
ഭക്തി നടിച്ച് അഞ്ചുനേരം പള്ളികളിൽ മാറിമാറി എത്തും, ആരുമില്ലാത്ത സമയം നോക്കി ഇൻവെർട്ടർ ബാറ്ററികൾ അഴിച്ചെടുത്ത് മുങ്ങും! കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മലയോര മേഖലകളിലെ മസ്ജിദുകൾ കേന്ദ്രീകരിച്ച് ബാറ്ററി മോഷണം നടത്തിവന്ന മോഷ്ടാവ് ഒടുവിൽ മുക്കം പോലീസിന്റെ വലയിലായി. മുക്കം തോട്ടത്തിൻ കടവ് സ്വദേശി അബ്ദുൽ ജലീലാണ് പിടിയിലായത്.വ്യാജ നമ്പർ പതിപ്പിച്ച ബൈക്കിൽ ഭക്തനായി എത്തുന്നതായിരുന്നു ഇയാളുടെ രീതി. ആളൊഴിയുന്ന സമയം കൃത്യമായി കണ്ടെത്തിയാണ് മസ്ജിദുകളിൽ കയറി ഇൻവെർട്ടർ ബാറ്ററികൾ കടത്തിയിരുന്നത്. കഴിഞ്ഞ ആറു മാസമായി ഇയാൾ ഈ രീതിയിൽ വ്യാപകമായി മോഷണം നടത്തിവരികയായിരുന്നു.കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടുകൂടിയാണ് മലയമ്മ ടൗൺ ജുമാ മസ്ജിദിൽ നിന്ന് ഇയാൾ ഇൻവെർട്ടറും ബാറ്ററിയും മോഷ്ടിച്ചത്. തുടർന്ന് സംശയം തോന്നിയ നാട്ടുകാർ പ്രദേശത്തെയും സമീപത്തെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ഊർജ്ജിതമായ അന്വേഷണം നടത്തുകയായിരുന്നു. നാട്ടുകാർ നടത്തിയ ഈ മിന്നൽ അന്വേഷണത്തിനൊടുവിൽ, മോഷ്ടാവിന്റെ താവളം ചാത്തമംഗലം പെരിങ്ങൊളത്തെ ഒരു റൂം ആണെന്ന് തിരിച്ചറിയുകയും വിവരം ഉടൻതന്നെ മുക്കം പോലീസിനെ അറിയിക്കുകയും ചെയ്തു.നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസെത്തി റൂം തുറന്ന് പരിശോധിച്ചതോടെയാണ് പ്രതിയെക്കുറിച്ചുള്ള കൂടുതൽ കൃത്യമായ വിവരങ്ങൾ ലഭിച്ചത്. തുടർന്ന് മുക്കം ഇൻസ്പെക്റ്റർ റഫീഖിന്റെ നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിനൊടുവിൽ കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തെ ഹോട്ടലിൽ വെച്ച് മോഷ്ടിച്ച ബാറ്ററിയുമായി പ്രതിയെ പിടികൂടുകയായിരുന്നു.മലയമ്മയിലെ നാട്ടുകാരുടെ മാതൃകാപരമായ ഈ സമയോചിത ഇടപെടലാണ് മാസങ്ങളായി മലയോര മേഖലയെ വലച്ച മോഷണവീരനെ കുടുക്കാൻ പോലീസിന് വഴിയൊരുക്കിയത്. ചോദ്യം ചെയ്യലിൽ രണ്ട് ജില്ലകളിലെയും നിരവധി പള്ളികളിൽ നിന്ന് മോഷണം നടത്തിയതായി ഇയാൾ സമ്മതിച്ചു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
© Copyright - MTV News Kerala 2021





View Comments (0)