
റോയൽറ്റി അടക്കാതെ ഫ്രഷ്കട്ടിന്റെ വെട്ടിപ്പ്; കോഴിക്കോട് കോർപറേഷന് മാത്രം നൽകാനുള്ളത് 19 ലക്ഷം രൂപ
കോഴിക്കോട് താമരശ്ശേരിയിലെ അറവുമാലിന്യ സംസ്കരണ പ്ലാന്റായ ഫ്രഷ് കട്ട് തദ്ദേശ സ്ഥാപനങ്ങളിലേക്ക് നൽകേണ്ട റോയൽറ്റി തുക അടയ്ക്കുന്നില്ലെന്ന് കണ്ടെത്തൽ. കോഴിക്കോട് കോർപറേഷന് മാത്രം 19 ലക്ഷം രൂപയാണ് റോയൽറ്റി ഇനത്തിൽ ഇനി അടയ്ക്കാനുള്ളത്. എത്ര കോഴിമാലിന്യം ശേഖരിക്കുന്നു എന്നതിന്റെ കൃത്യമായ കണക്കുകൾ പോലും തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകുന്നില്ലെന്നും വലിയ സാമ്പത്തിക വെട്ടിപ്പാണ് ഇതിലൂടെ നടന്നിട്ടുള്ളതെന്നും ആരോപണമുയരുന്നുണ്ട്. ഓരോ തദ്ദേശ സ്ഥാപനങ്ങളും ശേഖരിക്കുന്ന മാലിന്യത്തിന് കണക്കായി റോയൽറ്റി അടയ്ക്കണമെന്നാണ് നിയമം. എന്നാൽ കഴിഞ്ഞ 19 മാസമായി ഫ്രഷ് കട്ട് ഇതിനായി തുകയൊന്നും അടച്ചിരുന്നില്ല. കോഴിക്കോട് കോർപറേഷന് മാത്രം 41 ലക്ഷം രൂപയോളം കുടിശ്ശികയുണ്ടായിരുന്നതിൽ, നിരന്തരമായ ആവശ്യപ്രകാരം ചെറിയ തുകയടച്ച ശേഷമാണ് നിലവിൽ 19 ലക്ഷം രൂപ ബാക്കിയുള്ളത്. സംഭവത്തിൽ ഉടനടി നടപടി ആവശ്യപ്പെട്ട് കോർപറേഷൻ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.കൂടാതെ ഫറോക്ക് നഗരസഭയും സ്ഥാപനത്തിന് ജപ്തി നോട്ടീസ് അയച്ചിട്ടുണ്ട്. പ്ലാന്റുമായി ബന്ധപ്പെട്ട് വ്യാപകമായ നിയമലംഘനങ്ങളും പ്രതിഷേധങ്ങളും നിലനിൽക്കുന്നതിനിടയാണ് പുതിയ കണ്ടെത്തലുകൾ പുറത്തുവരുന്നത്.
© Copyright - MTV News Kerala 2021




View Comments (0)