പാണക്കാട് മണ്ണിടിച്ചില്‍: സ്ഥലം ഉടമ ഉന്നത സ്വാധീനമുള്ള വ്യക്തിയുടെ ബിനാമിയെന്ന് സൂചന, അടിമുടി ദുരൂഹത

MTV News 0
Share:

മലപ്പുറം പാണക്കാട് മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലത്തിന്റെ ഉടമയുമായി ബന്ധപ്പെട്ട് അടിമുടി ദുരൂഹത. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി നൗഫല്‍ കടക്കാടന്‍ ഉന്നത സ്വാധീനമുള്ള വ്യക്തിയുടെ ബിനാമിയെന്നാണ് സൂചന. ഉന്നത സ്വാധീനമുള്ള വ്യക്തിക്ക് വേണ്ടി സ്ഥലം വാങ്ങിയത് നൗഫലിന്റെ പേരില്‍ എന്നാണ് റിപ്പോര്‍ട്ട്. മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലത്ത് നിര്‍മ്മിക്കാന്‍ പോകുന്നത് പ്രീമിയം ആയുര്‍വേദ റിസോര്‍ട്ട് ആണെന്നാണ് ലഭിക്കുന്ന വിവരം. പരിസ്ഥിതിലോല മേഖലയില്‍ അനധികൃതമായി നിര്‍മ്മാണം നടത്താനായിരുന്നു ഉദ്ദേശം. മണ്ണെടുപ്പിനും, പാറ പൊട്ടിക്കുന്നതിനും അനുമതി കൊടുത്തതിലും അധികൃതര്‍ക്ക് വീഴ്ച്ച വന്നെന്നാണ് വിവരം. മണ്ണെടുപ്പിനും പാറ പൊട്ടിക്കുന്നതിനുമായി നൗഫല്‍ നഗരസഭയ്ക്കും ജിയോളജി വകുപ്പിനും കൊടുത്ത അഡ്രസിലും അവ്യക്തത നിലനില്‍ക്കുന്നുണ്ട്. 2018ല്‍ മണ്ണിടിച്ചില്‍ ഉണ്ടായപ്പോള്‍ ഈ മേഖലയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവുണ്ടായിരുന്നു. വേങ്ങര കുന്നുംപുറം സ്വദേശിയായ ക്വാറി ഉടമയും സ്ഥലം ഇടപാടില്‍ പങ്കാളിയാണ് എന്നാണ് സൂചന.നൗഫല്‍ കടക്കാടന്റെ പേരില്‍ ഭൂമി രജിസ്റ്റര്‍ ചെയ്തിരുന്നതായുള്ള രേഖകള്‍ ഇന്നലെ പുറത്ത് വന്നിരുന്നു. എന്നാല്‍ ഇയാളെ സംബന്ധിച്ച വിവരത്തിലാണ് ഇപ്പോള്‍ ദുരൂഹത. ഷോപ്പിങ് കോംബ്ലക്‌സിന് വേണ്ടിയായിരുന്നു ഇയാള്‍ അനുമതി തേടിയിരുന്നത്. എന്നാല്‍ പ്രീമിയം ആയുര്‍വേദ റിസോര്‍ട്ടാണ് പണിയുന്നത് എന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. ഇതേ നൗഫലിന്റെ പേരില്‍ തോട്ടശേരിയറ എന്ന മറ്റൊരു അഡ്രസിലും അപേക്ഷ നല്‍കിയിട്ടുണ്ടെന്നതാണ് ദൂരൂഹത വര്‍ദ്ധിപ്പിക്കുന്നത്. നിര്‍മാണ പ്രവര്‍ത്തികള്‍ നിര്‍ത്തി വെക്കണമെന്ന് ഉത്തരവുണ്ടായിട്ടും ഉന്നത രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് നിര്‍മാണം തുടര്‍ന്നത് എന്നാണ് ഉയരുന്ന ആരോപണം.അതേസമയം പ്രദേശത്ത് ഗതാഗതം പുനസ്ഥാപിക്കാനായുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. അയിരക്കണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന മേഖലയില്‍ ഇനിയും മണ്ണിടിച്ചില്‍ ഉണ്ടാകുമോ എന്നതാണ് ആശങ്കയായി നിലനില്‍ക്കുന്നത്. മണിക്കൂറുകളോളം സമയം എടുത്തേ മണ്ണ് നീക്കം ചെയ്യാന്‍ സാധിക്കൂ. മണ്ണ് നീക്കം ചെയ്താലും മണ്ണിടിച്ചില്‍ ഭീഷണി ഒഴിയാത്ത സാഹചര്യത്തില്‍ ഗതാഗതം പുനസ്ഥാപിക്കാന്‍ ജില്ലാഭരണകൂടം അനുമതി നല്‍കുന്നത് വൈകും. എന്നാല്‍ പാറപൊട്ടിക്കാന്‍ അനുമതി നല്‍കിയത് ജിയോളജി വകുപ്പാണെന്നും മണ്ണെടുക്കാന്‍ അനുമതി നല്‍കിതില്‍ നഗരസഭാ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായി എന്നുമാണ് നഗരസഭാ ചെയര്‍പേഴ്‌സണ്‍ നല്‍കുന്ന വിശദീകരണം.