
ശബരിമലയിലെ സ്വര്‍ണ കിരീടവും കവര്‍ന്നു; നിലവില്‍ സ്ട്രോങ് റൂമിലുള്ളത് മുക്കുപണ്ടം
ശബരിമലയില്‍ സ്ട്രോങ്റൂമില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ കിരീടവും കവര്‍ന്നെന്ന് റിപ്പോര്‍ട്ട്. സ്ട്രോങ് റൂമില്‍ സൂക്ഷിച്ചിരുന്ന 55.72 പവന് തൂക്കമുള്ള സ്വര്‍ണക്കിരീടമാണ് കാണാതായത്. സ്വര്‍ണ കിരീടം മാറ്റി മുക്കുപണ്ടം കൊണ്ടുള്ള കിരീടമാണ് നിലവില്‍ സ്ട്രോങ് റൂമിലുള്ളത്. 445.78 ഗ്രാം തൂക്കമുള്ള കിരീടത്തിന് പകരമായുള്ള മുക്കുപണ്ടത്തിന്റെ തൂക്കം 240 ഗ്രാം മാത്രമാണ്. തിരുവാഭരണങ്ങളുടെ കണക്കെടുപ്പിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.2012ല്‍ തമിഴ്നാട്ടില്‍ നിന്നുള്ള ഭക്തരാണ് കിരീടം സമര്‍പ്പിച്ചത്. രസീത് നല്കി കിരീടം ലഭിച്ച കാര്യം രജിസ്റ്ററില്‍ രേഖപ്പെടുത്തുകയും ചെയ്തു. ശ്രീകോവിലിലേക്ക് കൊണ്ടുപോയി അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തിയ ശേഷം സന്നിധാനത്തെ സ്ട്രോങ് റൂമിലേക്ക് മാറ്റി സൂക്ഷിക്കുകയായിരുന്നു. ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ജസ്റ്റിസ് കെ.ടി ശങ്കരന്റെ നേതൃത്വത്തിലുള്ള കണക്കെടുപ്പിലാണ് കിരീടം നഷ്ടപ്പെട്ടെന്ന് കണ്ടെത്തിയത്. സ്വര്‍ണ കിരീടത്തിന് സമാനമായ വ്യാജ കിരീടമാണ് സ്ട്രോങ് റൂമിലുള്ളത്. വജ്രത്തിന് സമാനമായ വെള്ളക്കല്ലുകളും പതിച്ചിട്ടുണ്ട്. കിരീടത്തിന്റെ ഭാരത്തില്‍ സംശയം തോന്നി കൂടുതല്‍ പരിശോധന നടത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്.ശബരിമലയില്‍ ലഭിക്കുന്ന വില കൂടിയ വസ്തുക്കള്‍ താല്‍ക്കാലികമായി സന്നിധാനത്തെ സ്ട്രോങ് റൂമിലാണ് സൂക്ഷിക്കാറുള്ളത്. പിന്നീട് ഇവ ആറന്മുളയിലെ സ്ട്രോങ്റൂമിലേക്ക് മാറ്റുകയാണ് ചെയ്യുക. സ്ട്രോങ്റൂമിന്റെ ചുമതലക്കാരനായ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ പക്കലാണ് താക്കോല്‍ സൂക്ഷിക്കാറ്. പകല്‍ സമയത്ത് മാത്രമേ സ്ട്രോങ് റൂം തുറക്കാനാകൂ എന്നും നിയമമുണ്ട്. സ്ട്രോങ് റൂമിന് സിസിടിവി നിരീക്ഷണമില്ല.അതേസമയം ആറന്മുളയിലെ സ്ട്രോങ് റൂമിലുണ്ടായിരുന്ന നാല് പവന്റെ സ്വര്‍ണ മാലയും കാണാതായെന്ന് കണ്ടെത്തിയിട്ടുണ്ട്. അമിക്കസ് ക്യൂറിയുടെ കണക്കെടുപ്പ് പൂര്‍ത്തിയാവട്ടെയെന്നും ആര്‍ക്കാണ് വീഴ്ചയെന്ന് പരിശോധിക്കുമെന്നുമാണ് വിഷയത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍ പ്രതികരിച്ചത്.എന്നാൽ ഇതിന് പിന്നാലെ അയ്യപ്പന് സമർപ്പിച്ച സ്വർണ കിരീടം നഷ്ടപ്പെട്ടിട്ടില്ലെന്ന പ്രതികരണവുമായി ദേവസ്വം ബോർഡ് രംഗത്തെത്തി. സ്വർണ കിരീടത്തിന് സമാനമായ ചെമ്പിൽ തീർത്ത മറ്റൊരു കിരീടം സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിരുന്നു. ഇതാണ് ആദ്യം കണ്ടതെന്നും ഇതോടെയാണ് തെറ്റിദ്ധാരണ ഉണ്ടായതെന്നുമാണ് വിശദീകരണം. തിരുവാഭരണം കമ്മീഷണർ ദേവസ്വം ബോർഡിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. തമിഴ്നാട്ടിലെ ഭക്തർ സമർപ്പിച്ച കിരീടം സ്ട്രോങ്ങ് റൂമിൽ തന്നെ ഉണ്ടെന്നും വിശദീകരണമുണ്ട്.
© Copyright - MTV News Kerala 2021





View Comments (0)