
ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് യുവജനങ്ങളുടെ മാനസികാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനുമായി ജില്ലാതല ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു. ജില്ലാ ഭരണകൂടം, കോഴിക്കോട് ഇംഹാൻസ്, കാലിക്കറ്റ് സർവകലാശാല നാഷണൽ സർവീസ് സ്കീം, കേരള സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അതോറിറ്റി, ടെലിമാനസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഇംഹാൻസിൽ നടന്ന ശില്പശാലയിൽ എൻ.എസ്.എസ്. വളണ്ടിയർമാർ, ഡി.സി.ഐ.പി. ഇന്റേൺസ്, ഇംഹാൻസ് ഇന്റേൺസ് എന്നിവർ പങ്കെടുത്തു. കാലിക്കറ്റ് സർവകലാശാല എൻ.എസ്.എസ്. പ്രോഗ്രാം കോർഡിനേറ്റർ ഡോ. റീഷ കാരള്ളി ശിൽപ്പശാല ഉദ്ഘാടനം ചെയ്തു. ഇംഹാൻസ് ഡയറക്ടർ ഡോ. ടി.എം. ശിബുകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ എൻ.എസ്.എസ്. കോർഡിനേറ്റർ ഫസീൽ അഹമ്മദ്, ഇംഹാൻസിലെ അസിസ്റ്റന്റ് പ്രൊഫസർമാരായ ഡോ. സുജ മാത്യു, ഡോ. ആന്റോൺ പോൾസൺ, ജസ്റ്റിൻ പി. കുര്യൻ, കേരള സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അതോറിറ്റി അംഗം ഡോ. ജി. രാഗേഷ്, ടെലിമാനസ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. ഷീബ നിനാൻ എന്നിവർ സംസാരിച്ചു.യുവജന മാനസികാരോഗ്യം എന്ന വിഷയത്തിൽ ഇംഹാൻസിലെ സൈക്യാട്രിക് നഴ്സിങ് വിഭാഗം മേധാവിയും അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. റീന ജോർജ് ക്ലാസെടുത്തു. കേരള സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അതോറിറ്റി അംഗവും കൺസൾട്ടന്റ് സൈക്കോളജിസ്റ്റുമായ നിതിൻ ലാലചൻ ജീവിതാനുഭവങ്ങൾ പങ്കുവെച്ചു. യുവജന മാനസികാരോഗ്യ മേഖലയിലെ നേതൃത്വത്തെ കുറിച്ചും പ്രവർത്തനപദ്ധതികൾ രൂപീകരിക്കുന്നതിനുള്ള ചർച്ചകളും നടന്നു. ഡോ. ടി.എം ശിബുകുമാർ, ഡോ. ജി. രാഗേഷ്, സൈക്യാട്രിക് സോഷ്യൽ വർക്കർ എം.ടി. അഞ്ജന എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. ജില്ലയിലെ 59 കോളേജുകളിൽ നിന്നായി 120 എൻ.എസ്.എസ്. വളണ്ടിയർമാർ പരിപാടിയിൽ പങ്കെടുത്തു.
© Copyright - MTV News Kerala 2021





View Comments (0)