
വനത്തിൽ പ്ലാസ്റ്റിക് വലിച്ചെറിഞ്ഞാൽ 2,000 രൂപ പിഴ; ഡിസംബർ ഒന്നുമുതൽ കർശന നടപടി
വനമേഖലകളിൽ പ്ലാസ്റ്റിക് മാലിന്യം ഉപേക്ഷിക്കുന്നവർക്കെതിരെ കർശന നടപടിയുമായി വനംവകുപ്പ്. വനത്തിൽ പ്ലാസ്റ്റിക് വലിച്ചെറിയുന്നവരിൽ നിന്ന് 2,000 രൂപ പിഴ ഈടാക്കും. ഡിസംബർ ഒന്നുമുതൽ പുതിയ നടപടി പ്രാബല്യത്തിൽ വരും.ബീറ്റ് ഫോറസ്റ്റ് ഓഫീസർ റാങ്കിലോ അതിനു മുകളിലോ ഉള്ള ഉദ്യോഗസ്ഥർക്ക് പിഴ ചുമത്താൻ അധികാരമുണ്ടാകും. പിഴ അടയ്ക്കാത്തവർക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുക്കും.ദേശീയോദ്യാനങ്ങൾ, വന്യജീവി സങ്കേതങ്ങൾ, കമ്യൂണിറ്റി റിസർവുകൾ ഉൾപ്പെടെയുള്ള സംരക്ഷിത പ്രദേശങ്ങളിൽ പ്ലാസ്റ്റിക്കും മണ്ണിൽ ലയിക്കാത്ത മറ്റ് മാലിന്യങ്ങളും ഉപേക്ഷിക്കുന്നവർക്കെതിരെയാണ് നടപടി. സന്ദർശകർ ഉപേക്ഷിക്കുന്ന ഭക്ഷണാവശിഷ്ടങ്ങൾ അടങ്ങിയ പ്ലാസ്റ്റിക് കവറുകളും പാത്രങ്ങളും ഭക്ഷിക്കുന്നതിലൂടെ വന്യമൃഗങ്ങളുടെയും പക്ഷികളുടെയും ജീവന് ഭീഷണിയാകുന്നുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങൾ വനത്തിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയ്ക്കും ഗുരുതരമായ ഭീഷണിയാണ്.സന്ദർശകർക്ക് പുറമേ വനത്തിനുള്ളിലെ ജനവാസമേഖലകളിലേക്കും മറ്റ് ആവശ്യങ്ങൾക്കുമായി സംരക്ഷിത പ്രദേശങ്ങളിലൂടെ യാത്ര ചെയ്യുന്നവർക്കും നിയമം ബാധകമായിരിക്കും. പിഴയായി ലഭിക്കുന്ന തുക സംരക്ഷിത പ്രദേശങ്ങളുടെ ശുചീകരണ പ്രവർത്തനങ്ങൾക്കു മാത്രമേ വിനിയോഗിക്കൂ.സംരക്ഷിത പ്രദേശങ്ങളിൽ ഹരിതചട്ടം ഫലപ്രദമായി നടപ്പാക്കുന്നതിനായി വനംവകുപ്പ് ഉദ്യോഗസ്ഥർ, വിഎസ്എസ്–ഇഡിസി പ്രതിനിധികൾ, തദ്ദേശസ്ഥാപന പ്രതിനിധികൾ എന്നിവരടങ്ങുന്ന സമിതിയും രൂപീകരിക്കും.
© Copyright - MTV News Kerala 2021





View Comments (0)