
എസ്ഐആർ നടപടികളുടെ ഭാഗമായി വോട്ടർ പട്ടികയിൽ നിന്ന് പുറത്തായവർക്കും 18 വയസ് പൂർത്തിയായവർക്കും 2027 ജനുവരി ഒന്നിന് 18 വയസ് തികയുന്നവർക്കും വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം. ഒക്ടോബർ 15ന് ആരംഭിച്ച സ്പെഷ്യൽ സമ്മറി റിവിഷൻ (എസ്എസ്ആർ) നടപടികളുടെ ഭാഗമായി ഓൺലൈനായും വില്ലേജ് ഓഫിസുകളിൽ ഒരുക്കുന്ന പ്രത്യേക ക്യാമ്പുകൾ വഴിയും അപേക്ഷിക്കാമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ഡോ. ഡി. സജിത് ബാബു അറിയിച്ചു.പുതുതായി പേര് ചേർക്കാൻ ഫോം 6, മരിച്ചവർ, പൗരത്വം ഉപേക്ഷിച്ചവർ, ഇരട്ടിപ്പ് വോട്ടുകൾ എന്നിവ നീക്കം ചെയ്യാൻ ഫോം 7, വോട്ടർ വിവരങ്ങൾ തിരുത്തുന്നതിനും വിലാസം മാറ്റുന്നതിനും ഫോം 8 ഉപയോഗിക്കാം.2027 ജനുവരിയിൽ 18 വയസ് തികയുന്നവർക്കായി നവംബർ 2 മുതൽ 7 വരെ ഹയർ സെക്കൻഡറി സ്കൂളുകളിലും കോളജുകളിലും ‘കാമ്പസ് ടു ബൂത്ത്’ പരിപാടി സംഘടിപ്പിക്കും. കരട് വോട്ടർ പട്ടിക നവംബർ 12ന് പ്രസിദ്ധീകരിക്കും. പട്ടിക സംബന്ധിച്ച ആക്ഷേപങ്ങൾ ഡിസംബർ 11 വരെ സമർപ്പിക്കാം. പരാതികൾ ഡിസംബർ 28നകം പരിഹരിച്ച് 2027 ജനുവരി 4ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.നിലവിലെ എസ്എസ്ആർ നടപടികൾക്ക് എസ്ഐആറുമായി ബന്ധമില്ലെന്നും കേരളത്തിൽ വ്യാപകമായി വോട്ടുകൾ വെട്ടിമാറ്റിയെന്ന ആരോപണം ശരിയല്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ വ്യക്തമാക്കി. എസ്ഐആറിന് മുമ്പ് 2.70 കോടി വോട്ടർമാരുണ്ടായിരുന്ന കേരളത്തിൽ അന്തിമ പട്ടികയിൽ 2.69 കോടി പേരാണുണ്ടായിരുന്നത്. എസ്ഐആർ നടപടിയിലൂടെ 7,07,903 വോട്ടുകളാണ് കുറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.എസ്എസ്ആർ ആരംഭിച്ച ശേഷം 3,677 അപേക്ഷകൾ മാത്രമാണ് പുതുതായി ലഭിച്ചത്. നിലവിലെ വോട്ടർ പട്ടികയിൽ 1,33,18,911 പുരുഷന്മാരും 1,40,35,737 സ്ത്രീകളും 268 ട്രാൻസ്ജെൻഡർ വോട്ടർമാരുമുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചു.
© Copyright - MTV News Kerala 2021




View Comments (0)