മയക്കുമരുന്ന്, മോഷണം, മൂന്ന് സ്‌റ്റേഷനുകളിൽ കേസ്; യുവാവ് ലൈംഗികാതിക്രമത്തിനും അറസ്റ്റിൽ

MTV News 0
Share:

യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. പുതിയങ്ങാടി ചാലിൽ റോഡ് സ്വദേശി നടുവിലകം വീട്ടിൽ ടി.കെ മുഹമ്മദ് സഫദ് (26) ആണ് പന്നിയങ്കര പോലീസിന്റെ പിടിയിലായത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി. ചൊവ്വാഴ്ച്ചയായിരുന്നു കേസിനാസ്പദമായ സംഭവം.പയ്യാനക്കൽ സ്വദേശിനിയായ യുവതി വട്ടക്കിണർ വൈഎംആർസിയിലുള്ള തന്റെ സഹോദരന്റെ വീട്ടിൽ നിന്ന് പുറത്തിറങ്ങിയ സമയം അയൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന പ്രതി യുവതിയോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. ഒഴിഞ്ഞുമാറാൻ നോക്കിയപ്പോൾ ആക്രമിക്കുകയും, നാട്ടുകാരുടെ മുന്നിൽവെച്ച് അസഭ്യം പറയുകയും ചെയ്തു.തുടർന്ന് യുവതിയുടെ പരാതിയിൽ പന്നിയങ്കര പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. പ്രതിയെ കഴിഞ്ഞ ദിവസം കോഴിക്കോട് ബീച്ചിൽവെച്ചാണ് പന്നിയങ്കര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സതീഷ് കുമാറിന്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർമാരായ നിത, അതുൽ വസന്ത്, സിവിൽ പോലീസ് ഓഫീസർമാരായ സുമേഷ്, ബിനീഷ് എന്നിവർ ചേർന്ന് കസ്റ്റഡിയിലെടുത്തത്.പ്രതിയ്ക്ക് 2024 നവംബർ മാസം പന്നിയങ്കര പോലീസ് സ്റ്റേഷനിൽ ഓൾഡ് ബേപ്പൂർ റോഡിലുള്ള വീട്ടിൽ നിന്ന് ഒന്നേകാൽ പവനുള്ള സ്വർണവള മോഷണം നടത്തിയതിനും, മയക്കുമരുന്ന് ഉപയോഗിക്കുന്നതിനിടെ പിടിയിലായതിനും, ടൗൺ പോലീസ് സ്റ്റേഷനിൽ 2022 ഫെബ്രുവരി മാസം മിഠായിതെരുവിലുള്ള തുണിക്കടയിൽ നിന്ന് ജീൻസ് അടുക്കിവെച്ച ബണ്ടിലുകൾ മോഷണം നടത്തിയതിനും കേസുണ്ട്.അന്നേ ദിവസം തന്നെ മിഠായിതെരുവിലുള്ള ഹെന്നാസ് എന്ന ഷോപ്പിൽ വിൽപനക്കായി ബണ്ടിലുകളായി സൂക്ഷിച്ച 100 ഓളം ടീഷർട്ടുകളും, കസബ പോലീസ് സ്റ്റേഷനിൽ 2024 ജൂലായ് മാസം കേരള സർക്കാർ സ്ഥാപനമായ ഫ്രണ്ട്സ് ജനസേവന കേന്ദ്രത്തിന്റെ എ.സി.യുടെ ചെമ്പ് കമ്പികൾ മോഷണം നടത്തിയതിനും മറ്റുമായി നിരവധി കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.