
മഴക്കെടുതി: വീടും സ്ഥലവും നഷ്ടമായവർക്ക് 12 ലക്ഷം; വെള്ളം കയറിയ വീടുകൾക്ക് 10,000 രൂപ: മുഖ്യമന്ത്രി
സംസ്ഥാനത്തെ മഴക്കെടുതിയില്‍ വിവിധ മേഖലകളിൽ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. മരിച്ചവരുടെ കുടുംബത്തിന് 8 ലക്ഷം രൂപ സഹായം നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി. വെള്ളം കയറിയ വീടുകളിലുള്ളവർക്ക് അടിയന്തരമായി 10,000 രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പൂർണമായും കേടുപാടുകള്‍ സംഭവിച്ച വീടുകള്‍ക്ക് 6 ലക്ഷം രൂപയും വീടും സ്ഥലവും നഷ്ടമായവര്‍ക്ക് 12 ലക്ഷം രൂപയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 1882 ഹെക്ടര്‍ ഭൂമിയില്‍ കൃഷിനാശം സംഭവിച്ചെന്നും അതിനായി 6.44 കോടിരൂപ സര്‍ക്കാര്‍ അനുവദിക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തില്‍ പറഞ്ഞു.രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ആര്‍ രാജേഷിന് സംസ്ഥാനത്തിന്റെ ആദരം നല്‍കുമെന്നും രാജേഷിന്റെ പൂര്‍ത്തിയാകാത്ത ഭവനനിര്‍മ്മാണം സര്‍ക്കാര്‍ പൂര്‍ത്തിയാക്കി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 462 ക്യാമ്പുകളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് പ്രധാന ക്യാമ്പുകള്‍. മഴക്കെടുതിയില്‍ സംസ്ഥാനത്ത് 26 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെന്നും 11 പേര്‍ അപകടത്തില്‍പ്പെട്ടെന്നും 4 പേരെയാണ് കാണതായതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.സംസ്ഥാനത്ത് കാലവര്‍ഷ കെടുതിയില്‍ 67.44 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായെന്നാണ് സര്‍ക്കാരിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്. വെള്ളക്കെട്ടില്‍ കഴിയുന്ന ദുരിത ബാധിതര്‍ക്ക് വീട് വാസയോഗ്യമാകുന്നത് വരെ വാടക നല്‍കുമെന്നും ദുരിതബാധിതരുടെ ഒരു കുടുംബത്തിലെ രണ്ട് പേര്‍ക്ക് 300 രൂപ വീതം ദിവസവും നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.തീരപ്രദേശത്ത് കടല്‍ ഭിത്തിയും ജിയോ ബാഗും ഉറപ്പാക്കും. മത്സ്യത്തൊഴിലാളികളുടെ പരാതി പരിഹരിച്ച് പുനര്‍ഗേഹം പദ്ധതി മെച്ചപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയ്ക്ക് മാതൃകയാകുന്ന വിധം അത്യാധുനിക കാലാവസ്ഥാ പ്രവചനം ഉറപ്പാക്കും. നദികളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ പുതിയ പദ്ധതി നടപ്പിലാക്കും. ഇതിനായി ജലസേചന വകുപ്പിന് നിര്‍ദേശം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കൂടാതെ വേമ്പനാട്ട് കായലിലെ മണ്ണും ചെളിയും നീക്കാന്‍ ഡ്രഡ്ജിങ് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. തോട്ടപ്പള്ളിയിലെ പ്രശ്‌നങ്ങള്‍ പരിഹിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി. കേരളത്തിലേക്ക് ഡാം മാനേജ്‌മെന്റ് സിസ്റ്റം കൊണ്ടുവരുമെന്നും അത്യാധുനികമായി കാര്യങ്ങള്‍ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു.മുതലപ്പൊഴി പ്രതിസന്ധിയിലും മുഖ്യമന്ത്രി പ്രതികരിച്ചു. മുതലപ്പൊഴിയില്‍ ദീര്‍ഘകാല നടപടിയുണ്ടാകുമെന്നും അടിയന്തരമായി തീരുമാനം എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
© Copyright - MTV News Kerala 2021





View Comments (0)