സൗദി എയർലൈൻസ് ജിദ്ദ-കോഴിക്കോട്​ സർവിസ്​ പുനരാരംഭിക്കുന്നു; ആറ്​ വർഷത്തിന്​ ശേഷം

MTV News 0
Share:

മലബാറിലെ പ്രവാസികൾക്ക്​ ആശ്വാസം പകർന്ന്​ സൗദി എയർലൈൻസ്​ ജിദ്ദ-കോഴിക്കോട്​ സർവിസ്​ പുനരാരംഭിക്കുന്നു. ഡിസംബർ നാല്​ മുതലാണ്​ സർവിസ്​ പുനരാരംഭിക്കുക​. ആഴ്​ചയിൽ മൂന്ന്​ സർവിസുകളാണുണ്ടാകുക. മലബാറിലെ പ്രവാസികൾക്കും ഉംറ തീർഥാടകർക്കും ഇത് ഗുണമാകും. ജിദ്ദ- കോഴിക്കോട്​ സർവിസുകൾ തിങ്കൾ, വെള്ളി ദിവസങ്ങളിൽ സൗദി സമയം വൈകീട്ട്​ 4.30ന്​ ജിദ്ദയിൽ നിന്ന്​ പുറ​പ്പെട്ട്​ ഇന്ത്യൻ സമയം രാത്രി 12.25ന്​ കരിപ്പൂരിലെത്തും. തിങ്കളാഴ്​ച പുലർച്ചെ ഒന്നിന്​ പുറപ്പെട്ട്​ രാവിലെ ഒമ്പതിന്​ തിരികെയെത്തും. കരിപ്പൂരിൽ നിന്ന്​ ശനി, തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ്​ ജിദ്ദയിലേക്ക്​ സർവിസ്​ നടക്കുന്നത്​.ജിദ്ദ മക്കയിലേക്കും മദീനയിലേക്കുമുള്ള പ്രവേശന കവാടമായതിനാൽ കോഴിക്കോട്ടേക്കുള്ള നേരിട്ടുള്ള സർവിസ്​ ഉംറ തീർഥാടകർക്കും ഏറെ പ്രയോജനപ്പെടും. 2020 ആഗസ്​റ്റ്​ ഏഴിന്​ നടന്ന കരിപ്പൂർ വിമാന ദുരന്തത്തിന്​ ശേഷമാണ്​ സൗദി എയർലൈൻസ്​ സർവിസ്​ നിർത്തിവെച്ചത്​. അന്ന്​ എയർ ഇന്ത്യ എക്സ്​​പ്രസ്​ വിമാന അപകടത്തിൽ പൈലറ്റുമാർ അടക്കം 21 പേരാണ്​ മരിച്ചത്​. കരിപ്പൂരിലെ ടേബിൾ ടോപ്പ്​ റൺ​വേ സംബന്ധിച്ച ആശങ്ക മൂലം വിവിധ കമ്പനികൾ സർവിസ്​ നിർത്തിയിരുന്നു. ഗൾഫിലെ പ്രവാസികൾക്ക്​ അടക്കം ഏറെ പ്രയാസമാണ്​ ഇതുമൂലമുണ്ടായത്​. ആറ്​ വർഷത്തിന്​ ശേഷം സൗദി എയർലൈൻസ്​ സർവിസ്​ ആരംഭിക്കുന്നത്​ പ്രവാസികൾക്ക്​ ആശ്വാസമാകുന്നതിനൊപ്പം കൂടുതൽ കമ്പനികളെ കരിപ്പൂരിലേക്ക്​ ആകർഷിക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്​.അതിനിടെ റിയാദ്​- കൊച്ചി നേരിട്ടുള്ള സർവിസ്​ സൗദി അറേബ്യയുടെ ഫ്ലൈ നാസ്​ പ്രഖ്യാപിച്ചിട്ടുണ്ട്​. സെപ്​റ്റംബർ രണ്ട്​ മുതലാണ്​ സർവിസ്​ ആരംഭിക്കുക. ഞായർ, ബുധൻ, വെള്ളി ദിവസങ്ങളിലാണ്​ സർവിസ്​ ഉണ്ടാകുക. എയർ ഇന്ത്യ എക്സ്​പ്രസ്​ തിരുവനന്തപുരത്തേക്കുള്ള സർവിസ്​ ഉടൻ പ്രഖ്യാപിക്കുമെന്നും പ്രതീക്ഷയുണ്ട്​. ഒരു വർഷത്തോളം മുമ്പാണ്​ നേരിട്ടുള്ള സർവിസ്​ നിർത്തിവെച്ചത്​.