
തെരുവ് നായകളെ പിടികൂടുന്നതിലെ കോർപ്പറേഷൻ വിജ്ഞാപനം: ഹർജിയിൽ അടിയന്തര വാദം കേൾക്കില്ലെന്ന് സുപ്രീം കോടതി
തെരുവ് നായകളെ പിടികൂടുന്നത് സംബന്ധിച്ച് ദില്ലി മുനിസിപ്പൽ കോർപ്പറേഷൻ പുറപ്പെടുവിച്ച വിജ്ഞാപനത്തെ ചോദ്യം ചെയ്തുള്ള ഹർജിയിൽ അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി. ജസ്റ്റിസുമാരായ ജെ കെ മഹേശ്വരിയും വിജയ് ബിഷ്ണോയിയും അടങ്ങുന്ന ബെഞ്ചാണ് വിഷയം പരിഗണിച്ചത്. തെരുവ് നായകളുടെ വിഷയം സംബന്ധിച്ച കോര്‍പ്പറേഷന്റെ വിജ്ഞാപനത്തിനെതിരെ അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന് ഒരു അഭിഭാഷകനാണ് കോടതിയെ അറിയിച്ചത്. സുപ്രീം കോടതി ഉത്തരവിനായി മാറ്റിവെച്ച വിഷയത്തിൽ വിധി പറയാനിരിക്കെയാണ് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ വിജ്ഞാപനം ഇറക്കിയതെന്ന് അപേക്ഷയിൽ ഹര്ജിക്കാരൻ വാദിച്ചു. എന്നാല്‍ ഈ വിഷയത്തിൽ അടിയന്തരമായി വാദം കേൾക്കാൻ ബെഞ്ച് തയ്യാറായില്ല.
ദില്ലി-എൻസിആറിലെ തെരുവ് നായകളുടെ പ്രശ്നത്തിന് കാരണം തദ്ദേശ സ്ഥാപനങ്ങളുടെ നിഷ്ക്രിയത്വമാണെന്ന് ഓഗസ്റ്റ് 14-ന് സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. ഓഗസ്റ്റ് 11-ന് സുപ്രീം കോടതി പുറപ്പെടുവിച്ച നിർദ്ദേശങ്ങളിൽ സ്റ്റേ തേടിയുള്ള ഇടക്കാല ഹർജി പരിഗണിക്കവെയാണ് ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മെഹ്ത, എൻ വി അഞ്ജരിയ എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ച് കേസിൽ വിധി പറയാനായി മാറ്റിവെച്ചിരുന്നു.
ഓഗസ്റ്റ് 11-ന്, ജസ്റ്റിസുമാരായ ജെ ബി പർദിവാലയും ആർ മഹാദേവനും അടങ്ങുന്ന രണ്ടംഗ ബെഞ്ച്, ഡൽഹി-എൻസിആറിലെ അധികാരികളോട് എല്ലാ പ്രദേശങ്ങളിൽ നിന്നും തെരുവ് നായകളെ വേഗം പിടികൂടി സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റാൻ നിർദ്ദേശിച്ചിരുന്നു.
ഉടനടി സംരക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കാനും എട്ടാഴ്ചയ്ക്കുള്ളിൽ അതിൻ്റെ വിവരങ്ങൾ കോടതിയെ അറിയിക്കാനും അധികാരികളോട് ബെഞ്ച് നിർദ്ദേശിച്ചു. തലസ്ഥാനത്ത് തെരുവ് നായയുടെ കടിയേല്‍ക്കുന്നവര്‍ക്ക് പേവിഷബാധ ഉണ്ടാകുന്ന സാഹചര്യം വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് (പ്രത്യേകിച്ചും കുട്ടികളിൽ) ജൂലൈ 28-ന് കോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് ഓഗസ്റ്റ് 11-ന് സുപ്രീം കോടതി ഈ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.
© Copyright - MTV News Kerala 2021




View Comments (0)