മാറ്റമില്ലാതെ സ്വർണ വില; പക്ഷേ ആഭരണം വാങ്ങാൻ ചെലവേറും, ഒരു പവന് 1,28,000 രൂപ വരെ നൽകണം

MTV News 0
Share:

സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 14,155 രൂപയിലും ഒരു പവൻ ( 8 ഗ്രാം) 22 കാരറ്റ് സ്വർണത്തിന് 1,13,240 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസം രാവിലെ പവന് ഒറ്റയടിക്ക് 1,920 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയ സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി. ഇതോടെ ഒരു പവന് 1,12,120 രൂപയിൽ നിന്നും 1,13,240 രൂപയായി ഉയർന്നു.ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്. മാത്രമല്ല വിലക്കുറവ് മുതലെടുത്ത് നിക്ഷേപകർ സ്വർണം വാങ്ങിക്കൂട്ടിയതും വില ഉയരാൻ കാരണമായി.നേരെ മറിച്ച് സ്വർണ വിലയിൽ കുറവ് വരാൻ ഇടയാക്കുന്ന ഘടകങ്ങൾ ആഗോള വിപണിയിലെ ചലനങ്ങളും സാമ്പത്തിക നയങ്ങളുമാണ്.രാജ്യാന്തര വിപണിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ആഭ്യന്തര വിപണിയിലെ സ്വർണ നിരക്കിനെ ബാധിക്കാറുണ്ട്. ഡോളർ ശക്തിപ്പെടുമ്പോൾ മറ്റ് കറൻസികൾ ഉപയോഗിച്ച് സ്വർണം വാങ്ങുന്നത് കൂടുതൽ ചെലവേറിയതാകുന്നു. ഇത് ആഗോളതലത്തിൽ സ്വർണത്തിൻ്റെ ആവശ്യകത കുറയ്ക്കുകയും വില താഴാൻ കാരണമാകുകയും ചെയ്യുന്നു.ഇതിനുപുറമെ അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്കുകളിൽ വരുത്തുന്ന മാറ്റങ്ങളും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകമാണ്. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി സ്വീകരിക്കുന്ന സാമ്പത്തിക നടപടികളും നിക്ഷേപകരെ സ്വർണത്തിൽനിന്ന് പിന്തിരിപ്പിക്കാറുണ്ട്. ഇന്നത്തെ നിരക്ക് പ്രകാരം 8 ഗ്രാം സ്വർണത്തിന് 1,13,240 രൂപയാണെന്നിരിക്കെ ഇതിന് 3 ശതമാനം ജിഎസ്ടി കൂടി ചേരുമ്പോൾ 1,16,637 രൂപ ആകും. ആഭരണത്തിന് 5 ശതമാനം മേക്കിംഗ് ചാർജ് കണക്കാക്കിയാൽ ഏകദേശം 5,662 കൂടി അധികമായി വരും.മേക്കിംഗ് ചാർജിനും ജിഎസ്ടി ബാധകമായതിനാൽ, ആകെ വില ഏകദേശം 1,22,299 രൂപ വരും. അതേസമയം, മേക്കിംഗ് ചാർജ് ആഭരണത്തിന്റെ ഡിസൈനും ജ്വല്ലറിയും അനുസരിച്ച് വ്യത്യാസപ്പെടുന്നതിനാൽ, 8 ഗ്രാം 22 കാരറ്റ് സ്വർണാഭരണം വാങ്ങാൻ ഏകദേശം 1.22 ലക്ഷം മുതൽ 1.28 ലക്ഷം വരെ ചെലവ് പ്രതീക്ഷിക്കാം.