വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം; ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബി

MTV News 0
Share:

സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി മറികടക്കാൻ ഉയർന്ന നിരക്കിൽ പുറത്തുനിന്ന് വൈദ്യുതി വാങ്ങാൻ കെഎസ്ഇബി. ലോഡ് ഷെഡിങ്ങും പവർകട്ടും ഒഴിവാക്കുന്നതിനായി യൂണിറ്റിന് 30 രൂപ വരെ നൽകി വൈദ്യുതി വാങ്ങാനാണ് സർക്കാർ അനുമതി നൽകിയത്.വൈദ്യുതി ആവശ്യകത കുത്തനെ ഉയരുന്ന രാത്രികാലങ്ങളിൽ സംസ്ഥാനത്ത് വലിയ വൈദ്യുതി ക്ഷാമമാണ് നേരിടുന്നത്. ഈ കുറവ് നികത്തുന്നതിനായി മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വൈദ്യുതി നിലയങ്ങളിൽ നിന്നും അധിക വൈദ്യുതി വാങ്ങും.എൻടിപിസിയുടെ രത്നഗിരി പവർ പ്ലാന്റിൽ നിന്ന് യൂണിറ്റിന് 30 രൂപ നിരക്കിൽ 300 മെഗാവാട്ട് വൈദ്യുതി ഈ മാസം 30 വരെ ലഭ്യമാക്കും. ഒഡിഷയിൽ നിന്നും ന്യൂക്ലിയർ പവർ കോർപ്പറേഷനിൽ നിന്നും 150 മെഗാവാട്ട് വീതം വൈദ്യുതി വാങ്ങാനും ധാരണയായിട്ടുണ്ട്.ഉപഭോഗം ഏറ്റവും ഉയർന്ന ദിവസങ്ങളിൽ 800 മെഗാവാട്ട് വരെ അധിക വൈദ്യുതി ആവശ്യമായി വരുന്നതായാണ് കെഎസ്ഇബിയുടെ കണക്ക്. ഇതിൽ 600 മെഗാവാട്ട് അധികമായി ലഭ്യമാക്കാനായാൽ ശേഷിക്കുന്ന കുറവ് തത്സമയ വൈദ്യുതി വിപണിയിൽനിന്ന് കണ്ടെത്താനാകുമെന്നാണ് ബോർഡിന്റെ വിലയിരുത്തൽ.വില കൂടിയാലും വൈദ്യുതി വാങ്ങി വിതരണം ഉറപ്പാക്കുക എന്നതാണ് കെഎസ്ഇബിയുടെ അടിയന്തര നീക്കം. എന്നാൽ ഉയർന്ന നിരക്കിലുള്ള വൈദ്യുതി വാങ്ങൽ ബോർഡിന് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്നതിനാൽ, ഇതിന്റെ പ്രത്യാഘാതം വരും ദിവസങ്ങളിൽ വൈദ്യുതി നിരക്കിലും സബ്സിഡിയിലും പ്രതിഫലിക്കുമോ എന്നത് ശ്രദ്ധേയമാണ്.