
കച്ചവട നഷ്ടം മറികടക്കാൻ മോഷണം; ലക്ഷ്യം ഒറ്റക്ക് നടന്നുപോകുന്ന സ്ത്രീകൾ, പ്രധാന പ്രതി പിടിയിൽ
കോഴിക്കോട് ഒറ്റക്ക് നടന്ന് പോകുന്ന സ്ത്രീകളെ ലക്ഷ്യംവെച്ച് കവർച്ച നടത്തുന്ന സംഘത്തിലുൾപ്പെട്ട നരിക്കുനി ചെമ്പക്കുന്ന് സ്വദേശി പുത്തൻവീട്ടിൽ മണികണ്ഠൻ (25) അറസ്റ്റിൽ. സിറ്റി പോലീസ് കമ്മിഷണർ എ.പി. ഷൗക്കത്തലി ഐപിഎസ്സിന്റെ കീഴിലുള്ള സിറ്റി ക്രൈം സ്ക്വാഡും മെഡിക്കൽ കോളേജ് എ.സി.പി. ബിജുവിന്റെ നേതൃത്വത്തിൽ കുന്ദമംഗലം ഇൻസ്പെക്ടർ കിരണും സംഘവും ചേർന്നാണ് മോഷ്ടാവിനെ പിടി കൂടിയത്.കഴിഞ്ഞ മാസം 19-ന് രാവിലെ വരട്ട്യാക്ക് ചേലൂർ തടായി റോഡിലൂടെ ഒറ്റക്ക് നടന്നുപോകുകയായിരുന്ന സ്ത്രീയുടെ ഏകദേശം ഒരു പവൻ തൂക്കമുള്ള സ്വർണമാല മോട്ടോർ സൈക്കിളിലെത്തിയ സംഘം കവർന്നിരുന്നു. സംഭവത്തിന് ശേഷം പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ വിവിധ ഉൾവഴികളിലൂടെ ഏകദേശം നാൽപ്പത് കിലോമീറ്റർ സഞ്ചരിച്ചാണ് നരിക്കുനിക്ക് സമീപമുള്ള മണികണ്ഠന്റെ വീട്ടിലെത്തിയത്.അത്രയും ദൂരം അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ഇരുനൂറിലധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളിലേക്ക് എത്തിയത്. കവർച്ചാ സമയത്ത് വാഹനത്തിന്റെ നമ്പർ മറച്ചുവെച്ചാണ് പ്രതികൾ കവർച്ച നടത്തിയതെന്നും കണ്ടെത്തി. ഒരിക്കലും തങ്ങളിലേക്ക് അന്വേഷണം എത്തില്ലെന്ന പ്രതികളുടെ ആത്മവിശ്വാസമാണ് കോഴിക്കോട് റൂറൽ ജില്ലയിൽ രണ്ടും സിറ്റിയിൽ കുന്ദമംഗലം സ്റ്റേഷൻ പരിധിയിൽ രണ്ടു കവർച്ചകളും ചെയ്യാൻ പ്രതികൾക്ക് ധൈര്യം കിട്ടിയത്.എന്നാൽ ഇവിടങ്ങളിൽ നടന്ന സമാന രീതിയിലുള്ള കവർച്ചകളായതിനാൽ ഒരേ സംഘമാണ് ഇതിന് പിന്നിലെന്ന് പോലീസ് തുടക്കത്തിലെ സംശയിച്ചിരുന്നു. ഒറ്റയ്ക്ക് നടന്നുപോകുന്ന സ്ത്രീകളെ ലക്ഷ്യമിട്ടുള്ള കവർച്ചകൾ ആയതിനാൽ പോലീസ് അന്വേഷണം അതീവ ഗൗരവത്തോടെയാണ് മുന്നോട്ട് കൊണ്ടുപോയത്. കമ്മീഷണർ ഐ.ജി ഷൗക്കത്തലി കൃത്യമായ നിർദ്ദേശങ്ങൾ ക്രൈം സ്ക്വാഡിന് നൽകിക്കൊണ്ടിരുന്നു.സമാന കേസുകളിലുൾപ്പെട്ട നിരവധി പ്രതികളെ ചോദ്യം ചെയ്തും, നൂറോളം വാഹനങ്ങൾ പരിശോധിച്ചും മറ്റു ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയും ചെയ്ത് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളിലേക്കെത്തിയത്. അന്വേഷണം തങ്ങളിലേക്ക് എത്തുമെന്ന് മനസ്സിലാക്കിയ പ്രതികൾ തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്നു. പിന്തുടർന്ന് പോലീസ് സംഘം തമിഴ്നാട്ടിലെത്തിയെങ്കിലും മണികണ്ഠൻ കേരളത്തിലേക്ക് തിരിച്ച വിവരമറിഞ്ഞ ക്രൈം സ്ക്വാഡ് അംഗങ്ങൾ തിരിച്ചെത്തി കോഴിക്കോട് പാവമണി റോഡിൽ വെച്ചാണ് പ്രതിയെ വലയിലാക്കിയത്.അറസ്റ്റിലായ മണികണ്ഠനെ ചോദ്യം ചെയ്തതിലൂടെ നാലോളം കേസുകൾക്കാണ് തുമ്പുണ്ടായത്. കൂടാതെ ഒളിവിലുള്ള മുഖ്യപ്രതിയെക്കുറിച്ചുള്ള വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. ഇയാളെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.മുഖ്യപ്രതിക്ക് കച്ചവടത്തിൽ ഉണ്ടായ നഷ്ടം നികത്താനും പുതിയ ബിസിനസ് ആരംഭിക്കാനും പണം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് കവർച്ചകൾ ആസൂത്രണം ചെയ്തത്. ഇതിനായി സുഹൃത്തായ മണികണ്ഠന് പണം വാഗ്ദാനം ചെയ്ത് കൂടെ കൂട്ടുകയായിരുന്നു.
© Copyright - MTV News Kerala 2021





View Comments (0)