കോഴിക്കോട് ജില്ലയില്‍ ആറ് ദുരിതാശ്വാസ ക്യാമ്പുകളില്‍ 207 പേര്‍

MTV News 0
Share:

 

കോഴിക്കോട്:ജില്ലയില്‍ ശക്തമായ മഴയെത്തുടര്‍ന്ന് ആറ് ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചു. 70 കുടുംബങ്ങളില്‍നിന്നുള്ള 207 പേരാണ് ക്യാമ്പുകളിലുള്ളത്. ഇതില്‍ 80 പുരുഷന്മാരും 70 സ്ത്രീകളും 57 കുട്ടികളുമുണ്ട്. വടകര വിലങ്ങാട് പാരിഷ് ഹാളിലെ ദുരിതാശ്വാസ ക്യാമ്പില്‍ 33 കുടുംബങ്ങളിലെ 109 പേരുണ്ട്. താമരശ്ശേരി താലൂക്കില്‍ നാല് ദുരിതാശ്വാസ ക്യാമ്പുകളിലായി 36 കുടുംബങ്ങളിലെ 95 പേരാണ് കഴിയുന്നത്. ജി.യു.പി.എസ് ചെമ്പുകടവില്‍ 25 കുടുംബങ്ങളിലെ 66 പേരും ജി.എച്ച്.എസ്.എസ് പുതുപ്പാടിയില്‍ നാല് കുടുംബങ്ങളിലെ ആറുപേരും ജി.എല്‍.പി.എസ് കളരാന്തിരിയില്‍ ഒരു കുടുംബത്തിലെ നാലുപേരും ജി.എല്‍.പി.എസ് മാടത്തുംപൊയിലില്‍ ആറ് കുടുംബങ്ങളിലെ 19 പേരുമാണുള്ളത്. കോഴിക്കോട് താലൂക്കിലെ കുമാരനെല്ലൂര്‍ വില്ലേജിലെ ലോലായില്‍ അങ്കണവാടി ക്യാമ്പില്‍ ഒരു കുടുംബത്തിലെ മൂന്നുപേരാണ് കഴിയുന്നത്.

മഴക്കെടുതിയില്‍ ആളപായമോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രാഥമിക കണക്കനുസരിച്ച് അഞ്ച് വീടുകള്‍ ഭാഗികമായി തകരുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തിട്ടുണ്ട്. നാല് വീടുകള്‍ അപകടഭീഷണിയിലാണ്. അപകടസാധ്യതയുള്ള വീടുകളിലെ താമസക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്കും ബന്ധുവീടുകളിലേക്കും മാറ്റിപ്പാര്‍പ്പിച്ചു.

വടകര താലൂക്കിലെ വില്ല്യാപ്പള്ളി കീഴലില്‍ വീടിന് മുന്‍വശത്തെ മതില്‍ പൂര്‍ണമായി തകര്‍ന്നു. ഒഞ്ചിയം വില്ലേജിലെ കണ്ണൂക്കരയില്‍ വീടിന്റെ പിറകുവശത്തെ മതില്‍ ഇടിഞ്ഞുവീണ് ബാത്ത്‌റൂം പൂര്‍ണമായി തകരുകയും വീടിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. ഒഞ്ചിയത്ത് മറ്റൊരു വീടിന്റെ മതിലും പൂര്‍ണമായി തകര്‍ന്നു. വളയം വില്ലേജില്‍ വീടിന്റെ പിറകുവശത്തെ വരാന്ത തകര്‍ന്ന് വീടിന് കേടുപാടുകള്‍ സംഭവിച്ചു. അയഞ്ചേരി വില്ലേജിലെ 15ാം വാര്‍ഡില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് താമസക്കാരെ ബന്ധുവീട്ടിലേക്ക് മാറ്റി. പുറമേരി വില്ലേജിലെ കുനിങ്ങാട് വീടിനോട് ചേര്‍ന്നുള്ള മതിലും തകര്‍ന്നു.

കൊയിലാണ്ടി താലൂക്കിലെ പാലേരി വില്ലേജില്‍ വീടിന് സമീപമുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് വീടിന്റെ തറഭാഗത്ത് വിള്ളല്‍ രൂപപ്പെട്ടതിനാല്‍ താമസക്കാരെ ബന്ധുവീട്ടിലേക്ക് മാറ്റി. കൂരാച്ചുണ്ട് വില്ലേജിലെ കല്ലാനോട് ഭാഗത്ത് വീടിന് മുകളിലേക്ക് മതില്‍ ഇടിഞ്ഞുവീണ് ചുവരും ജനല്‍ച്ചില്ലുകളും തകര്‍ന്നു. പുളിവയല്‍ രണ്ടാം വാര്‍ഡില്‍ വീടിന് പിറകുവശത്ത് മണ്ണിടിച്ചിലുണ്ടായി. തിക്കോടി വില്ലേജില്‍ വീടിനോട് ചേര്‍ന്നുള്ള കിണര്‍ ഇടിഞ്ഞുതാഴുകയും കായണ്ണ വില്ലേജില്‍ ഒരു വീടിന്റെ മേല്‍ക്കൂര തകര്‍ന്നുവീഴുകയും ചെയ്തു. എരവട്ടൂര്‍ വില്ലേജിലെ കല്ലോട് വീടിനു മുകളില്‍ മതില്‍ ഇടിഞ്ഞുവീണു. കല്ലാനോട് 27ാം മൈല്‍ റോഡില്‍ മണ്ണിടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു.

താമരശ്ശേരി താലൂക്കില്‍ രാരോത്ത് വില്ലേജിലെ ചുടലമുക്ക്-ചക്കിക്കാവ് റോഡില്‍ ചെറുപുഴയില്‍ ഒഴുകിയെത്തിയ വലിയ മരം മറ്റൊരു മരത്തില്‍ തങ്ങിനില്‍ക്കുന്നത് സമീപത്തെ തൂക്കുപാലത്തിനും വീടുകള്‍ക്കും ഭീഷണിയായതിനാല്‍ മുക്കം ഫയര്‍ സ്റ്റേഷന്റെ നേതൃത്വത്തില്‍ അടിയന്തര നടപടി സ്വീകരിച്ചു. ഈങ്ങാപ്പുഴ ദേശീയപാതയില്‍ വെള്ളക്കെട്ടിനെ തുടര്‍ന്ന് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.

കോഴിക്കോട് താലൂക്കിലെ ബേപ്പൂര്‍ വില്ലേജിലെ പുഞ്ചപ്പാടം കട്ടക്കാലി വയലില്‍ രണ്ട് വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് താമസക്കാരെ ബന്ധുവീടുകളിലേക്ക് മാറ്റി. കുമാരനെല്ലൂര്‍ വില്ലേജിലെ കല്‍പൂര്‍ അങ്ങാടിയില്‍ വെള്ളം കയറി. കാരശ്ശേരി പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ റോഡിന്റെ വശം ഇടിഞ്ഞു. ചെലവൂര്‍ വില്ലേജിലെ 17ാം വാര്‍ഡില്‍ വീടിന്റെ സംരക്ഷണഭിത്തി തകര്‍ന്നുവീണു. പെരുവയല്‍ വില്ലേജിലെ കായലം ഭാഗത്ത് മതില്‍ തകര്‍ന്നു. താഴക്കോട് വില്ലേജിലെ 13ാം വാര്‍ഡില്‍ വീടിന്റെ തറക്ക് ഭീഷണിയാകുംവിധം ഒരു ഭാഗം ഇടിഞ്ഞുതാഴ്ന്നതിനെ തുടര്‍ന്ന് വീട്ടുകാരെ ബന്ധുവീട്ടിലേക്ക് മാറ്റി. ചാത്തമംഗലം വില്ലേജിലെ മലയമ്മ ഭാഗത്ത് വീടിന്റെ സംരക്ഷണഭിത്തി തകര്‍ന്ന് അപകടാവസ്ഥയിലായതിനാല്‍ കുടുംബത്തോട് ബന്ധുവീട്ടിലേക്ക് മാറാന്‍ നിര്‍ദേശം നല്‍കി.

മഴക്കെടുതികള്‍ നിരീക്ഷിക്കുന്നതിനൊപ്പം അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍നിന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനും ഗതാഗത തടസ്സങ്ങള്‍ നീക്കുന്നതിനുമുള്ള അടിയന്തര നടപടികള്‍ തുടരുകയാണ്.

Share:
  കോഴിക്കോട്:ജില്ലയില്‍ ശക്തമായ മഴയെത്തുടര്‍ന്ന് ആറ് ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചു. 70 കുടുംബങ്ങളില്‍നിന്നുള്ള 207 പേരാണ് ക്യാമ്പുകളിലുള്ളത്. ഇതില്‍ 80 പുരുഷന്മാരും 70 സ്ത്രീകളും 57 കുട്ടികളുമുണ്ട്. വടകര വിലങ്ങാട് പാരിഷ് ഹാളിലെ ദുരിതാശ്വാസ ക്യാമ്പില്‍ 33 കുടുംബങ്ങളിലെ 109 പേരുണ്ട്. താമരശ്ശേരി താലൂക്കില്‍ നാല് ദുരിതാശ്വാസ ക്യാമ്പുകളിലായി 36 കുടുംബങ്ങളിലെ 95 പേരാണ് കഴിയുന്നത്. ജി.യു.പി.എസ് ചെമ്പുകടവില്‍ 25 കുടുംബങ്ങളിലെ 66 പേരും ജി.എച്ച്.എസ്.എസ് പുതുപ്പാടിയില്‍ നാല് കുടുംബങ്ങളിലെ ആറുപേരും ജി.എല്‍.പി.എസ് കളരാന്തിരിയില്‍ ഒരു കുടുംബത്തിലെ...കോഴിക്കോട് ജില്ലയില്‍ ആറ് ദുരിതാശ്വാസ ക്യാമ്പുകളില്‍ 207 പേര്‍