്കുന്നു. എന്നാല്‍ ലഹരി ഇടപാടില്‍ പങ്കില്ലെന്നാണ് കീര്‍ത്തന ആവര്‍ത്തിക്കുന്നത്. കാവ്യയുമായുള്ള പണമിടപാട് മകന്റെ ചികിത്സയ്ക്കായി കടം വാങ്ങിയും ചിട്ടിയുമായി ബന്ധപെട്ടാണന്നും അവകാശപെടുന്നു. കേസില്‍ എം.ഡി.എം.എയുമായി അറസ്റ്റിലായ സഫ്‌വാന്‍ അക്കൗണ്ടിലേക്ക് പണം അയച്ചിരുന്നുവെന്ന് ഇവര്‍ സമ്മതിച്ചുവെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന. അതേസമയം, മുഖ്യപ്രതി വയനാട് പുല്‍പ്പള്ളി സ്വദേശിക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാണ്. ഇയാളുടെ പുതിയ ഫോണ്‍ നമ്പര്‍ അടക്കം നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിനു ലഭിച്ചു. അറസ്റ്റിലായ അധ്യാപികമാരായ കീര്‍ത്തന,കാവ്യ, നീഷ്മ, ഇരിട്ടി സ്വദേശി ജിജിന്‍ കുര്യക്കോസ് എന്നിവരുടെ ബോസിനായാണു പ്രത്യേക അന്വേഷണ സംഘം തിരച്ചില്‍ ഊര്‍ജിതമാക്കിയത്. എക്സൈസ് വകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായ ആള്‍ അധ്യാപികമാരുടെ അറസ്റ്റോടെ ഒളിവില്‍പോയി. ഫോണും ഉപയോഗിക്കുന്നില്ല.ജിജിനുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ട്. വലിയ ോതതില്‍ സാമ്പത്തിക ഇടപാടുകളും നടത്തിയിട്ടുണ്ട്. ഇയാള്‍ രാജ്യം വിടാനുള്ള സാധ്യത കണക്കിലെടുത്താണു ലുക്ക് ഔട്ട് നോട്ടീസ് പുറത്തിക്കുന്നത്. ഉടന്‍ പിടികൂടാന്‍ സാധിച്ചില്ലെങ്കില്‍ പ്രതി ചേർത്ത ശേഷം ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കും. ജിജിന്‍ ബാങ്ക് വഴി പണം അയച്ച അക്കൗണ്ടുകളുടെ പരിശോധന പുരോഗമിക്കുകയാണ്.. ഈ അക്കൗണ്ടുകളുടെ യഥാർഥ ഉടമകൾ ആരാണെന്നു കണ്ടെത്താനാണു ശ്രമം . അറസ്റ്റിലായവരുടെ പങ്കാളിത്തം സംബന്ധിച്ചു ബാങ്ക് രേഖകളടക്കമുള്ള തെളിവുകൾ ക്രോഡീകരണം പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് എസ്.ഐ.ടി. നല്‍കുന്ന സൂചന.
© Copyright - MTV News Kerala 2021





View Comments (0)